യുവാക്കളോട് നീതി കാട്ടണം
text_fieldsയു.എ.പി.എ ചുമത്തി സംസ്ഥാന പൊലീസ് അറസ്റ്റു ചെയ്ത് ഭീകരവാദ കേസുകൾ അന്വേഷിക്കുന്ന എൻ.ഐ.എ എന്ന കേന്ദ്ര ഏജൻസിക്ക് കൈമാറിയ അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ കോളജ് വിദ്യാർഥികൾക്ക് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചത് മനുഷ്യാവകാശപ്രവർത്തകർക്ക്, സമീപകാലത്ത് കേരളത്തിൽനിന്ന് ലഭിച്ച ഏറ്റവും നല്ല വാർത്തയാണ്.
യു.എ.പി.എ എന്ന കരിനിയമം ചുമത്തിയതിെൻറ ഫലമായി എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് നിരവധി കൊല്ലം തുറുങ്കിൽ കഴിയേണ്ടി വന്നവരുണ്ട്. പുറംലോകം തന്നെ മറന്ന് ജയിലിൽ കിടക്കുന്നവരു മുണ്ട്. അങ്ങനെയൊരു ദുര്യോഗത്തിൽനിന്ന് ഈ യുവാക്കൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞത് അവരോട് ആരൊക്കെയോ കടുത്ത അനീതി കാട്ടിയെന്ന് തിരിച്ചറിഞ്ഞ് അവർക്കായി ശബ്ദമുയർത്താൻ ധാരാളം പേർ മുന്നോട്ടുവന്നതുകൊണ്ടാണ്. കോടതിക്കും അത് ബോധ്യപ്പെട്ടു.
അലനും താഹക്കും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ അവർ ഭീകരവാദികളാണെന്ന ആരോപണത്തിന് ഒരു തെളിവും ഹാജരാക്കാൻ അന്വേഷണോദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു ഉയർന്ന ഉദ്യോഗസ്ഥെൻറ അനുമതിയോടെ മാത്രമേ യു.എ.പി.എ വകുപ്പുകൾ ചുമത്താനാകൂ.
തെളിവുകൾ കൂടാതെ ഈ നിയമം പ്രയോഗിക്കാൻ തീരുമാനിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനുള്ള ഉത്തരവാദിത്തം ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. പ്രത്യേകിച്ചും ഒരു ഘട്ടത്തിൽ, ഈ കേസ് യു.എ.പി.എ ചുമത്താൻ പോരുന്ന ഗൗരവമുള്ള ഒന്നല്ലെന്ന് അദ്ദേഹം കേന്ദ്രസർക്കാറിന് കത്തെഴുതിയ സാഹചര്യത്തിൽ.
ആ ഉത്തരവാദിത്തം നിറവേറ്റാൻ മുഖ്യമന്ത്രി തയാറാകാത്തത് അദ്ദേഹത്തിനും പാർട്ടിക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമുള്ളതുകൊണ്ടാകണം. അലനും താഹയും എസ്.എഫ്.ഐയും സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ്. ഏരിയ കമ്മിറ്റി അവർക്കെതിരെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് നടപടിയെടുത്തു. തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി തന്നെ അവർ കുറ്റവാളികളാണെന്ന് ധ്വനിപ്പിക്കുകയും ചെയ്തു.
യു.എ.പി.എക്കെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ നിലപാടെടുത്തിട്ടുണ്ട്. ആ നിലക്ക് ഒരു പോളിറ്റ്ബ്യൂറോ അംഗം നയിക്കുന്ന സർക്കാർ രണ്ട് യുവാക്കൾക്കെതിരെ, അതും പാർട്ടിബന്ധമുള്ള രണ്ടു പേർക്കെതിരെ, ആ നിയമം ചുമത്തിയ സാഹചര്യം പൊതുസമൂഹം വിലയിരുത്തേണ്ടതുണ്ട്. ഈ യുവാക്കളെ അടുത്തറിയാവുന്നവരുടെ സാക്ഷ്യപ്പെടുത്തലിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത് അവർ അന്വേഷണകുതുകികളാണെന്നാണ്. പ്രതീക്ഷിക്കുന്ന തരത്തിലുള്ള മാനസിക കീഴ്പ്പെടൽ ഉണ്ടാകാഞ്ഞതുകൊണ്ടാണോ അവർ നേതാക്കൾക്ക് അനഭിമതരായത്?
