പ്രണയത്തിെൻറ രാഷ്ട്രീയം ഇന്നത്തെ ഇന്ത്യയിൽ
text_fieldsകർഷകരുടെ നിലനിൽപിനെ ഇല്ലാതാക്കുന്ന നിയമത്തിനെതിരെ പ്രായവും ശൈത്യവും കോവിഡും വകവെക്കാതെ പ്രക്ഷോഭത്തിനിറങ്ങിയ മനുഷ്യർ രാജ്യസ്നേഹത്തിെൻറയും മനുഷ്യസ്നേഹത്തിേൻറയും ഏറ്റവും വലിയ മാതൃകയാണ്. ഭരണകൂടത്തിെൻറ രാജ്യേദ്രാഹ/ജനേദ്രാഹ നിയമത്തെയാണവർ എതിർത്തു തോൽപിക്കാനിറങ്ങിയിരിക്കുന്നത്. അവർ ഭരണകൂട ഭീകരതയെ ഭയക്കുന്നില്ല. സമാനമായി, ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയാധികാര ശാസനങ്ങളെ ഭയക്കാതെ പരസ്പരം സ്നേഹിക്കുന്ന പ്രണയികളും രാജ്യത്തിനുമുന്നിൽ മാതൃകകളാണ്. ഇന്ത്യൻഭരണഘടനയും മതനിരപേക്ഷതയും ജനാധിപത്യ പൗരാവകാശങ്ങളും ഇന്ത്യയിൽ നിലനിർത്തുന്നതിൽ സ്വന്തം ജീവിതം കൊണ്ടും തെരഞ്ഞെടുപ്പുകൊണ്ടും വലിയ സംഭാവന നൽകുന്നവരാണ്.
'ലവ് ജിഹാദ്' എന്ന് പേരിട്ട് ഹിന്ദു-മുസ്ലിം പ്രണയങ്ങളെ ഭീഷണിപ്പെടുത്താനും തടയാനും ശിക്ഷിക്കാനും ഉത്തർപ്രദേശ് സംസ്ഥാനം മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നതിനെതിരെ രാജ്യമാകെ പ്രതിഷേധമുയരേണ്ടതുണ്ട്. ഭരണഘടനവിരുദ്ധമായി ഒരു നിയമമുണ്ടാക്കുകയും ആ നിയമം കൈയിലെടുത്ത് സംഘ്പരിവാർ ഗുണ്ടകൾ ഉത്തർപ്രദേശിൽ ഹിന്ദു-മുസ്ലിം ദമ്പതികളെ വേട്ടയാടുകയും അവരെ വേർപിരിക്കുകയും ചെയ്തിരിക്കുന്നു. പുരുഷൻ ജയിലിലടക്കപ്പെട്ടു കഴിഞ്ഞു. വേട്ടക്കാർക്കിടയിൽ പെട്ടുപോയ മൂന്നുമാസം ഗർഭിണിയായ അദ്ദേഹത്തിെൻറ ഭാര്യ രക്തസ്രാവം വന്ന് ആശുപത്രിയിലാണ്. പ്രണയത്തിൽ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഈ രാജ്യത്തെ മുഴുവൻ മനുഷ്യരും ഈ മനുഷ്യവിരുദ്ധ നിയമത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ട്. ഈ നിയമം പിൻവലിപ്പിക്കാൻ നിയമപരമായ മാർഗവും കൈക്കൊള്ളണം.
2002ൽ ഗുജറാത്തിൽ മുസ്ലിം വംശഹത്യ നടത്തിയ സംഘ്പരിവാർ പുറത്തിറക്കിയ ഒരു ലഘുലേഖയുണ്ടായിരുന്നു. അതിൽ അവർ ഹിന്ദുമതക്കാരായ ചെറുപ്പക്കാരോട് ചെയ്യരുതെന്ന് വിലക്കുന്ന പല കൽപനകളിൽ ഒന്ന് ഹിന്ദുക്കളായ യുവതീയുവാക്കൾ മുസ്ലിം സമുദായത്തിലുള്ളവരെ പ്രണയിക്കരുത് എന്നതാണ്. ആ ദിവസങ്ങളിലൊന്നിൽ ഒരു സംഘം ആൺകുട്ടികൾ എന്നെ കാണാൻ വീട്ടിലേക്ക് വന്നു. കേരളയൂനിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികളാണ്. അന്ന് മുന്നിലിരുന്ന ഓരോ ആൺകുട്ടിയുടെയും മുഖവും കണ്ണുകളും ഞാനൊരിക്കലും മറക്കുകയില്ല. അവർ എന്നോട് അധികമൊന്നും സംസാരിച്ചില്ല. മൗനമായിരുന്നു ഏറെയും സമയം. ആ മൗനം പക്ഷേ എന്നോട് സ്വയം സംസാരിച്ചുകൊണ്ടിരുന്നു. എനിക്കന്ന് അധികം പ്രായമൊന്നുമില്ലെങ്കിലും ഞാനവരെ ഒരു മൂത്ത സഹോദരിയെപ്പോലെ ആശ്വസിപ്പിച്ചു: പ്രണയത്തിൽ, സ്നേഹത്തിൽ ഭയത്തിന് സ്ഥാനമില്ല. സ്നേഹത്തിന് മതവും ജാതിയുമില്ല. സ്നേഹമാണ് നമ്മുടെ മതം.
