മതതീവ്രവാദ–ആൺകോയ്മ സഖ്യത്തെ സ്ത്രീകൾ ചെറുത്തേ തീരൂ
text_fieldsരണ്ടാഴ്ചയായി കേരളം ലവ് ജിഹാദ്, ലഹരി ജിഹാദ് തുടങ്ങിയ വർഗീയ ആരോപണ പ്രക്ഷുബ്ധതയിൽപെട്ട് വൈകാരിക സമ്മർദങ്ങൾക്കുള്ളിൽ ആടിയുലയുകയാണ്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ തീർത്തും ഒഴിവാക്കേണ്ടിയിരുന്ന അസത്യപ്രസ്താവനയെ ക്രിസ്തീയ മതത്തിലെ മാത്രമല്ല, കേരളത്തിലെ ബുദ്ധിയും ആർജവവുമുള്ള എല്ലാ സ്ത്രീകളും തള്ളിക്കളയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്ത്രീകളുടെ മിശ്ര ജാതി, മത പ്രണയത്തെയും ജീവിതത്തെയും മതപുരോഹിതന്മാർ നിയന്ത്രിക്കുന്നതിെൻറയും ശരീരത്തെയും ലൈംഗിക-പ്രത്യുൽപാദന അവകാശങ്ങളെയും കുടുംബ സാമൂഹിക ജീവിത സ്വാതന്ത്ര്യത്തെയും തടയിടുന്നതിെൻറയും മതാധികാര ആൺകോയ്മയുടെ ശബ്ദമാണ് പാലാ ബിഷപ്പിലൂടെ പുറത്തുവന്നത്. ഒപ്പം മറ്റൊരു ന്യൂനപക്ഷ മതത്തിലെ പുരുഷന്മാരുടെ നേരെ വലിയ കുറ്റാരോപണവും.
കേരള മുഖ്യമന്ത്രി പറഞ്ഞതുപോലെ ലഹരി ജിഹാദല്ല ഇവിടെയുള്ളത്. അതൊരു വലിയ മാഫിയയാണ്. അതിൽ നാനാ ജാതി വംശ മതസ്ഥരും ദേശ സാമ്രാജ്യങ്ങളും ഉണ്ടെന്നിരിക്കെ ഇസ്ലാമോഫോബിയ ഉറപ്പിച്ചെടുക്കുന്ന വ്യാജപ്രചാരണം നടത്തുന്നത് അധർമമാണ്. ഇന്ത്യയിൽ സംഘ്പരിവാർ മുസ്ലിംകൾക്കെതിരെ പ്രയോഗിക്കുന്ന നിർമിത ദുരാരോപണങ്ങൾ നീതിബോധവും സത്യബോധവുമുള്ള ഒരു ക്രിസ്തീയ വൈദികനിൽനിന്ന് ഒരിക്കലും ഉണ്ടാവുകയില്ല. കുട്ടിക്കാലത്ത് കേട്ടുപഠിച്ച കുട്ടനും മുട്ടനും എന്ന ഗുണപാഠകഥയാണ് ഇപ്പോൾ ഓർമയിൽ തെളിയുന്നത്. ഇരു കൂട്ടരെയും തമ്മിലിടിപ്പിച്ച് തലപൊട്ടി ചോരയൊലിക്കുമ്പോൾ നടുവിൽ വന്നുനിന്ന് ആർത്തിയോടെ ചോര കുടിക്കുന്നവെൻറ കുടിലബുദ്ധിയാണ് എന്നത്തെയുംപോലെ ബി.ജെ.പി-സംഘ്പരിവാർ പ്രയോഗിക്കുന്നത്. അവർ പാലാ ബിഷപ്പിനു നൽകിയ വലിയ പിന്തുണ കേരളം കണ്ടതാണ്.
