പെണ്ണിനെ നടുക്കുന്ന ചോദ്യം
text_fields''പരാതിക്കാരിയെ വിവാഹം ചെയ്യുമെങ്കിൽ ഞങ്ങൾ സഹായിക്കാം. ഇല്ലെങ്കിൽ,നിങ്ങളുടെ ജോലിപോകും; ജയിലിൽ കിടക്കേണ്ടിവരും. എന്നാൽ, വിവാഹത്തിന് കോടതി നിർബന്ധിക്കില്ല'' -ഇന്ത്യയുടെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസിേൻറതാണ് ഈ വാക്കുകൾ.
2014-15 കാലയളവിൽ 16 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബോംബെ ഹൈകോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയിൽ പ്രതി മോഹിത് സുഭാഷ് ചവാൻ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് അവളെ വിവാഹം കഴിക്കാമോ എന്ന് പോക്സോ കേസിലെ പ്രതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ . ബോബ്ഡെ ചോദിച്ചത്. ഇതുകണ്ട് പലരെയുംപോലെ ഞാനും നടുങ്ങി.
സ്കൂൾ വിദ്യാർഥിനിയെ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി12തവണ ബലാത്സംഗം ചെയ്ത മഹാരാഷ്ട്രയിലെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് ചവാെൻറ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിെൻറ വിവാഹാലോചന. വീട്ടിൽ ആളില്ലാത്തപ്പോൾ അതിക്രമിച്ചുകയറി പെൺകുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട് ലൈംഗികാക്രമണം നടത്തിയ പ്രതിയോടാണ് ചോദ്യം. ആദ്യം പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയാറായപ്പോൾ അവൾ നിരസിച്ചെന്നും ഇപ്പോൾ വിവാഹിതനായതിനാൽ വീണ്ടുമൊരു വിവാഹത്തിന് കഴിയിെല്ലന്നും പ്രതി പറഞ്ഞുവത്രെ.
തുടർന്ന് ഹരജി തള്ളിയെങ്കിലും നാലാഴ്ച അറസ്റ്റിൽനിന്ന് സംരക്ഷണവും സ്ഥിരം ജാമ്യത്തിന് അപേക്ഷിക്കാൻ അനുമതിയും സുപ്രീംകോടതി പ്രതിക്ക് നൽകി. പ്രത്യക്ഷത്തിൽതന്നെ നീതി നിഷേധിക്കപ്പെടുന്നു എന്നുതോന്നുന്ന ഇരകൾ നീതിക്കുവേണ്ടി ഇനി എവിടെ പരാതിപ്പെടും!
ഇരയായ പെൺകുട്ടി നേരത്തേ പ്രതിയുടെ വിവാഹവാഗ്ദാനം നിരസിച്ചതാണ്. സ്വന്തം വിവാഹം സംബന്ധിച്ച് ഇരയായ പെൺകുട്ടിയുടെ തീരുമാനത്തിനപ്പുറം പ്രതിയുടെ അറസ്റ്റും ജയിൽവാസവും ഒഴിവാക്കാൻ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് പ്രതിയോട് ചോദിക്കുന്ന ഈ ചോദ്യം ഇന്ത്യയിലെ പെൺകുട്ടികളുടെ, സ്ത്രീകളുടെ മൗലികാവകാശത്തിെൻറ നഗ്നമായ ലംഘനമല്ലേ? ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്ക് സമ്മതമില്ലാത്ത കുറ്റവാളിയുമായുള്ള വിവാഹം ന്യായാധിപന് പ്രശ്നപരിഹാരാർഥം കുറ്റവാളിയോട് നിർദേശിക്കാനാവുമോ? ഈ ചോദ്യം സമൂഹത്തിന് നൽകുന്ന സന്ദേശമെന്താണ്?
പോക്സോ മാത്രമല്ല, ബലാത്സംഗ കേസുകളിലെതന്നെ പ്രതികൾക്കൊക്കെ അനിയന്ത്രിതമായ സന്തോഷം നൽകുന്ന സാധ്യതയാണ് ഈ ചോദ്യം. സ്ത്രീശരീരത്തെക്കുറിച്ചും ലൈംഗികാക്രമണ അനുഭവത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള പുരുഷാധികാര മുൻവിധികളും പുരുഷന്മാർക്കുള്ള സാമൂഹിക, ലൈംഗിക ആനുകൂല്യങ്ങളും ഉറപ്പിക്കാൻ ഈ ചോദ്യം സഹായകരമാകും. രാജ്യമാകെ ഓരോ ദിവസവും പെൺകുട്ടികളും സ്ത്രീകളും ലൈംഗികാക്രമണങ്ങൾ നേരിടുകയും ബലാത്സംഗ കൊലപാതകങ്ങൾക്കും ആത്മഹത്യക്കും ഇരകളായിത്തീരുകയും ചെയ്യുന്നതാണ് നമ്മുടെ മുന്നിലുള്ള യാഥാർഥ്യം. ഈ കേസിലും ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് വീട്ടുകാർ കാര്യമറിയുന്നതും കേസ് കൊടുക്കുന്നതും.