ആ കുട്ടികളുടെ മുഖത്ത് ഭയമല്ല, വേദനയാണ് ഞാൻ കണ്ടത്. 18 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ആ കുട്ടികൾ ഇപ്പോൾ അവരുടെ നാൽപതുകളുടെ ആദ്യത്തിലെത്തിയിട്ടുണ്ടാവും. പതിനെട്ടു വർഷങ്ങൾ കൊണ്ട് രാജ്യം കൂടുതൽ വേദനജനകമായ അവസ്ഥയിലാണെത്തി നിൽക്കുന്നത്. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും പരിപാലിക്കാൻ ഉത്തരവാദപ്പെട്ട നിയമസ്ഥാപനങ്ങളെ ഉറ്റുനോക്കി ജനങ്ങൾ അരക്ഷിതമാവുന്ന കാഴ്ചയിൽ മറ്റു പോംവഴികളൊന്നുമില്ല. കർഷകരുടെ സമരം കാണിച്ചുതരുന്ന മാതൃക അതാണ് രാജ്യത്തെ പഠിപ്പിക്കുന്നത്.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യസഹജമായ ആഗ്രഹങ്ങളെ അടിച്ചമർത്താൻ നിയമംകൊണ്ടുവരുന്ന ഭരണകൂടങ്ങൾ വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും അടിസ്ഥാനപരമായി മനുഷ്യവിരുദ്ധതയുടെയും പ്രചാരകരാണ്.ഏകാധിപതികൾ പ്രണയത്തെ, സ്നേഹത്തെ, ഐക്യത്തെയാണ് ഏറ്റവുമധികം ഭയക്കുന്നത്. വെറുപ്പിെൻറയും കാലുഷ്യത്തിെൻറയും അനൈക്യത്തിെൻറയും ഹിംസയുടെയും നുണകളുടെയും തിന്മയുടെയും മതാധിപത്യ രാഷ്ട്രീയാധികാരത്തിനുമേൽ അടയിരുന്ന് വിരിയിച്ചെടുത്ത നിയമങ്ങൾകൊണ്ട് ഇന്ത്യയിലെ പൗരാവകാശങ്ങളെ മുഴുവൻ അടിച്ചമർത്തുകയാണ് ഇന്ന് കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബി.ജെ.പി സർക്കാറുകൾ ചെയ്യുന്നത്. മനുഷ്യസ്നേഹത്തെ നിരോധിക്കാൻ മതരാഷ്ട്രീയത്തെ ഉപയോഗിക്കുന്നവർ മനുഷ്യവൈരികളായിത്തന്നെ തിരിച്ചറിയപ്പെടണം. മനുഷ്യവൈരികളായ ഇന്ത്യയിലെ ഭരണകൂടത്തിെൻറ ലവ്ജിഹാദ് മതപരിവർത്തന നിരോധനനിയമത്തെ ഭയന്ന് ഹിന്ദു-മുസ്ലിം മനുഷ്യർ തമ്മിൽ ഇന്ത്യയിൽ ഇനി മുതൽ പ്രണയിക്കാതിരിക്കുമെന്നാണോ ഈ ഭരണകൂടം പ്രതീക്ഷിക്കുന്നത്?
കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന കള്ളപ്രചാരണങ്ങൾ നടത്തിക്കൊണ്ടിരുന്നവരും ഈ തക്കംനോക്കി ഇവിടെയും ഇനിയും ഹിന്ദു-മുസ്ലിംപ്രണയങ്ങളെ നിരീക്ഷിക്കാനും വേട്ടയാടാനും ആഞ്ഞു ശ്രമിക്കും. കേരളത്തിെൻറ ജനാധിപത്യമനസ്സ് ഒറ്റക്കെട്ടായി നിൽക്കേണ്ട നിർണായക രാഷ്ട്രീയസന്ദർഭമാണിത്. കാരണം, കേരളത്തിൽ ബി.ജെ.പിക്ക് ഇനിയും ഒരു വോട്ടു കൂടുന്നതുപോലും കേരളത്തിെൻറ സ്നേഹസംസ്കാരത്തിനു നേർക്കുള്ള അത്യാപത്കരമായ വെല്ലുവിളിയാണ്.
