വെറുപ്പിനെ പ്രതിരോധിക്കുന്ന സ്നേഹനർത്തകർ
text_fieldsഒരാഴ്ചയായി കേരളത്തിെൻറ കാമ്പസുകളിലും പുറത്തും കാണുന്ന കാഴ്ച ആനന്ദകരമാണ്. ബോണി എമ്മിെൻറ റാ റാ റാസ്പുടിൻ എന്ന ഗാനത്തിനൊപ്പം ചടുലമായി നൃത്തംചെയ്യുന്ന ആൺകുട്ടികെളയും പെൺകുട്ടികെളയും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനു കാരണമായിമാറിയത് തൃശൂർ മെഡിക്കൽ കോളജിലെ നവീൻ റസാഖ്, ജാനകി ഓംകാർ എന്നീ രണ്ടു വിദ്യാർഥികളാണ്. ഈ പോപ്പ്സംഗീതത്തോടൊപ്പമുള്ള ജാനകിയുടെയും നവീനിെൻറയും 30 സെക്കൻഡ് ഡാൻസ് വൈറൽ ആയതിനു തൊട്ടുപിറകെ ഹിന്ദുത്വവർഗീയ വിഷം ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരു അഡ്വക്കറ്റ് വെറുപ്പിെൻറ വിത്തുകൾ വിതക്കാമെന്ന വ്യാമോഹത്തോടെ സമൂഹമാധ്യമത്തിൽ പോസ്റ്റിടുന്നതോടുകൂടിയാണ് ഒട്ടേറെ വിദ്യാർഥികൾ അതിനോട് നൃത്തം ചെയ്തുകൊണ്ടു തന്നെ പ്രതികരിച്ചത്. നവീെൻറ രണ്ടാം പേര് റസാഖ് എന്നതാണ് ഹിന്ദുത്വ വർഗീയവികാരത്തിനടിപ്പെട്ടുപോയ വക്കീലിനെ അസഹിഷ്ണുവാക്കിയത്. പയ്യെൻറ പേരിൽ എന്തോ പന്തികേടുണ്ടെന്നും ജാനകിയുടെ അച്ഛനും അമ്മയും സൂക്ഷിക്കണമെന്നുമായിരുന്നു ഓർമപ്പെടുത്തൽ. സൂക്ഷിച്ചാൽ ദുഃഖിേക്കണ്ട എന്ന ഉപദേശവും.
ഒന്നാമതായി, ഈ വിധം പറയുന്ന അഡ്വക്കറ്റിെൻറ മാനസികചിന്തകളിൽ ലൈംഗിക സദാചാര വൈകൃതങ്ങളുണ്ട്. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് നൃത്തംചെയ്താൽ, തോളിൽ കൈവെച്ചു നിന്നാൽ, അടുത്തിരുന്നാൽ അതൊക്കെ േപ്രമമോ നടക്കാനിരിക്കുന്ന വിവാഹമോ ഒളിച്ചോട്ടമോ ഒക്കെയായി കാണുന്ന കാഴ്ച വളരെയധികം അപകടകരമാണ്. ഇന്നത്തെ കുട്ടികളെ അറിയാനും മനസ്സിലാക്കാനുമുള്ള കഴിവ് ഇടുങ്ങിയ മനസ്സുള്ളവർക്കുണ്ടാവില്ല. എന്നാൽ അവരാണ് ഇന്നാട്ടിൽ സദാചാര പൊലീസിങ്ങിന് ആഹ്വാനം നൽകുന്നതും ലിംഗസമത്വെത്തയും അവകാശങ്ങെളയും മാനവികസാഹോദര്യത്തെ തന്നെയും തകർത്ത് നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ അക്രമവും ഭയവും വിതക്കുന്നതും.
