ഹൃദയശൂന്യ ഭരണകൂടവും ഹൃദയം തകർന്ന ജനതയും
text_fieldsഇന്ത്യയിലെ ജനങ്ങൾ കോവിഡ് വൈറസ് ബാധയുടെയും മരണത്തിെൻറയും മുമ്പിൽ അരക്ഷിതരായും പകച്ചും ഭയന്നും നിൽക്കുന്നത് ലോകം മുഴുവൻ കാണുകയാണിന്ന്. പക്ഷേ നമ്മുടെ കേന്ദ്രഭരണാധികാരികൾക്ക് ഇപ്പോഴും ഇതൊന്നും കണ്ണുതുറന്നു കാണാനുള്ള താൽപര്യമോ കനിവോ ബുദ്ധിയോ ഉള്ളതായി തോന്നുന്നില്ല. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നിരിക്കുന്നു. മരണങ്ങൾ രണ്ടു ലക്ഷത്തോളമെത്തിനിൽക്കുന്നു.
വരുംദിവസങ്ങൾ കാണാൻ പോകുന്നത് അതിതീവ്ര രോഗപ്പകർച്ചയും മരണങ്ങളുമാണെന്ന് നമുക്കറിയാം. ചികിത്സിക്കാൻ ആശുപത്രികളും ശ്വാസംകൊടുക്കാൻ ഓക്സിജനുമില്ലെന്ന യാഥാർഥ്യത്തിനുനേരെ ജനങ്ങൾ നിസ്സഹായമായി നിലവിളിക്കുകയാണ്. മൃതദേഹങ്ങൾ കൊണ്ടുപോകാൻ ആംബുലൻസുകളില്ലാതെ കാറിനു മുകളിൽകെട്ടിവെച്ചുകൊണ്ടുപോകുന്ന കാഴ്ചകൾ.
ദഹിപ്പിക്കാനായി ബന്ധുക്കൾ കാത്തിരിക്കുന്ന നടുക്കങ്ങൾ. ഈ ഭയവും ദയനീയതയും അരക്ഷിതത്വവും കേന്ദ്ര സർക്കാറിെൻറ സൃഷ്ടിയാണ്. കോവിഡിനെ പ്രതിരോധിക്കാനെന്നപേരിൽ തുടങ്ങിയ പി.എം.കെയറിലെ ഫണ്ടിെൻറ വിവരങ്ങൾ പാർലമെൻറിൽപോലും പറയാൻ തയാറല്ലാത്ത ഒരു സർക്കാർ തീർച്ചയായും ഈ രാജ്യത്തെ സാമാന്യ ജനങ്ങൾക്കുവേണ്ടിയുള്ളതല്ല.
കോവിഡിെൻറ രണ്ടാംതരംഗം ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുണ്ടായിട്ടും ഒരുവിധ ഒരുക്കങ്ങളും നടത്താതെ കോടികൾ മുടക്കി പ്രതിമ നിർമിക്കുന്നതിെൻറയും പുതിയ പാർലമെൻറ്മന്ദിരത്തിനും രാമക്ഷേത്രത്തിനും ആഘോഷപൂർവം കല്ലിടുന്നതിെൻറയും തിരക്കിലായിരുന്നു സർക്കാർ. രാജ്യത്തിെൻറ കൃഷിഭൂമിയടക്കം ചങ്ങാത്ത മുതലാളിമാരുടെ കാൽചുവട്ടിലൊതുങ്ങാനുതകുന്ന നിയമങ്ങളുണ്ടാക്കാനായിരുന്നു തിടുക്കം. ഇതിനിടയിൽ വാക്സിൻ നിർമിച്ചു. അതോടെ കോവിഡിനെ ഇന്ത്യ പ്രതിരോധിച്ചു എന്ന പ്രധാനമന്ത്രിയുടെ ഗീർവാണങ്ങളുയർന്നു.