സ്നേഹവും കരുണയും എന്തെന്ന് ലോകത്തെ പഠിപ്പിച്ച ക്രിസ്തുവിെൻറ അനുയായിയാണോ പാലാ ബിഷപ് എന്ന് ക്രിസ്തുമതത്തിലെതന്നെ മനുഷ്യരായവർ സമൂഹമാധ്യമങ്ങളിലൂടെ തുറന്നുചോദിക്കുന്നതു കാണുമ്പോൾ കേരളം വലുതായി ആശ്വസിക്കുന്നുണ്ട്. ഇത്തരമൊരു സന്ദർഭം വർഗീയസംഘർഷത്തിലേക്കു പോകാതിരിക്കുന്നത് ക്രിസ്ത്യൻ, മുസ്ലിം മതപക്ഷത്തുള്ള വിവേകമതികളും മതസാഹോദര്യത്തിനായി നിലകൊള്ളുന്നവരുമായ സവിശേഷ ബോധമുള്ള കുറച്ചെങ്കിലും മതനേതാക്കളുടെ തുറന്ന ഇടപെടലുകളുള്ളതുകൊണ്ടുകൂടിയാണ്. ജിഫ്രി തങ്ങളും പരസ്പരം മുറിവേൽപിക്കാതെ ജാഗ്രത കാട്ടണം എന്നു പറയുന്ന മാർ ക്ലീമിസ് കാതോലിക്ക ബാവയെപ്പോലുള്ളവരും എടുത്ത നിലപാട് സമാധാനം നൽകുന്നു. കേരളത്തിെൻറ ശക്തമായ മതനിരപേക്ഷ, ഇടതുപക്ഷ മനസ്സും വർഗീയ ചേരിതിരിവും കലാപവുമുണ്ടാകാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള സർക്കാറിെൻറ സജീവ സാന്നിധ്യവും കേരളത്തിെൻറ രക്ഷയാണ്. കേരളത്തിൽ എല്ലാ മതങ്ങളിലും മതതീവ്രവാദികളേക്കാൾ കൂടുതൽ ഉള്ളത് മതസാഹോദര്യത്തിനും പരസ്പര സ്നേഹത്തിനും സൗഹാർദത്തിനും പ്രാധാന്യവും മുൻഗണനയും കൊടുക്കുന്നവരാണ് എന്ന് ഞാനടക്കം ഒട്ടേറെപ്പേർ ഇപ്പോഴും വിശ്വസിക്കുന്നു. എങ്കിലും ഇപ്പോൾ പാലാ ബിഷപ്പിനെ അനുകൂലിച്ചുണ്ടായ വർഗീയ ചേരിയിൽ കാണാനിടയായ തികഞ്ഞ മത സ്പർധയുടെ, കരുതിക്കൂട്ടിയുള്ള ഇസ്ലാമോഫോബിയയുടെ ആണും പെണ്ണുമടങ്ങുന്ന ആൾക്കൂട്ടങ്ങളെ ഒരിക്കലും നിസ്സാരമായി കണ്ടുകൂടാ. ബഹുസ്വരമായ നവോത്ഥാന മുന്നേറ്റങ്ങൾ കെട്ടിപ്പടുത്ത മതേതര കേരളത്തിൽ നിൽക്കുമ്പോൾ കാലിനടിയിലെ മണ്ണു മുഴുവൻ ഒലിച്ചുപോവുന്നത് തടയണമെങ്കിൽ അതിയായ ജാഗ്രതതന്നെ ഇനിയുള്ള കാലവും വേണ്ടതുണ്ട്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷവർഗീയതയും സമാധാനവും സൗഹാർദവും ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന് വലിയ ആപത്താണ്.
കേരള സർക്കാറിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ പ്രഥമമായ ഉത്തരവാദിത്തമുണ്ട്. കാരണം, ഇതൊരു വലിയ സൂചനയാണ്. രാജ്യത്ത് ബി.ജെ.പി സർക്കാർ അധികാര സംഹാര താണ്ഡവമാടവെ കേരളത്തിൽ വർഗീയകലാപം ഉന്നമിട്ട് തുടർച്ചയായി സംഭവിക്കാൻ പോകുന്ന പുതിയ തരം വർഗീയതാ സഖ്യ രാസപ്രവർത്തനത്തിെൻറ ലിറ്റ്മസ് ടെസ്റ്റാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
മതപൗരോഹിത്യവും മതരാഷ്ട്രീയ നേതൃത്വങ്ങളും ആൺകോയ്മയുടെ മൂർത്തവാഹകരാണെന്ന് എല്ലാവർക്കുമറിയാം. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിൽ വരുമ്പോൾ ആ രാജ്യത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും ആപത്തിൽപെടുന്നത് അതുകൊണ്ടാണ്. സംഘ്പരിവാർ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ച് ഹിന്ദുരാഷ്ട്രമാക്കി മാറ്റിയാൽ ഭർത്താവ് മരിച്ച ഹിന്ദുസ്ത്രീകൾ സതി അനുഷ്ഠിക്കണമെന്നു പറയാൻ മടിക്കാത്തവരായിരിക്കും. സമുദായസ്ത്രീ സംരക്ഷകരെന്ന മട്ടിൽ യഥാർഥത്തിൽ സ്ത്രീശിക്ഷകരായിട്ടാണ് മതരാഷ്ട്രീയം എപ്പോഴും പ്രവർത്തിക്കുന്നത്.