രണ്ടാമതായി, ഈ ഉപദേശം നൽകാൻ കൃഷ്ണരാജിന് ധൈര്യം നൽകുന്നത് രാജ്യത്ത് ഹിന്ദുത്വ സംഘടനകളും സർക്കാറുകളും നുണപ്രചാരണത്തിലൂടെ സൃഷ്ടിച്ചുവെച്ചിട്ടുള്ള 'ലവ് ജിഹാദ്' എന്ന വ്യാജ നിർമിതിയാണ്. രാജ്യത്ത് മുസ്ലിംസമുദായത്തെ ഒറ്റപ്പെടുത്താനും ഹിന്ദു-മുസ്ലിംവേർതിരിവ് ശക്തമാക്കാനുംവേണ്ടി സൃഷ്ടിച്ചിട്ടുള്ള നുണപ്രചാരണത്തിെൻറ വലിയ വക്താവായിട്ടാണ് അഡ്വക്കറ്റ് സംസാരിക്കുന്നത്. ഹിന്ദുത്വ സംഘ്പരിവാറിനോടൊപ്പം നിൽക്കാത്ത ഹിന്ദുക്കളെ ഭയപ്പെടുത്തി കൂടെ ചേർക്കാനും ഞങ്ങൾ നിങ്ങൾക്ക് സുരക്ഷിതത്വം നൽകാം എന്ന് വിശ്വസിപ്പിക്കാനുമുള്ള തന്ത്രമാണിത്. 'ലവ് ജിഹാദി'നെതിരെ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങൾ നിയമനിർമാണങ്ങൾ നടത്തുന്നത് അതിനുവേണ്ടിയാണ്. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനിറക്കിയ ബി.ജെ.പിയുടെ മാനിഫെസ്റ്റോയിലുമുണ്ടായിരുന്നു ഈ വാഗ്ദാനം. ഇത്തരം പ്രചാരണങ്ങളും നിയമങ്ങളും ഉണ്ടാകുമ്പോൾ സാധാരണ നിലയിൽ വീട്ടുകാർ ഭയക്കുകയും പെൺകുട്ടികളെ നിയന്ത്രിച്ചു നിർത്താനൊരുങ്ങുകയും ചെയ്യും.
എന്തായാലും ഈ അസഹിഷ്ണുതക്കെതിരെ നവീനും ജാനകിയും വീണ്ടുംഒരുമിച്ച് മറ്റൊരു നൃത്തം ചെയ്തുകൊണ്ടാണ് മതാതീതമായ മനുഷ്യസ്നേഹവും സൗഹൃദവും സാഹോദര്യവും നാടിനു മുന്നിൽ സർഗാത്മകമായി പ്രദർശിപ്പിച്ചത്. ജാനകിയോടും നവീനിനോടുമൊപ്പം തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് പിന്നെയും അതേ റാ റാ റാസ്പുടിൻ സംഗീതത്തിനൊപ്പം നൃത്തം ചെയ്തു. കേരളത്തിൽ മുസ്ലിംകളോടുള്ള വെറുപ്പ് പടർത്താൻ ശ്രമിക്കുന്ന ഹിന്ദുത്വ പ്രചാരണങ്ങൾക്കു നേരെയുള്ള മനോഹരവും ശക്തവുമായ പ്രതിരോധനൃത്തങ്ങൾ വിദ്യാർഥികൾ ഒരു മുന്നേറ്റമായി ഏറ്റെടുത്തുകഴിഞ്ഞു. കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ നിന്നും പാലക്കാട് മെഡിക്കൽ കോളജിൽ നിന്നുമുള്ള വിദ്യാർഥികളുടെ പ്രതിഷേധ നൃത്തങ്ങൾ ഇതിനകം കേരളം കണ്ടുകഴിഞ്ഞു. ഇത് അവസാനിക്കുന്നില്ല. ഒരു നാളും അവസാനിക്കുകയുമരുത്.
കേരളത്തിൽ ഇപ്പോഴും ബി.ജെ.പിക്ക് ഭരണത്തിലേക്ക് വളരാൻ പറ്റാതിരിക്കുന്നതിെൻറ ചരിത്രപരമായ കാരണങ്ങളിൽ നമ്മുടെ നവോത്ഥാന മുന്നേറ്റങ്ങൾക്കുള്ള പങ്ക് എത്രയോ വലുതാണ്. മിശ്രവിവാഹങ്ങൾ േപ്രാത്സാഹിപ്പിച്ചും നടത്തിയും േപ്രമത്തെ അടിസ്ഥാനമാക്കിയ വിവാഹസങ്കൽപങ്ങൾ ചർച്ച ചെയ്തുകൊണ്ടും സഹോദരൻ അയ്യപ്പനും പാർവതി അയ്യപ്പനും മുന്നിൽ നിന്ന് നയിച്ച സവിശേഷ മുന്നേറ്റങ്ങൾ നമ്മളോർക്കണം. ഇക്കാലത്തേക്ക് ഇനിയും വിപ്ലവകരമായി വളർത്തിയെടുക്കേണ്ട പുത്തൻ നവോത്ഥാനപ്രവർത്തനങ്ങളിൽ വലിയ വ്യക്തതയോടുകൂടി നാം പ്രണയെത്തയും വിവാഹെത്തയും സ്ത്രീ പുരുഷ സൗഹൃദങ്ങെളയും പൊതുമണ്ഡലത്തിൽ ഒന്നിച്ചുള്ള കലാ സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസപ്രവർത്തനങ്ങെളയും ഉൾക്കൊള്ളണം. മതവും ജാതിയുമാകരുത് നമുക്ക് പരസ്പരം സ്നേഹിക്കാനുള്ള അടിസ്ഥാന മാനദണ്ഡം; മനുഷ്യരെന്ന നിലയിലുള്ള പരസ്പര ചേർച്ചകളും തിരിച്ചറിവുകളും സ്നേഹവും ഒരുമിച്ച് മുന്നോട്ടു പോകാനുള്ള േപ്രരണകളാണ്.