പക്ഷേ, ജനങ്ങൾക്ക് സമയത്തിന് ലഭിക്കാത്തിടത്തോളം വാക്സിൻ നിർമിച്ചത്കൊണ്ട് എന്താണ്ഗുണം? പ്രധാനമന്ത്രിക്കും അവരുടെ പാർട്ടിക്കും വലിയ ഗുണമുണ്ടായിട്ടുണ്ടാവാം. കാരണം, വാക്സിൻ വിതരണം വൈകിച്ചതിെൻറ കാരണം ഇപ്പോൾ നമുക്ക് വ്യക്തമാണ്. കേന്ദ്ര സർക്കാറിെൻറ വാക്സിൻ നയം കോവിഡിൽ ദുരിതമനുഭവിക്കുന്ന രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയല്ല, മരുന്നു കമ്പനികൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ വേണ്ടിയാണ്. വാക്സിൻ ഗവേഷണ ധനസഹായവും ലോണും കേന്ദ്ര സർക്കാർ നൽകിയിരുന്നു. എന്നിട്ടും വിലനിശ്ചയിക്കാൻ അവകാശം മരുന്നു കമ്പനികൾക്ക് കൊടുത്തു. അമ്പതു ശതമാനം വാക്സിൻ അവർ തീരുമാനിക്കുന്ന വിലക്ക് വിൽക്കാം.
ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ മേനി നടിക്കാനും തെൻറ നേതൃത്വത്തിൽ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഭരണം ഗംഭീരമാണെന്ന ഇമേജുണ്ടാക്കാനുമുള്ള നാട്യങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ജനാധിപത്യത്തെ വെറുക്കുന്ന ശാസ്ത്രവിരോധിയും അന്ധവിശ്വാസിയുമായ ഡോണൾഡ് ട്രംപിെൻറ പുകഴ്ത്തലും കൂട്ടും അതിന് സഹായകരമായി. രാജ്യത്തു നിർമിച്ച വാക്സിൻ ഇന്ത്യയിലെ ജനങ്ങളെ കഴിയുന്നത്ര സുരക്ഷിതമാക്കാൻ ഉപയോഗിക്കാതെ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്തത് ഈ വ്യാജനിർമിതിക്കും പ്രശസ്തിക്കും വേണ്ടിയാണ്.
സ്വന്തം രാജ്യത്ത് ശ്വാസംകിട്ടാതെ കോവിഡ് രോഗികൾ പിടഞ്ഞുമരിക്കാൻ പോകുന്ന കാഴ്ചകൾ ഈ ഭരണകൂടത്തിെൻറ പരിഗണനയുടെ ഏഴയലത്തുപോലും വന്നില്ല. ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി ഓക്സിജൻ കരുതൽ ഉണ്ടാക്കാതെ ഓക്സിജൻ കയറ്റിയയക്കുകയായിരുന്നു. ഇന്നിപ്പോൾ മനസ്സാക്ഷിയും മനുഷ്യത്വവുമുള്ള ലോകരാഷ്ട്ര നേതാക്കൾ ഇന്ത്യക്ക് അവരുടെ വാക്സിനും ഓക്സിജൻ പ്ലാൻറുകളും നൽകിക്കൊണ്ടിരിക്കുകയാണ്. അപ്പോഴേക്കും കുറെ മനുഷ്യർ പിടഞ്ഞുമരിച്ചുകഴിഞ്ഞിരിക്കുന്നു. കെട്ടിപ്പൊക്കിക്കൊണ്ടുവന്ന സ്വന്തം ഇമേജ് തകർന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇപ്പോൾ ഗ്ലാനി തോന്നുന്നുണ്ടാവും.
കോവിഡ് വാക്സിൻ സ്വന്തം ജനതക്ക് സൗജന്യമായി നൽകാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം ഈ ഘട്ടത്തിൽപോലും കേന്ദ്ര സർക്കാർ പ്രകടിപ്പിക്കുന്നില്ല. മോദി സർക്കാറിെൻറ നോട്ടു നിരോധനവും ജി.എസ്.ടി പരിഷ്കാരങ്ങളും ഒരു വർഷത്തിലേറെയായി തുടരുന്ന കോവിഡ് പ്രതിസന്ധിയും മൂലം സാമ്പത്തികരംഗം അമ്പേ തകർന്നുകിടക്കുന്ന സംസ്ഥാന സർക്കാറുകൾ വാക്സിനേഷൻ ചെലവ് വഹിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആരെയാണ് കേന്ദ്രസർക്കാർ ഈ വിധം വെല്ലുവിളിക്കുന്നത്? കോവിഡ് മൂലം അർധ പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ കോടിക്കണക്കിനായ ഇന്ത്യക്കാരെയോ?