ഭരണഘടനപരമായ തൊഴിലിെൻറ ഭാഗമായി നീതിവ്യവഹാരം കൈകാര്യംചെയ്യുന്നവർക്ക് ജാതി, മതം, ലിംഗാധികാരം തുടങ്ങി എല്ലാവിധ സാമൂഹിക, മൂല്യാധികാര സംഹിതകൾക്കും അതീതമായി കേസുകളെ സമീപിക്കാനും അക്രമവും അനീതിയും നേരിട്ടവർക്ക് നീതി നടപ്പാക്കിക്കൊടുക്കാനും അതുപ്രകാരം നീതി സ്ഥാപിച്ചെടുക്കാനുമാണ് കഴിയേണ്ടത്.
രണ്ടാഴ്ചമുമ്പ് ഡൽഹിയിലെ ഒരു ചെറുകോടതിയിൽനിന്ന് പ്രിയ രമണിക്ക് നീതി നടപ്പാക്കിക്കൊടുക്കുന്ന അനുകൂലവിധി വന്നപ്പോൾ വലിയതോതിൽ സ്ത്രീകൾ ഒന്നാശ്വസിച്ചു. പ്രിയ രമണിയുടെ പീഡനകാലം എങ്ങനെ മറക്കാനാവും! ലൈംഗികാക്രമണം നേരിടുന്ന സ്ത്രീകളെല്ലാം ഒരുപോലെ ആശങ്കയോടെ പങ്കുവെക്കുന്നതാണ് പ്രിയ രമണിയുടെ അനുഭവം. വലിയ അധികാരബലമുള്ള രാഷ്ട്രീയനേതാവായ എം.ജെ. അക്ബറിൽനിന്ന് തനിക്കുനേരെയുണ്ടായ ലൈംഗികാക്രമണത്തെക്കുറിച്ച് 'മീ ടൂ' കാമ്പയിനിൽ തുറന്നുപറഞ്ഞ ശേഷം, തെൻറ പ്രശസ്തിയും മാനവും നഷ്ടപ്പെടുത്താൻ പ്രിയ രമണി ശ്രമിച്ചു എന്നാരോപിച്ച് അക്ബർ എതിർ കേസ് നൽകുകയും നിരപരാധിത്വം തെളിയിക്കേണ്ടത് ഇരയുടെ ഉത്തരവാദിത്തമായി മാറുകയുംചെയ്ത തലതിരിഞ്ഞ നീതിന്യായ വ്യവഹാരത്തിനുള്ളിലാണ് പിന്നീട് പ്രിയ രമണിക്ക് നിയമയുദ്ധം നടത്തേണ്ടിവന്നത്. ലിംഗനീതിയുടെ ഭരണഘടനപരമായ അർഥവും വ്യാപ്തിയും പ്രതിബദ്ധതയും സാമൂഹികമായ ഉത്തരവാദിത്തവും എന്തെന്നറിയുന്ന ന്യായാധിപന്മാർ കോടതികളിൽ ഉണ്ടായിരിക്കണം എന്നുറപ്പുവരുത്തേണ്ടത് സർക്കാറുകളാണ്.
'മീ ടു' കാമ്പയിെൻറ ഭാഗമായി കേരളത്തിൽ പലപ്പോഴായി ഉയർന്നുവന്നതും ഇപ്പോൾ വീണ്ടും സജീവമായി ചർച്ച ചെയ്യപ്പെടുന്നതുമായ ചില കേസുകൾ പോക്സോ പരിധിയിലാണ്. നദീർ എന്നയാളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന വെളിപ്പെടുത്തലുകളും അതിന്മേൽ നിയമനടപടിക്കുള്ള നീക്കങ്ങളും കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ വിചിത്രമായ ഈ ചോദ്യം മുന്നിൽ വന്നുനിൽക്കുന്നത്. കുട്ടികൾക്കുനേരെ ലൈംഗികമായി ചൂഷണവും അക്രമവും നടത്തിയ കേസുകളിൽ പ്രതികളായ മുതിർന്ന പുരുഷന്മാരോട് ഇരകളായ പെൺകുട്ടികളെ വിവാഹം കഴിക്കാമോ എന്ന ചോദ്യങ്ങൾ നമ്മുടെ സംസ്ഥാനത്തുള്ള കോടതികളിൽനിന്ന് ഉയർന്നുകേൾക്കാൻ ഇട വരാതിരിക്കട്ടെ.
