നവോത്ഥാനാനന്തര കാഴ്ചകൾ
text_fieldsസാമൂഹികമായി വികസിതരാജ്യങ്ങൾക്കൊപ്പം എത്തിയെന്ന് അഭിമാനിച്ചിരുന്ന കേരളത്തിലെ പുതിയ കാഴ്ചകൾ പതിറ്റാണ്ടുകൾക്കു മുമ്പ് തുടങ്ങിയ പിൻനടത്തം നമ്മെ വളരെയേറെ പിന്നിലെത്തിച്ചു കഴിഞ്ഞെന്ന് കാണിക്കുന്നു. ദേശീയ ശരാശരിക്കുതാഴെ മാത്രം ആളോഹരി വരുമാനമുള്ള 1969-70 കാലത്താണ് ഒരു യു.എൻ ഏജൻസി കേരളത്തിെൻറ സാമൂഹിക നേട്ടങ്ങളിലേക്ക് ലോകശ്രദ്ധ ക്ഷണിച്ചത് (ആ നേട്ടങ്ങൾ ഒരു മുന്നണി മമ്മൂഞ്ഞിനും അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കാനാണ് വർഷം ഇവിടെ കുറിക്കുന്നത്).
കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ദലിത്-ആദിവാസി-സ്ത്രീ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഒരു നിൽപുസമരം നടന്നു. വിദ്യാഭ്യാസാവകാശ സമരമായിരുന്നു അത്. വിദ്യാഭ്യാസം മൗലികാവകാശങ്ങളിൽപെടുന്നു എന്ന് പ്രഖ്യാപിച്ചശേഷം സാമൂഹികമായും സാമ്പത്തികമായും ഏറെ മുന്നോട്ടുപോയ കേരളത്തിൽ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ആദിവാസികൾ ഈ കോവിഡ് കാലത്ത് തെരുവിലിറങ്ങേണ്ടി വരുന്നതെന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് ഒറ്റ വാചകത്തിൽ ഉത്തരം നൽകാം.
അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാറിമാറി ഭരിക്കുന്നവർ മെനക്കെടുന്നില്ല. ശ്രീനാരായണെൻറയും അയ്യൻകാളിയുടെയും പേരിൽ എന്തെങ്കിലുമൊക്കെ ചെയ്യുകയല്ലാതെ പിന്നാക്കം നിൽക്കുന്നവർക്ക് നില മെച്ചപ്പെടുത്താൻ അവസരം നൽകുന്നതിന് അവർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാറില്ല. സമുദായനേതാക്കളെ തൃപ്തിപ്പെടുത്താൻ അത്രയൊക്കെ മതിയെന്ന് രാഷ്ട്രീയനേതൃത്വങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ഈയിടെ കേരളസർക്കാർ നിലവിലുള്ള സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസവിഭാഗങ്ങൾ തല്ലിക്കൂട്ടി ഓപൺ യൂനിവേഴ്സിറ്റി ഉണ്ടാക്കി അതിന് ശ്രീനാരായണെൻറ പേര് നൽകി. സമുദായനേതാവിന് സന്തോഷമായി. തെൻറ സമുദായത്തിൽപെട്ട ഒരാളെ (എന്നുവെച്ചാൽ തനിക്ക് താൽപര്യമുള്ള ഒരാളെ) വൈസ് ചാൻസലർ ആക്കിയില്ലെന്ന പരാതിയേ അദ്ദേഹത്തിനുള്ളൂ.