പാർട്ടി അംഗത്തിെൻറ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കാനുള്ള അവകാശം പാർട്ടിനേതൃത്വത്തിനുണ്ട്. അലെൻറയും താഹയുടെയും കാര്യത്തിൽ നേതൃത്വം അതിനപ്പുറം പോയി അവരെ ദ്രോഹിക്കാൻ ശ്രമിച്ചു. ഒരു കാലത്ത് കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിെൻറ വിദ്യാർഥി-യുവജനസംഘടനകളിൽ എത്തിയിരുന്നത്, വിപ്ലവം തങ്ങളുടെ ജീവിതകാലത്തുണ്ടാകുമെന്ന വിശ്വാസത്തിൽ അതിൽ ഭാഗഭാക്കാകാൻ കൊതിച്ചവരായിരുന്നു. വിപ്ലവം ഇന്നൊരു വിദൂരസ്വപ്നമാണ്.
അധികാരഘടനയുടെ അവിഭാജ്യഘടകങ്ങളായ പാർട്ടികളിൽ എത്തുന്നവരെ നയിക്കുന്നത് അവ മുന്നോട്ടുവെക്കുന്ന ഉന്നത ആദർശങ്ങളാണോ കേവല ആമാശയ രാഷ്ട്രീയമാണോ എന്നുറപ്പാക്കാനാവില്ല.
ഏെറക്കാലമായി കേരളത്തിലെ യുവജനങ്ങൾ നേരിടുന്ന പ്രശ്നമാണ് തൊഴിലില്ലായ്മ. ഇടക്കാലത്ത് യുവജന സംഘടനകൾ പതിവായി തൊഴിലില്ലായ്മക്കെതിരെ സമരങ്ങൾ നടത്തിയിരുന്നു. ഒരു മുന്നണി ഭരിക്കുമ്പോൾ മറു മുന്നണിയുടെ യുവജനങ്ങൾ സമരം ചെയ്യും. ഭരണം മാറുമ്പോൾ സമരക്കാരും മാറും. യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് രണ്ട് മുന്നണികളും ആയുർദൈർഘ്യം ഉയർന്നിട്ടും സർക്കാറിലെ വിരമിക്കൽപ്രായം പിടിച്ചുനിർത്തിയിരിക്കുന്നത്.
ഇപ്പോൾ പഴയപോലെ തൊഴിലില്ലായ്മവിരുദ്ധ സമരങ്ങൾ ഉണ്ടാകാറില്ല. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണോ എന്നറിയാൻ ഈ ലേഖകൻ ഔദ്യോഗിക കണക്കുകൾ പരിശോധിച്ചു. അവ പുതിയ അറിവ് തന്നു.
സമീപകാലത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരുന്നത് 2012ലാണ്. അക്കൊല്ലം കേരളത്തിൽ 45 ലക്ഷം തൊഴിലന്വേഷകരുണ്ടായിരുന്നു. അഞ്ചു കൊല്ലത്തിൽ അവരുടെ എണ്ണം 35 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലമാണത്. ആ സർക്കാർ എടുത്ത എന്ത് നടപടിയാണ് തൊഴിൽ രംഗം മെച്ചപ്പെടുത്തിയതെന്ന് വ്യക്തമല്ല.