ഇന്ത്യയിലെ സ്ത്രീസ്വാതന്ത്ര്യ പ്രസ്ഥാനവും നീതിനിഷേധത്തിനിരകളായ നിരവധി സ്ത്രീകളും പലകാലങ്ങളിൽ ജീവിതം കൊണ്ട് സമരംചെയ്ത് നേടിയെടുത്ത നിരവധി സ്ത്രീയവകാശ സംരക്ഷണ നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അതിലൊരു സുപ്രധാന നിയമസംരക്ഷണമാണ് വിവാഹത്തിനുള്ളിലെ ബലാത്സംഗം കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു എന്നുള്ളത്. അങ്ങനെയുള്ള രാജ്യത്ത് ബലാത്സംഗം ചെയ്ത ആൾ ഇരയെ വിവാഹംകഴിച്ചാൽ അയാൾ ബലാത്സംഗ കുറ്റവാളിയല്ലാതായി മാറുമോ? യഥാർഥത്തിൽ, ഈ നിയമത്തെ ഇല്ലാതാക്കാൻ മനുസ്മൃതി പാരമ്പര്യവക്താക്കളായ കേന്ദ്ര ഭരണകൂടം ആഗ്രഹിക്കുന്നുണ്ട്. വിവാഹം നടത്തുന്നതിന് പെൺകുട്ടികളുടെ സമ്മതം ആവശ്യമില്ലെന്നും വിവാഹത്തിനുള്ളിൽ ഭർത്താവിെൻറ ആഗ്രഹങ്ങൾ, ലൈംഗിക ബലപ്രയോഗങ്ങളടക്കം–ബലാത്സംഗമാണെങ്കിലും സമ്മതിച്ചുകൊടുക്കേണ്ടവരാണ് സ്ത്രീകളെന്നുമുള്ള മത-ജാതി വ്യവഹാര മൂല്യസങ്കൽപങ്ങളിലാണ് അവർക്ക് താൽപര്യം; ഭരണഘടനയിലല്ല. സ്വലിംഗ വിവാഹങ്ങളെ കേന്ദ്രസർക്കാർ എതിർക്കുന്നതിനും കാരണം ഇതാണ്. കോടതിയിൽ കേന്ദ്രസർക്കാർ ഉയർത്തുന്ന വാദം ഇന്ത്യൻ പാരമ്പര്യപ്രകാരം സ്ത്രീകളും പുരുഷന്മാരും മാത്രമേ വിവാഹം കഴിക്കാൻ പാടുള്ളൂ എന്നാണ്. ട്രാൻസ്ജെൻഡറുകളും ഇവരുടെ സാമൂഹിക മൂല്യവ്യവസ്ഥയിൽ തുല്യനീതിയോ അവകാശമുള്ളവരോ അല്ല.
ഈ രാജ്യം എല്ലാവർക്കും തുല്യമായ നീതിയോടെയും അവകാശങ്ങളോടെയും സന്തോഷങ്ങളോടെയും ജീവിക്കാനുള്ളതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരും സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുത്തവരുമായ മഹാരഥന്മാർ അതിനുവേണ്ടിയാണ് എല്ലാ പൗരന്മാരെയും തുല്യതയോടെ ഉൾക്കൊള്ളുന്ന ഭരണഘടനയും ജനാധിപത്യസംവിധാനങ്ങളും ഉണ്ടാക്കിയിട്ടുള്ളത്.
ജനാധിപത്യവും നീതിപരിപാലനവും ശക്തിപ്പെടുത്താനുള്ള നീതിന്യായ വ്യവസ്ഥയെയും ഭരണഘടനമൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ന്യായാധിപസമൂഹെത്തയുമാണ് ഇന്ത്യയിൽ അധികാരവും അക്രമവും വേട്ടയാടുന്ന സ്ത്രീകളടക്കമുള്ള എല്ലാവരും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത്. പ്രതീക്ഷകൾക്ക് ഓരോ തവണയും മങ്ങലേൽക്കുമ്പോൾ നമ്മുടെ ഭരണഘടന കൂടുതൽകൂടുതൽ ദുർബലമാക്കപ്പെടുകയാണ്. വേട്ടക്കാർ സംരക്ഷിക്കപ്പെടുകയും ഇരകൾ അരക്ഷിതമാക്കപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്ത് അക്രമവും അനീതിയും മാത്രമാണ് വളരുക. സ്നേഹവും സാഹോദര്യവുമുള്ള സാമൂഹിക, കുടുംബജീവിതമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.