അരനൂറ്റാണ്ടു കാലമായി ഗൾഫ്പ്രദേശത്തുനിന്ന് കേരളത്തിലേക്കൊഴുകിയ പണത്തിെൻറ ഗുണം ലഭിക്കാത്തവരാണ് ആദിവാസികൾ. ഗൾഫ് പണം കേരളത്തെ സമ്പന്നമാക്കിയ കാലത്ത് അവരുടെ അവസ്ഥ കൂടുതൽ ശോചനീയമായി. അതിെൻറ ഉത്തരവാദിത്തം രണ്ട് മുന്നണികൾക്കുമാണ്. മുന്നണികളെ നയിക്കുന്ന കക്ഷികളുടെ അധികാരമോഹം വഴിയാധാരമാക്കിയവരാണവർ. ആദിവാസികളെ ദ്രോഹിക്കാൻ പരസ്പരവിദ്വേഷം മറന്ന് കൈകോർത്തവരാണവർ. ആദിമജനതയെ വനവാസികൾ എന്ന് മുദ്രകുത്തി മുഖ്യധാരയിൽ പ്രവേശനം നിഷേധിക്കുന്ന സംഘ്പരിവാറിൽനിന്ന് എന്ത് വ്യത്യസ്തതയാണ് അവർക്കുള്ളത്?
നവംബർ ഒന്നിന്, കേരളദിനത്തിൽ, സ്ത്രീകൾ, ദലിതർ, ആദിവാസികൾ, മുസ്ലിംകൾ, ലൈംഗികന്യൂനപക്ഷങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ഒരു ജനകീയകൂട്ടായ്മ ആഹ്വാനം ചെയ്തിട്ടുണ്ട്. വാളയാറിൽ രണ്ട് ദലിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തതു സംബന്ധിച്ച കേസിലെ രാഷ്ട്രീയബന്ധമുള്ള പ്രതികളെ സംരക്ഷിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണത്തിൽ ബോധപൂർവം വീഴ്ചവരുത്തിയെന്ന ആക്ഷേപം ഉയർന്നിട്ട് കുറച്ചുകാലമായി.
ആ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായില്ലെന്നു തന്നെയല്ല, സ്ഥാനക്കയറ്റം നൽകാൻ ശിപാർശയുണ്ടായി. നീതിക്കായി മുറവിളിക്കുന്ന ആ കുട്ടികളുടെ അമ്മയുടെ മേൽ കരിവാരിത്തേച്ച് കുറ്റവാളികളെ രക്ഷിക്കാൻ സാമൂഹികമാധ്യമങ്ങളിൽ ഭരണപക്ഷത്തിെൻറ ന്യായീകരണത്തൊഴിലാളികൾ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. ഹാഥറസിൽനിന്ന് വാളയാറിനെ വ്യത്യസ്തമാക്കുന്നതെന്താണ്? ഹാഥറസിലെ പ്രതികൾക്കുവേണ്ടി ജാതിക്കൂട്ടായ്മ ഉണ്ടാക്കിയവരിൽനിന്ന് എന്തു വ്യത്യസ്തതയാണ് വാളയാർപ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന പാർട്ടിക്കൂട്ടായ്മക്കുള്ളത്?
മൂന്നുകൊല്ലം മുമ്പ് ഒരു നടിയെ ഉപദ്രവിക്കാൻ ഒരു നടൻ ക്വട്ടേഷൻ കൊടുത്തെന്ന ആരോപണം ഉയർന്നപ്പോൾ സിനിമാലോകത്തെ പുരുഷകേസരികളെല്ലാം സംഘടിതമായി ആരോപണവിധേയനെ പ്രതിരോധിക്കാനെത്തി. അന്വേഷണം നടന്നു, കേസ് കോടതിയിലെത്തി. അടച്ചിട്ട കോടതിമുറിയിൽനിന്ന് പുറത്തു വന്ന വിവരങ്ങളനുസരിച്ച്, പ്രമാദമായ പല കേസുകളിലും സംഭവിക്കുന്നതുപോലെ, ഈ കേസിലും പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിക്കൊണ്ടിരിക്കുകയാണ്. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമണത്തിന് വിധേയയായ നടി ഹൈകോടതിയോട് അപേക്ഷിച്ചിരിക്കുകയാണ്.
ഈ സംഭവങ്ങളെല്ലാം സമകാലിക കേരളസമൂഹത്തെക്കുറിച്ച് നമ്മോട് പലതും പറയുന്നുണ്ട്. അതിെൻറ എല്ലാ വശങ്ങളും പരിശോധിക്കാൻ ഏറെ സമയവും സ്ഥലവും ആവശ്യമാണ്. ഇവിടെ അതിനൊരുമ്പെടുന്നില്ല. ഒരു കാര്യം ഇപ്പോൾ ഉറപ്പിച്ചു പറയാം. ഇവിടെ ഒരു നവോത്ഥാനം ഉണ്ടായിരുന്നു.