ഇല്ലാത്ത ലവ് ജിഹാദ് കേരളത്തിൽ ഉണ്ടെന്ന് സ്ഥാപിച്ചെടുക്കാൻ ബി.ജെ.പി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കെയാണ് മതം നോക്കാതെ മനുഷ്യനെ പ്രണയിക്കുന്നത്, വിശേഷിച്ച് മുസ്ലിം മതത്തിൽപെട്ടവരെ സ്നേഹിച്ച് വിവാഹം കഴിക്കുന്നത് വലിയ തെറ്റാണെന്നും കുറ്റമാണെന്നും സമുദായത്തിലെ പെൺകുട്ടികളെ പാലാ ബിഷപ് ഓർമപ്പെടുത്തുന്നത്. ഗുജറാത്ത് വംശഹത്യ നടന്ന സമയത്തും അതേത്തുടർന്ന് ഇപ്പോഴും സംഘ്പരിവാർ ഹിന്ദു സമുദായത്തിലെ സ്ത്രീകളോടു പറഞ്ഞുകൊണ്ടിരിക്കുന്നതും ഇതുതന്നെ. താലിബാനിസവും ഇതുതന്നെയാണ് മുസ്ലിം സ്ത്രീകളോടു ചെയ്യുന്നത്. ഞങ്ങളുടെ സ്ത്രീകളുടെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം എന്ന മതപൗരോഹിത്യത്തിെൻറ വായ്ത്തലകൾ സദാ അന്തരീക്ഷത്തിൽ സീൽക്കാരമുയർത്തുകയാണ്. ഈ കർശന നിർദേശങ്ങൾ ലംഘിച്ചാൽ കാത്തിരിക്കുന്നത് വലിയ ശിക്ഷയായിരിക്കുമെന്ന് ഭയപ്പെടുത്തുകയും അരക്ഷിതരാക്കുകയും നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്ന തന്ത്രമാണിത്.
നമ്മൾ മനസ്സിലാക്കിയ യേശുവോ നബിയോ കൃഷ്ണനോ സ്നേഹത്തിനെതിർനിന്നവരല്ല. അതിനാൽ ബുദ്ധിയും ബോധവുമുള്ള, വിദ്യാസമ്പന്നരായ പുതിയ തലമുറയിലെ പെൺകുട്ടികളും സ്ത്രീകളും ഈ പൗരോഹിത്യ പുരുഷാധികാര തന്ത്രങ്ങളെ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ആരെ, എപ്പോൾ വിവാഹം കഴിക്കണം, എങ്ങനെ വിവാഹം കഴിക്കണം, എപ്പോൾ പ്രസവിക്കണം, എത്ര കുട്ടികൾ വേണം തുടങ്ങിയ ജീവിതത്തെ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാനുള്ള സ്വയം നിർണയാവകാശവും അതിനുള്ള സ്വാതന്ത്ര്യവുമാഗ്രഹിക്കുന്ന പെൺകുട്ടികളെ ഇത്തരം ഭീഷണികൾകൊണ്ട് സമ്പൂർണമായി കീഴ്പ്പെടുത്തി നിർത്താനാവുകയില്ല.
മത ആൺകോയ്മയുടെ പല രൂപത്തിലുള്ള ഭീഷണികളെ പ്രതിരോധിക്കാനും സ്വതന്ത്രരാകാനും പെൺകുട്ടികൾ സ്വന്തമായ ജീവിതവഴികൾ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന കാലം കൂടിയാണിത്. നവോത്ഥാനത്തിെൻറ വലിയ ചരിത്രമുള്ള, വിശേഷിച്ച് ബൗദ്ധികതയുടെയും സർഗാത്മകതയുടെയും വിപ്ലവ ബോധമുള്ള, േപ്രമമൂല്യങ്ങളെയും മിശ്രവിവാഹങ്ങളെയും സംബന്ധിച്ച സ്ത്രീചരിത്രമുള്ള കേരളത്തിന് മുന്നോട്ടു സഞ്ചരിച്ചേ മതിയാവൂ. അതിനാൽ സ്ത്രീകൾ തിരിച്ചടികളെ പ്രതിരോധിച്ച് അവരവരുടെ സ്വാതന്ത്ര്യത്തിെൻറ കൂടുതൽ വിശാലമായ പാതകൾ ഇനിയും വെട്ടിത്തെളിച്ച് മുന്നോട്ടുള്ള യാത്രകൾ തുടരുകതന്നെ ചെയ്യണം.
