രാഷ്ട്രീയാധികാരത്തിലെത്തുന്ന യുവവിദ്യാർഥിനികൾ
text_fieldsഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞു കേരളത്തിലെ പ്രാദേശിക ഭരണസമിതികൾ അധികാരമേൽക്കുന്നത് കേരളത്തിനകത്തു മാത്രമല്ല, രാജ്യത്താകെയും പുതുമയും കൗതുകവുമുള്ള കാഴ്ചയായി മാറുകയും ചെയ്തു. പുതുതലമുറയിലെ പെൺകുട്ടികൾ തലസ്ഥാന നഗരത്തിെൻറ മേയർസ്ഥാനത്തും പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനങ്ങളിലുമൊക്കെ വന്നെത്തുന്ന കാഴ്ച അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമായിരുന്നു. തിരുവനന്തപുരത്തെ മേയർ ആര്യ രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറുമാരായി പത്തനംതിട്ടയിലെ അരുവാപ്പുളത്ത് രേഷ്മ മറിയം, വയനാട്ടിലെ പൊഴുതനയിൽ അനസ് റോസ്, കോഴിക്കോെട്ട ഒളവണ്ണയിൽ ശാരുതി, കൊല്ലം ഇട്ടിവയിൽ അമൃത, മലമ്പുഴയിൽ രാധിക മാധവൻ– ഇവരുടെയൊക്ക പ്രായം ഇരുപത്തൊന്നും ഇരുപത്തി രണ്ടും ഇരുപത്തി മൂന്നും ആണ്. പ്രായനില അധികാര േശ്രണീഘടനയിലെ പ്രധാനഘടകമായി പ്രവർത്തിക്കുന്ന സമൂഹത്തിലാണ് പെൺകുട്ടികൾക്ക് ഈ അധികാര സ്ഥാനം! കുട്ടികളെ വ്യക്തികളായി കണക്കാക്കാത്ത സമൂഹമാണ് നമ്മുടേത്. പെൺകുട്ടികൾ വിവാഹത്തിനായി ഒരുങ്ങേണ്ടവരാണെന്ന് ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന സമൂഹമാണ് നമ്മുടേത്. തീർച്ചയായും കേരള സമൂഹം എവിടെയൊക്കെയോ മാറുന്നുണ്ട്. അഥവാ, മാറാൻ നിർബന്ധിതമാകുന്നുണ്ട്.
ഈ അപ്രതീക്ഷിതമായ നീക്കംനടത്തിയത് കേരളത്തിലെ ഇടതുപക്ഷമാണ്. വിശേഷിച്ചും സി.പി.എം. തീർച്ചയായും ഇതൊരു വലിയ മാറ്റത്തിെൻറ മാതൃകയായി മറ്റു പാർട്ടികളും സ്വീകരിക്കാൻ നിർബന്ധിതരാകും. ഈ തെരഞ്ഞെടുപ്പിൽ ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകൾ, മുനിസിപ്പൽ കോർപറേഷൻ തുടങ്ങിയ 1,199 പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേക്ക് ആകെ 21,854 അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടതിൽ 11,000 സ്ത്രീകളുണ്ട്. ഏതാണ്ട് കേരളത്തിെൻറ സ്ത്രീ-പുരുഷ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം. ഇവരിൽ നിന്ന് മുതിർന്നവരോടൊപ്പം തന്നെ സാമൂഹിക രാഷ്ട്രീയപരിചയവും പക്വതയും നേടിയെടുത്ത വിദ്യാർഥിനികളും യുവതികളുമായ നേതാക്കൾ വിവിധ സ്ഥാപനങ്ങളിൽ നേതൃത്വപദവിയിലെത്തുന്നു. സ്ത്രീസമത്വം, നീതി എന്ന ഭരണഘടനാ മൗലികാവകാശത്തിെൻറ, സ്ത്രീ സംവരണം എന്നതിെൻറ ഏറ്റവും മനോഹരമായ കാഴ്ചയാണിത്.
അതേസമയം, ഇൗ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ധാരാളമായി പങ്കുവെക്കപ്പെട്ട രണ്ടു തരം പ്രതികരണങ്ങളുണ്ട്. അതിൽ ഒരു ഉത്കണ്ഠ ഇങ്ങനെ: പെൺകുട്ടികൾ ഇത്ര ചെറുപ്രായത്തിൽ വിദ്യാഭ്യാസം ഇടക്കുവെച്ചു നിർത്തി രാഷ്ട്രീയ സ്ഥാനങ്ങളിലേക്ക് വരുന്നത് നല്ലതാണോ? വിദ്യാഭ്യാസത്തിനല്ലേ മുഖ്യപരിഗണന നൽകേണ്ടത്? സ്ത്രീകളുടെ ഭാഗത്തുനിന്നല്ല, രാഷ്ട്രീയപ്രവർത്തന പരിചയസമ്പന്നരായ പുരുഷന്മാരുടെ ഭാഗത്തുനിന്നാണ് സ്നേഹോപദേശരൂപത്തിൽ ഈ ചോദ്യം പ്രധാനമായും ഉയർന്നത്.