കേരളത്തിെൻറ നവോത്ഥാനത്തിെൻറയും ആധുനികതയുടെയും ചില പ്രബല ധാരകൾ മിശ്രവിവാഹത്തെയും പ്രണയവിവാഹത്തെയും ആദർശാത്മകമായി മാതൃകാപരമായി മുന്നോട്ടുവെച്ചത് പ്രണയത്തിെൻറ വിപ്ലവാത്മകമായ വലിയ രാഷ്ട്രീയസാധ്യതയെ തിരിച്ചറിഞ്ഞിട്ടുള്ളതുകൊണ്ടായിരുന്നു. പിന്നീടെപ്പോഴോ പ്രണയമെന്ന വിപ്ലവാത്മകതയെ പുരോഗമനപക്ഷം കൈയൊഴിഞ്ഞു. കൈവിട്ട നല്ലതെല്ലാം പൂർവാധികം ആവേശത്തോടെ കേരളത്തിലെ പുരോഗമന, ജനാധിപത്യ പക്ഷം തിരിച്ചുപിടിക്കണം.
മനുഷ്യരുള്ളിടത്തോളം പ്രണയവുമുണ്ടാകും എന്നതാണ് നിത്യമായ യാഥാർഥ്യം. ഏതു ലോകത്തും ഏതു കാലത്തും യഥാർഥപ്രണയികൾ ചുറ്റുമുള്ള മനുഷ്യരെ നിർഭയമായി സ്വപ്നം കാണാൻ േപ്രരിപ്പിക്കുന്നവരാണ്. എല്ലാ അധികാരശാസനങ്ങളെയും വെല്ലുവിളിക്കുന്നവരാണ് യഥാർഥ പ്രണയികൾ. നാം വായിച്ചിട്ടുള്ള നല്ല സാഹിത്യവും കണ്ടിട്ടുള്ള നല്ല സിനിമകളും നിത്യമായ സ്നേഹഭാവങ്ങളെ തീവ്രമായി അടയാളപ്പെടുത്തിയിട്ടുള്ളത് ഇത്തരത്തിലുള്ള മനുഷ്യജീവിതത്തിലെ അനുഭവങ്ങളുടെ ഭാവനകളുടെ ലോകങ്ങളിൽ നിന്നാണ്.
പ്രണയത്തിെൻറ രാഷ്ട്രീയത്തെക്കുറിച്ച് കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക മുഖ്യധാര മണ്ഡലത്തിൽ സൂക്ഷ്മവും ശക്തവുമായ ചർച്ചകൾ നടക്കേണ്ടിയിരിക്കുന്നു. ഹിന്ദുത്വഫാഷിസത്തിെൻറ ക്രൂരതകൾക്ക് ഇവിടെ ഇടം കൊടുക്കാതിരിക്കാൻ അതാവശ്യമാണ്. വിശപ്പിനെക്കുറിച്ച് സംസാരിക്കുന്നതും എഴുതുന്നതും പോലെതന്നെ പ്രസക്തമായ രാഷ്ട്രീയ ഇടപെടലാണ് പ്രണയത്തെക്കുറിച്ചും സംസാരിക്കുക, എഴുതുക എന്നത്. മനുഷ്യർക്ക് സന്തോഷമുള്ള, ജീവിതയോഗ്യമായ ഒരു സമൂഹത്തിെൻറ പുനർനിർമാണത്തിന് അത്തരത്തിൽ ഏറെ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്, ഇന്നത്തെ ഇന്ത്യയിൽ വിശേഷിച്ചും. ഈ തിരിച്ചറിവ് ഈ കാലം ശക്തമായി ആവശ്യപ്പെടുകയാണ്.
ഞാൻ ധാരാളമായി പ്രണയകഥകളെഴുതുന്നത് എപ്പോഴും ഈ തിരിച്ചറിവോടു കൂടിയാണ്. അതെെൻറ സൂക്ഷ്മമായ രാഷ്ട്രീയപ്രവർത്തനമാണെന്ന തിരിച്ചറിവോടെ. ഈ സമൂഹത്തെ സ്നേഹത്തിലേക്ക് നവീകരിച്ചെടുക്കാനുള്ള ഒരു വഴിയാണത്. മതവെറികളുടെയും ജാതീയതയുടെയും പുരുഷാധീശത്വത്തിെൻറയുമെല്ലാം ഹിംസാധികാര രൂപങ്ങളെ ചെറുക്കുന്ന സ്നേഹത്തിെൻറ രാഷ്ട്രീയ പ്രവർത്തനങ്ങളാൽ നമ്മുടെ നാട് ഇനിയുള്ള നാളുകളിൽ സജീവമാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.