ബി.ജെ.പി ഭരണത്തിലില്ലാത്ത സംസ്ഥാന സർക്കാറുകളോട് കോവിഡ് മരണകാലത്തും പ്രതികാരബുദ്ധിയോടെയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. സംഘ്പരിവാർ വിചാരധാരയുടെ പ്രഖ്യാപിത ശത്രുക്കളായ മുസ്ലിംകൾ മാത്രമല്ല, ദരിദ്രരും ജനാധിപത്യത്തിൽ വിശ്വസിച്ച് പ്രവർത്തിക്കുന്ന മറ്റു രാഷ്ട്രീയ പാർട്ടികളും അവരുടെ സർക്കാറുകളും ഇന്ത്യയിൽ ആവശ്യമില്ല എന്നാണിപ്പോൾ ഫാഷിസ്റ്റ് ഭീകര ഭരണകൂടത്തിെൻറ മനസ്സിലിരിപ്പ്.
2020 മാർച്ച് 20നാണ്പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിെൻറ കോവിഡ് കാല സവിശേഷ ഫാൻസി ഡ്രസ് പ്രകടനങ്ങൾ തുടങ്ങിയത്. കിണ്ണംകൊട്ടിയും വിളക്കുതെളിയിച്ചും ഗായത്രിചൊല്ലിയും താടി നീട്ടിയും നാടകീയ ശബ്ദത്തിൽ രാഷ്ട്രത്തോട് പ്രസംഗിച്ചും ടാഗോറാണെന്നും ശിവജിയാണെന്നും സങ്കൽപരഥത്തിലേറിയും കിരീടംവെച്ച് രാമക്ഷേത്രത്തിന് തറക്കല്ലിട്ടും ഫിഡിൽ വായിച്ചും മയിലിനെ തഴുകിയും ഫോട്ടോക്ക് പോസ്ചെയ്ത്, മഹാത്മാ ഗാന്ധിയുടെ ചർക്കയുടെ മുന്നിലിരുന്ന് കോൺഗ്രസ് പ്രസ്ഥാനത്തെത്തന്നെ പരിഹസിച്ചും ഗാന്ധിവധത്തെ തമസ്കരിച്ചും ഇദ്ദേഹം പ്രധാനമന്ത്രിപദം നിറഞ്ഞാസ്വദിക്കുകയായിരുന്നു.
കോവിഡ് കഴിഞ്ഞാൽ പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്ന ഭീഷണികളിലൂടെയും അന്നമുൽപാദിപ്പിക്കുന്ന കർഷകരെ മുഴുവൻ തെരുവിലിരുത്തി മരണത്തിനു വിട്ടുകൊടുത്തും രസിക്കുന്ന ക്രൂരവിനോദ സംഘത്തിനു കീഴിൽ ഇന്ത്യയും അതിെൻറ ജനങ്ങളും ഈ കോവിഡ് കാലത്ത് അതിജീവിക്കാൻ എത്രയധികമാണ് പാടുപെടുന്നത്! ലക്ഷങ്ങളെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പുറാലികളും ദശലക്ഷങ്ങളെ പങ്കെടുപ്പിച്ച് കുംഭമേളയും നടത്തിയും സുപ്രീംകോടതിയെപ്പോലും പ്രീണിപ്പിച്ചും പൊതുമുതൽ അതിസമ്പന്ന ചങ്ങാതിമുതലാളിമാർക്ക് വിറ്റുമുടിച്ചും മുന്നേറുന്ന ഈ സർക്കാറിൽ നിന്ന് ജനക്ഷേമമോ ആരോഗ്യസുരക്ഷയോ കോവിഡ് പ്രതിരോധമോ തുടർന്നു പ്രതീക്ഷിക്കാനാവുകയില്ല. അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് കേന്ദ്ര സർക്കാറിനുമേലുള്ള സമ്മർദങ്ങളും നിർദേശങ്ങളും മാത്രമായിരിക്കും നമ്മുടെ സഹായത്തിനുണ്ടാവുക.