ഇത്തരം ഉപദേശം തീർത്തും അസ്ഥാനത്താണ്. സമകാലികമല്ലാത്ത ചിന്തയാണത്. ഒന്നാമത്തെ കാര്യം ഈ പെൺകുട്ടികൾ വളരെ സാധാരണ പശ്ചാത്തലങ്ങളിൽനിന്ന് വേറിട്ട നിലയിലുള്ള ഇച്ഛാശക്തിയുള്ളതിനാൽ മാത്രം പഠനവും രാഷ്ട്രീയപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോയവരാണ്. അത് തുടർന്നും കൊണ്ടുപോകാൻ ഇവർക്ക് വലിയ പ്രയാസമൊന്നുമുണ്ടാവില്ല. മുൻകാലങ്ങളിലും അതങ്ങനെ തന്നെയായിരുന്നു. ദാക്ഷായണി വേലായുധൻ, ഗൗരിയമ്മ മുതൽ രാഷ്ട്രീയ രംഗത്ത് മുമ്പും ഇപ്പോഴുമുള്ള മുതിർന്ന സ്ത്രീകളുടെ വിദ്യാഭ്യാസനിലവാരവും ജീവിതചരിത്രവും പരിശോധിച്ചു നോക്കൂ. അതിനാൽ, ഇത്തരം വ്യാകുലതകൾക്കൊന്നും യാഥാർഥ്യങ്ങളുമായി ഒരു ബന്ധവുമില്ല.
രണ്ടാമതായി, പൊതുവേ 18 വയസ്സു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വിവാഹം കഴിപ്പിച്ചയക്കുന്നതുവരെയുള്ള വിദ്യാഭ്യാസമാണ് സ്വന്തം വീട്ടുകാർ പെൺകുട്ടികൾക്ക് നൽകി വരുന്നത്. എന്നുവെച്ചാൽ, വിവാഹത്തിനുള്ള ആഭരണം പോലെയാണ് വിദ്യാഭ്യാസം. തൊഴിൽ ചെയ്ത് സ്വന്തമായി വരുമാനമുണ്ടാക്കാനും സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിച്ച് വളരാനുമല്ല നമ്മുടെ കൂടുതൽ പെൺകുട്ടികളും കോളജിൽ പോയി പഠിക്കുന്നത്. കേരളത്തിെൻറ വികസന രംഗത്തുള്ള ഏറ്റവും വലിയ ഒരു വൈരുധ്യമാണ് സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ തൊഴിൽപങ്കാളിത്തം. ഏറ്റവും കൂടിയ സ്ത്രീവിദ്യാഭ്യാസമുള്ള സംസ്ഥാനത്ത് ഇതെങ്ങനെയുണ്ടാകുന്നു? വിവാഹത്തിലേക്ക് കടക്കുന്ന പെൺകുട്ടികളുടെ തുടർപഠനവും തൊഴിൽമോഹവും അതോടെ തീർന്നുപോകുന്നതിൽ ആരും ഉത്കണ്ഠപ്പെടാറില്ല എന്നതുതന്നെ പ്രധാന കാരണം.
വൈവാഹികജീവിതത്തിനുള്ളിലെ പ്രത്യുൽപാദനപരവും അല്ലാത്തതുമായ കടമകളിലും ഭാരങ്ങളിലും അകപ്പെടുമ്പോഴും ഇനിയും വിദ്യാഭ്യാസം വേണമെന്ന തോന്നലും തീരുമാനവുമെടുക്കാൻ മറ്റു പെൺകുട്ടികൾക്ക് ഈ യുവരാഷ്ട്രീയനേതാക്കൾ ബോധപൂർവം േപ്രരണയാകട്ടെ. കാരണം, 21 വയസ്സിൽ രാഷ്ട്രീയഭരണാധികാരം തെരഞ്ഞെടുത്ത ഇൗ പെൺകുട്ടികളുടെ ഇനിയുള്ള ജീവിതത്തിലെ ഓരോ നീക്കവും പൊതുജനങ്ങളുടെ മധ്യത്തിനുള്ളിലാണ് സംഭവിക്കുന്നത്. ജനങ്ങൾക്കിടയിലാണവർ ജീവിക്കുക.