അവകാശപ്പോരാട്ടം നടത്തിയതിനെത്തുടർന്ന് പിരിച്ചുവിടപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിയുടെ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
കേരളത്തിലെ ഒരു പ്രബല അധികാര രാഷ്ട്രീയപാർട്ടിയായ മുസ്ലിംലീഗിെൻറ വിദ്യാർഥിനിവിഭാഗമായ ഹരിതയുടെ പെൺപോരാളികൾ പാർട്ടിയുടെ മത ആൺകോയ്മ നേതൃത്വത്തിെൻറ ഏകാധിപത്യപരമായ തീരുമാനത്തിനെതിരെ മുന്നോട്ടുവെച്ച അവകാശബോധത്തിെൻറ പ്രതികരണങ്ങളെയും ഈ പശ്ചാത്തലത്തിൽതന്നെ ഇവിടെ അടയാളപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. മതങ്ങളുടെ ആൺകോയ്മ എന്നാൽ സ്ത്രീകളുടെ കാലുകളെ എന്നെന്നും തളച്ചുനിർത്താനായി ഒരേ അച്ചിൽ വാർത്തെടുത്ത കട്ടിയേറിയ ചങ്ങലകളാണ്. അതിനു വിധേയമായി അവകാശങ്ങളും തുല്യനീതിയും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തി ഭയന്ന് ജീവിക്കുന്ന അനുസരണയുള്ള പെൺകുഞ്ഞാടുകളെ നീതിക്കായി ശബ്ദിക്കുന്ന സ്ത്രീകൾക്കെതിരായി അണിനിരത്തുന്നതിലും മതാധികാരവും ആൺകോയ്മയും വിജയിക്കുന്നുണ്ട് എന്നതാണ് സ്ത്രീസമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.
പത്തൊമ്പതാം നൂറ്റാണ്ടിൽ മാറു മറയ്ക്കുകയും മേൽമുണ്ടു ധരിക്കുകയും ചെയ്ത സ്ത്രീകളെ ഉപദ്രവിക്കാൻ പാരമ്പര്യ വിശ്വാസത്തിൽ അടിമകളാക്കി നിർത്തിയ സ്ത്രീകളെത്തന്നെ സാമുദായിക ആൺകോയ്മ സഖ്യം ഉപയോഗിച്ചിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിൽ നടന്ന ശബരിമല വർഗീയ ലഹളക്കാലത്തും ഇപ്പോൾ വ്യാജ ലവ് ജിഹാദ് ആരോപണ ലഹളക്കാലത്തും ഹരിതയിൽ നീതിക്കുവേണ്ടി ശബ്ദിച്ച പെൺകുട്ടികളെ തള്ളിപ്പറഞ്ഞ വനിത ലീഗ് നേതൃത്വത്തിലും ഒക്കെ അതു കാണാനാവും. അതിനാൽ എനിക്കു പറയാനുള്ളത് ഇത്രയുമാണ്. എല്ലാ മത ജാതി വിഭാഗങ്ങളിലുമുള്ള എെൻറ സഹോദരിമാരേ, പെൺകുട്ടികളേ, സമയം കളയാതെ ഐക്യപ്പെടുവിൻ! കേരളത്തെ ശരിക്കും മതനിരപേക്ഷമാക്കാനുള്ള ഉത്തരവാദിത്തമേറ്റെടുക്കേണ്ടതായ നിർണായക അവസരമാണിത്. നാടിെൻറ സമാധാനവും സന്തോഷവും ഇനി നമ്മൾ സ്ത്രീകളുടെ പ്രണയത്തെക്കുറിച്ചുള്ള, ജീവിതത്തെക്കുറിച്ചുള്ള സ്വതന്ത്ര തീരുമാനങ്ങളിലാണ് മുന്നോട്ടുപോകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.