ആദ്യത്തെ ലോക്ഡൗണിൽ കുടിയേറ്റ ത്തൊഴിലാളികളോട് ചെയ്തത് എന്താണെന്ന് രാജ്യം കണ്ടതാണ്. ഇപ്പോൾ കോവിഡ് ബാധിച്ച പൗരന്മാരോട് ചെയ്യുന്നതും കണ്ടുകൊണ്ടിരിക്കുകയാണ്. ഫെഡറൽ വ്യവസ്ഥയെ അട്ടിമറിച്ച് എല്ലാ അവകാശങ്ങളും കവർന്നെടുക്കുമ്പോഴും കോവിഡ് പ്രതിരോധിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങളെ ഏൽപിക്കുന്നത് തികഞ്ഞ കുറ്റകൃത്യമാണ്.
വിദേശരാജ്യങ്ങൾക്ക് വിൽക്കുന്ന വിലയേക്കാൾ കൂടുതൽ പണം നൽകി സംസ്ഥാനങ്ങൾ മരുന്നു കമ്പനിക്കാരിൽനിന്ന് വാക്സിൻ വാങ്ങേണ്ടിവരുന്നത് അതുകൊണ്ടു മാത്രമാണ്. എന്തിനാണ് രാജ്യത്ത് ഇങ്ങനെയുള്ള കേന്ദ്രസർക്കാർ എന്ന് ജനങ്ങൾ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ജനങ്ങളുടെ മുൻകൈയിൽ നടക്കുന്ന വാക്സിൻ ചാലഞ്ച് അതിെൻറ വലിയ പ്രകടനമാണ്. കേന്ദ്രസർക്കാറിെൻറ ഹൃദയശൂന്യമായ വാക്സിൻ നയത്തിനെതിരായ പ്രതിഷേധമാണത്.
ആവശ്യപ്പെട്ട ഓക്സിജൻ നൽകാതെ ഡൽഹിയോട് പക്ഷപാതപരമായ നിലപാട്കാണിക്കുന്നതും നമ്മൾ കണ്ടു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന കിട്ടുന്നതും അല്ലാത്ത സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നതും കോവിഡിനെ രാഷ്ട്രീയവത്കരിക്കലാണ്. ഇന്ത്യൻ ജനതക്ക് താങ്ങാനാവാത്ത ഭാരമാണ് ഈ ഫാൻസിഡ്രസ് പ്രധാനമന്ത്രിയുടെ കേന്ദ്രസർക്കാർ. ഈ അനാവശ്യഭാരമാണ് കോവിഡിനേക്കാൾ ഇന്ന് ഇന്ത്യയെ ശ്വാസംമുട്ടിച്ച് കൊല്ലുന്നത്.
ഈ ഘട്ടത്തിൽ രാജ്യത്തിെൻറ രക്ഷക്കായി ഇന്ത്യയിലെ പ്രതിപക്ഷത്തിെൻറ കൂട്ടായ ശബ്ദം കേൾക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഒറ്റപ്പെട്ട ഉറച്ച പ്രതിഷേധ ശബ്ദം തീർച്ചയായും മുഴങ്ങുന്നുണ്ട്. പക്ഷേ, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പു വരുമ്പോഴേക്കും ജനങ്ങൾക്ക് എന്താണ് കോൺഗ്രസ് പാർട്ടിയും മറ്റു പ്രതിപക്ഷ പാർട്ടികളും കൊടുക്കാൻ പോകുന്ന ജനാധിപത്യത്തിെൻറ സാധ്യതകൾ? സാമൂഹിക രാഷ്ട്രീയ ചിന്തകർ ഈ കോവിഡ് കാലത്ത് ഈ ആലോചനകളിലും ആശങ്കകളിലുംകൂടി അകപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.