ആ നവോത്ഥാനം ശ്രീനാരായണൻ, അയ്യൻകാളി, വക്കം മൗലവി തുടങ്ങിയ മഹദ്വ്യക്തികളുടെ ഒരു നീണ്ട പരമ്പരയുടെ ശ്രമഫലമായിരുന്നു. പക്ഷേ, നാം ഇന്ന് ജീവിക്കുന്നത് അവർ സൃഷ്ടിച്ച നവോത്ഥാനകേരളത്തിലല്ല, പിന്നീട് രാഷ്ട്രീയപ്രസ്ഥാനങ്ങൾ രൂപപ്പെടുത്തിയ നവോത്ഥാനാനന്തര കേരളത്തിലാണ്. ഒരു നല്ല രാഷ്ട്രീയപരിസരം സൃഷ്ടിക്കാൻ രാഷ്ട്രീയകക്ഷികൾക്കു കഴിഞ്ഞിരുന്നെങ്കിൽ സാമൂഹികരംഗത്തെ ദുഷിപ്പിച്ചതിൽ അവർക്കുള്ള പങ്ക് ഒരളവു വരെ പൊറുക്കാമായിരുന്നു. ആ രംഗവും അവർ മലീമസമാക്കി.
അഞ്ചു കൊല്ലം മുമ്പ്, നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ കേരളത്തിലെ പ്രധാന ചർച്ചാവിഷയം ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്തെ സോളാർ കുംഭകോണം ആയിരുന്നു. അതിനെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പരമാവധി പ്രയോജനപ്പെടുത്തി, എല്ലാം ശരിയാകുമെന്ന് പറഞ്ഞു അധികാരത്തിലേറിയ പിണറായി വിജയെൻറ സർക്കാർ ഒരു സ്വർണക്കടത്ത് കുംഭകോണത്തിെൻറ നിഴലിലാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ആ കേസിൽ ഒരു കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തിരിക്കുന്നു. ആരോപണം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്ന് കരുതപ്പെടാനുള്ള അർഹത അദ്ദേഹത്തിനുണ്ട്. പ്രത്യേകിച്ചും കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത തറപറ്റിയ ഈ കാലത്ത്.
മുഖ്യമന്ത്രിയുടെ ആപ്പീസിലിരുന്ന് ഉദ്യോഗസ്ഥന്മാർ കുറ്റകൃത്യങ്ങൾ ചെയ്താൽ ഉത്തരവാദിത്തം അദ്ദേഹത്തിെൻറ തലയിൽ കെട്ടിവെക്കാനാകില്ല. പക്ഷേ, പുറത്തുവന്നിട്ടുള്ള വിവരങ്ങൾ ഭരണാധികാരിയെന്ന നിലയിലുള്ള പിണറായി വിജയെൻറ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നവയാണ്. അദ്ദേഹത്തിെൻറ പാർട്ടി വിലയിരുത്തി ആവശ്യമെങ്കിൽ നടപടി സ്വീകരിക്കേണ്ട വിഷയമാണത്. ഈ ഘട്ടത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് ഒരു മയക്കുമരുന്നു കേസിൽ അറസ്റ്റിലായി. അതോടെ അദ്ദേഹവും പാർട്ടിയും കൂടി പ്രതിരോധത്തിലായി. പരസ്പരം സഹായിക്കേണ്ട അവസ്ഥയിലാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളായ രണ്ട് നേതാക്കളും.
മുന്നണി കാലത്തെ ഓരോ സർക്കാരും അതിനു മുമ്പത്തേതിനേക്കാൾ മോശമായിരുന്നുവെന്ന് ഒരിക്കൽ ഞാൻ എഴുതിയിരുന്നു, ആ പാരമ്പര്യം തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.