മറ്റൊരു പ്രതികരണം, തിരുവനന്തപുരത്ത് മേയറായ ആര്യയുടെ ജാതി അന്വേഷിക്കുന്നതായിരുന്നു. ജാതി ചോദ്യങ്ങൾ എപ്പോഴും നമ്മുടെ സമൂഹത്തിൽ ചോദിക്കാനാളുണ്ടാവുന്നത് നല്ലതുതന്നെ. അതേ സമയം, ലിംഗപദവിയിലും വർഗപദവിയിലും ആര്യയുടെ കീഴ്നിലകൾ തള്ളിക്കളയേണ്ടതോ അവഗണിക്കപ്പെടേണ്ടതോ അല്ല. സ്ത്രീസംവരണം നിയമമായാൽ ഇപ്പോൾ പ്രാദേശിക ഭരണരംഗത്ത് സംഭവിച്ചതുപോലെ പാർലമെൻറിലും നിയമസഭകളിലും സ്ത്രീകളുടെ വലിയ മുന്നേറ്റവും അധികാരപദവി കൈമാറ്റവും പങ്കിടലും സംഭവിക്കും. പൊഴുതന പഞ്ചായത്തിലെ അനസ് ആദിവാസി വിഭാഗത്തിൽ നിന്നാണെങ്കിലും ജനറൽ സീറ്റിൽ നിന്നാണ് മത്സരിച്ച് ജയിച്ച് പ്രസിഡൻറ് ആയിരിക്കുന്നത് എന്നതു പോലെ കീഴാള സ്ത്രീകളുടെ മുന്നേറ്റവും അതുണ്ടാക്കും. പുരുഷാധിപത്യം കീഴാളജാതികളിലെ പുരുഷന്മാരും അവരുടെ സ്ത്രീകളുടെ മേൽ പ്രയോഗിക്കാൻ ഇഷ്ടപ്പെടുന്ന അധികാരമാണ്. അതും തകർക്കപ്പെടും. അതിനാൽ, ലിംഗരാഷ്ട്രീയവും ജാതിയും സംബന്ധിച്ച പ്രതികരണങ്ങൾ ഉന്നയിക്കുമ്പോൾ അത് തീർത്തും ഏകപക്ഷീയമോ സ്ത്രീവിരുദ്ധമോ ആയിക്കൂടാ.
തീർച്ചയായും മതേതരവും ജാതിരഹിതവും ലിംഗനീതിയുള്ളതുമായ ജനാധിപത്യത്തെ സ്ഥാപിക്കാനുള്ള പ്രക്രിയകളെ ശക്തിപ്പെടുത്താനും അത്തരത്തിൽ ഭരണനിർവഹണം രൂപപ്പെടുത്താനും യുവജന നേതാക്കൾക്ക് വിപ്ലവകരമായ കാഴ്ചപ്പാടുകളുണ്ടാകണം. പ്രാദേശിക വികസനമെന്നാൽ അടിസ്ഥാന, പശ്ചാത്തല സൗകര്യവികസനം മാത്രമല്ല, പങ്കാളിത്തവും പ്രതിനിധാനവും തീരുമാനമെടുക്കലും സംബന്ധിച്ച സാമൂഹികവികസനത്തെ അഭിസംബോധന ചെയ്യാനും പദ്ധതികളാവിഷ്കരിക്കാനും ഏറ്റവും ശ്രദ്ധയൂന്നാൻ കഴിയുക പ്രാദേശിക സർക്കാറുകൾക്കാണ്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര നടന്ന ദാരുണ മരണങ്ങളുടെ പശ്ചാത്തലത്തിൽക്കൂടി അതിനെ മനസ്സിലാക്കാനാവണം. അതൊരു അപകടമരണമോ ആത്മഹത്യയോ അല്ല. സാമ്പത്തികം മാത്രമല്ല സാമൂഹികവും കൂടിയായ വ്യവസ്ഥയാണതിെൻറ കാരണങ്ങൾ. ഓരോ പ്രാദേശിക സർക്കാറിനു കീഴിലും ഭൂമിയും വിഭവങ്ങളുമില്ലാത്ത കുടുംബങ്ങളുടെ സാമൂഹികപദവിയിലെ യാഥാർഥ്യം എന്താണ്? ആ യാഥാർഥ്യങ്ങൾ കണക്കിലെടുത്ത് പുതിയ പരിപാടികൾക്കും പദ്ധതികൾക്കും രൂപം കൊടുക്കേണ്ട സമയമാണിത്. അതിനുള്ള നയവും നിയമങ്ങളും ഉണ്ടാക്കാൻ സംസ്ഥാന സർക്കാറിനുള്ള ഉത്തരവാദിത്തത്തോടൊപ്പം പ്രതിപക്ഷപാർട്ടികളും കൂടി പ്രതിജ്ഞാബദ്ധരാണെന്ന് സമ്മർദപ്പെടുത്തുന്ന ജനങ്ങളും അതിനോടൊപ്പം പ്രവർത്തിക്കുന്ന പ്രാദേശിക സർക്കാറുകളും കൂടിയാവുമ്പോഴാണ് സാമൂഹിക നീതിയുടെ ജനാധിപത്യപ്രക്രിയകളും പുതുസംവിധാനങ്ങളും കേരളത്തിൽ ഇനിയും ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.