തുടർന്നുള്ള മൂന്നു വർഷക്കാലം തൊഴിലന്വേഷകരുടെ എണ്ണം വീണ്ടും വർധിച്ചു: 2016 ൽ 35.23 ലക്ഷം, 2017ൽ 37.75 ലക്ഷം, 2018ൽ 38.75 ലക്ഷം. ഇത് എൽ.ഡി.എഫ് കാലമാണ്. ഈ സർക്കാർ എടുത്ത എന്തെങ്കിലും നടപടിയാണോ ഈ വർധനവിന് കാരണമെന്നും വ്യക്തമല്ല. സർക്കാർരേഖകളിലൊന്നും 2019ലെ കണക്ക് കണ്ടില്ല. അതിനുശേഷമുള്ള കണക്കുകൾ ഏതായാലും താരതമ്യപഠനത്തിന് പറ്റിയതല്ല. അത് കോവിഡ്കാലമാണ്. ആ കാലത്ത് തൊഴിലില്ലായ്മ തീർച്ചയായും വർധിച്ചിട്ടുണ്ടാകണം. അതിെൻറ ഉത്തരവാദിത്തം സർക്കാറിനുമേൽ ചുമത്താനാവില്ല.
തൊഴിൽരംഗത്തെ രാഷ്ട്രീയ ഇടപെടലുകൾ സംബന്ധിച്ച് സമീപകാലത്ത് പുറത്തുവന്ന ചില വിവരങ്ങൾ കൂടി ഇവിടെ പരാമർശമർഹിക്കുന്നു. കേരള സർവകലാശാലയിൽ അസിസ്റ്റൻറുമാരായി നിയമിക്കപ്പെട്ട മുന്നൂറോളം പേരിൽ പകുതിയോളം ഒരു രാഷ്ട്രീയകക്ഷിയുമായോ അതിെൻറ പോഷകസംഘടനകളുമായോ ബന്ധമുള്ളവരായിരുന്നു. ഇത് സംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടക്കുമ്പോൾ ജോലിക്കായി മത്സരപ്പരീക്ഷ എഴുതിയ 40,000ത്തിൽപരം പേരുടെ ഉത്തരക്കടലാസുകൾ കാണാനില്ലായിരുന്നു. അതൊരു യാദൃച്ഛികതയായി സാമാന്യബുദ്ധിയുള്ള ആർക്കും കരുതാനാവില്ല.
ഒരു കാമ്പസ് അക്രമസംഭവത്തിെൻറ അന്വേഷണത്തിനിടയിൽ അറസ്റ്റു ചെയ്യപ്പെട്ട രണ്ടുപേർ സിവിൽ പൊലീസ് ഒാഫിസർമാരുടെ നിയമനത്തിനായി പി.എസ്.സി തയാറാക്കിയ ലിസ്റ്റിൽ ഉയർന്ന റാങ്കുള്ളവരായിരുന്നു. അതിലൊരാളുടെ വീട് പരിശോധിച്ചപ്പോൾ പൊലീസ് കണ്ടെടുത്ത വസ്തുക്കളിൽ സർവകലാശാലയുടെ സീലും ബ്ലാങ്ക് ഉത്തരക്കടലാസുകളും ഉണ്ടായിരുന്നത്രെ.
ഈ സംഭവങ്ങളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നത് സി.പി.എമ്മോ പോഷക സംഘടനകളോ ആയിരുന്നു. അണികളെ സംരക്ഷിക്കുന്നതിനെ രാഷ്ട്രീയത്തിെൻറ ഭാഗമായി കാണാം. എന്നാൽ, മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ട് അത് ചെയ്യുന്നത് അനുവദനീയമായ രാഷ്ട്രീയപ്രവർത്തനമല്ല.
ഓരോ ഫയലിലും ഓരോ ജീവനുണ്ടെന്ന് പിണറായി വിജയൻ അധികാരമേറ്റപ്പോൾ പറയുകയുണ്ടായി. മത്സരപ്പരീക്ഷകളുടെ ഉത്തരക്കടലാസ് കെട്ടിൽ ഒന്നല്ല, പതിനായിരക്കണക്കിന് ജീവനുകളാണുള്ളത്. ഈയിടെയുണ്ടായ ഒരു ആത്മഹത്യ അതിെൻറ ഓർമപ്പെടുത്തലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.