ഹിന്ദുത്വത്തെ പ്രതിരോധിക്കാൻ രാജ്യമാകെ നടക്കേണ്ട ഒരു വലിയ സമരം മിശ്രവിവാഹങ്ങളാണെന്ന് ഞാൻ കരുതുന്നു. കേരളത്തിൽ ഹിന്ദുത്വശക്തികളുടെ നുണപ്രചാരണങ്ങെളയും അസഹിഷ്ണുതെയയും ഭീഷണികെളയും നേരിടാനും ഇല്ലാതാക്കാനുമായി ഹിന്ദു-മുസ്ലിം സൗഹൃദങ്ങൾ, പ്രണയങ്ങൾ തന്നെയും ധാരാളമായി പൊതുമണ്ഡലത്തിൽ ദൃശ്യമാക്കാനുള്ള ഉത്തരവാദിത്തം കല, സാഹിത്യ, സിനിമ, സാംസ്കാരികപ്രവർത്തകർക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കുമുണ്ട്. രണ്ടാം നവോത്ഥാനത്തിനുണ്ടായിരിക്കേണ്ട ഉള്ളടക്കത്തിൽ അത്രയധികം പ്രാധാന്യം നാം സ്നേഹത്തിന്, േപ്രമത്തിന് അതുവഴി സാമൂഹിക ആനന്ദത്തിന് നൽകണം. നമ്മുടെ കുട്ടികൾ ജാതിക്കും മതത്തിനും അതീതരായി മനുഷ്യരായി വളർന്നുവരാൻ അതാവശ്യമുണ്ട്.
ജാനകിയും നവീനും അവരുടെ നൃത്തവും സൗഹൃദവും സ്നേഹവും വർഗീയ വിഷലിപ്ത മനസ്സുള്ളവരെ വിറളി പിടിപ്പിക്കട്ടെ. സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും സർഗാത്മകപ്രകടനങ്ങളിൽ സൗന്ദര്യവും ആനന്ദോല്ലാസവുമുണ്ട്. എന്തായാലും എനിക്ക് കാമ്പസുകളിലെ വിദ്യാർഥികളിൽ പ്രതീക്ഷയുണ്ട്. ഇപ്പോഴവർക്ക് കിട്ടിയിരിക്കുന്നത് നല്ല മനുഷ്യരായി, ധീരരായി വളരാനുള്ള ഏറ്റവും നല്ല അവസരമാണ്. 'ലവ് ജിഹാദ്' ഉണ്ട് എന്ന് കള്ളപ്രചാരണം നടത്തുന്ന ഹിന്ദുത്വഫാഷിസത്തിനു നേരെയുള്ള വലിയ പ്രതിരോധ മുന്നേറ്റമായി വിദ്യാർഥികളുടെ സ്നേഹനൃത്തങ്ങൾക്ക് പുതിയ മാനങ്ങളിലേക്ക് ഇനിയും മുന്നേറാനാവും. നമ്മുടെ കുട്ടികളുടെ നൃത്തം കണ്ട് ആനന്ദിക്കുന്നവരേ, മുതിർന്നവർക്കും അവർക്കൊപ്പം ചേർന്ന് സ്നേഹനൃത്തമാടാം. വർഗീയ വെറുപ്പിനെ സ്നേഹംകൊണ്ട് പ്രതിരോധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.