കശ്മീരികൾ ചോദിച്ചതും മോദി നൽകുന്നതും
text_fields2019 ആഗസ്റ്റ് അഞ്ചിന് ജമ്മു-കശ്മീരിെൻറ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശമാക്കിയ രണ്ടാം മോദി സർക്കാർ തീരെ നിനച്ചിരിക്കാതെയാണ് കശ്മീരി നേതാക്കളെ ചർച്ചക്കായി ഡൽഹിയിലേക്കു വിളിപ്പിച്ചത്. മുൻ മുഖ്യമന്ത്രിമാരുൾപ്പെടെ കശ്മീരിൽനിന്നുള്ള 14 നേതാക്കളെ ചർച്ചക്കു ക്ഷണിച്ചതുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ രാഷ്ട്രീയ വിജയമായാണ് മാധ്യമങ്ങൾ ആഘോഷിച്ചത്. എന്നാൽ, ഇങ്ങനൊരു യോഗം വിളിക്കാൻ പ്രേരിപ്പിച്ചത് അന്താരാഷ്ട്രതലത്തിലെ സമ്മർദമാണെന്നാണ് ജനങ്ങളുടെ പൊതുസംസാരം.
രണ്ടു വർഷം മുമ്പ് പിടിച്ചെടുക്കപ്പെട്ട രണ്ടു ഭരണഘടനാദത്ത അവകാശങ്ങൾ, അടിയന്തരമായി തിരിച്ചുകിട്ടണമെന്നാണ് ജനങ്ങളും രാഷ്ട്രീയ നേതാക്കളും നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ, ജമ്മു-കശ്മീരിെൻറ സംസ്ഥാന പദവിയും പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പും കിട്ടാൻ പോകുന്നില്ല എന്ന സന്ദേശംതന്നെയാണ് പ്രധാനമന്ത്രിയുടെ യോഗം നൽകുന്നത്.
മൂന്നര മണിക്കൂർ നീണ്ട ചർച്ചയിൽ തങ്ങൾ ഈ ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചുവെന്നാണ് യോഗശേഷം നേതാക്കൾ പറഞ്ഞത്. എന്നാൽ, അതേക്കുറിച്ചൊന്നും മിണ്ടിയതേയില്ല പ്രധാനമന്ത്രി. പകരം നിയമസഭ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം അതിവേഗം പൂർത്തിയാക്കി നടത്തുന്ന തെരഞ്ഞെടുപ്പും അതുവഴി വരുന്ന വികസനവുമാണ് മോദിയും ഷായും മുന്നോട്ടുവെച്ചത്. ഏതു നിയമസഭ? 2019ലെ പുനഃസംഘടന നിയമപ്രകാരം ജമ്മു-കശ്മീരിന് നിയമസഭയുണ്ടാവും. 107 നിയമസഭ സീറ്റുകളെന്നത് 114 ആയി വർധിക്കും. ലഡാക്കിന് നിയമസഭ ഉണ്ടാവില്ല.
ആദ്യം സംസ്ഥാന പദവി, അതു കഴിഞ്ഞ് മതി തെരഞ്ഞെടുപ്പ് എന്നാണ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് നിർദേശിച്ചത്. പിഴവുകൾ എമ്പാടും വരുത്തുന്ന ഉദ്യോഗസ്ഥ ഭരണം നല്ലതല്ലെന്ന് പ്രധാനമന്ത്രിതന്നെ പറയുന്ന സാഹചര്യത്തിൽ സംസ്ഥാന പദവി നീക്കംചെയ്ത് ജമ്മു-കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കിയ നടപടി പിൻവലിക്കണമെന്നായിരുന്നു നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല പറഞ്ഞത്. അതിർത്തിനിർണയം സംശയാസ്പദമാണെന്നും നാഷനൽ കോൺഫറൻസ് വിശ്വസിക്കുന്നു.
370ാം വകുപ്പ് നീക്കംചെയ്തത് ധാർമികമായും നിയമപരമായും ഭരണഘടനപരമായും തെറ്റാണെന്ന് മഹ്ബൂബ മുഫ്തി പറഞ്ഞു. അതുകൊണ്ടുതന്നെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് പോരാട്ടം തുടരുമെന്നും. സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പാർലമെൻറിൽ സർക്കാർ നൽകിയ ഉറപ്പാണ്. എന്ന് നടപ്പാക്കും എന്നു മാത്രം പറഞ്ഞിട്ടില്ല. ഇന്നാവാം, നാെളയാവാം പിന്നെ എന്നെങ്കിലുമാവാം. 370ാം വകുപ്പ് റദ്ദാക്കിയതിനെ നാഷനൽ കോൺഫറൻസും പീപ്ൾസ് കോൺഫറൻസുമുൾപ്പെടെ പാർട്ടികൾ സുപ്രീംകോടതിയിൽ ചോദ്യംചെയ്തിരിക്കുകയുമാണ്. ഈ ഘട്ടത്തിൽ യോഗം വിളിച്ചതും നിയമസഭ തെരഞ്ഞെടുപ്പിനെപ്പറ്റി സംസാരിച്ചതും എന്തുകൊണ്ടായിരിക്കാം?
കശ്മീരി ജനതയുടെ മനസ്സുവായിക്കാനോ വിജയിക്കാനോ കഴിയില്ലെങ്കിലും കശ്മീരി പാർട്ടികെളയും നേതാക്കളെയും ഒരു വഴിക്കാക്കുന്നതിൽ കേന്ദ്രസർക്കാർ ഇതിനകം വിജയിച്ചിട്ടുണ്ട്. ബി.ജെ.പിയെ കശ്മീരിലേക്ക് വിളിച്ചുവരുത്തി സഖ്യം ചേർന്ന മഹ്ബൂബ മുഫ്തിയുടെ കാര്യംതന്നെയെടുക്കാം. അധികാരം ഇല്ലാതായതോടെ, ഭരണം പോയതോടെ പി.ഡി.പി ശീട്ടുകെട്ടുപോലെ ചിതറിപ്പോയി. പാർട്ടിയുടെ ആദർശങ്ങളെക്കുറിച്ചും സ്ഥാപക നേതാവ് മുഫ്തി മുഹമ്മദ് സഈദിെൻറ ദർശനങ്ങളെക്കുറിച്ചുമെല്ലാം വലിയവായിൽ സംസാരിച്ചിരുന്ന മുൻനിര നേതാക്കൾപോലും പുതിയ മേച്ചിൽപുറങ്ങൾ തേടിപ്പോയി. മഹ്ബൂബയുടെ ഉറ്റവലംകൈ ആയിരുന്ന വഹീദ് പാറ ജയിലിലാണ്. അമ്മാവൻ സർതാജ് മദനി ഉടമ്പടി എഴുതിക്കൊടുത്താണ് ജയിൽമോചനം നേടിയത്. ടൂറിസം മന്ത്രിയായി കശ്മീരിലേക്ക് കെട്ടിയിറക്കിയിരുന്ന സഹോദരൻ മുഫ്തി തസദുഖ് പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ട മാത്രയിൽ നാടുവിട്ടുപോയി. ആകെ ഒറ്റപ്പെട്ട നിലയിലായ മഹ്ബൂബക്ക് ഇനിയും പരീക്ഷണങ്ങൾക്ക് നിൽക്കാൻ താൽപര്യമില്ല.
70ാം വകുപ്പ് റദ്ദാക്കിയ ഘട്ടത്തിൽ നാഷനൽ കോൺഫറൻസിെൻറ പാർലമെൻറംഗങ്ങളായ റിട്ട. ജസ്റ്റിസ് ഹസ്നൈൻ മസൂദിയും മുഹമ്മദ് അക്ബർ ലോണും രാജിവെക്കാൻ വിസമ്മതിച്ചു. നേതാക്കളായ ഫാറൂഖ് അബ്ദുല്ലയും മകൻ ഉമർ അബ്ദുല്ലയും തടവിലായതിനാൽ അവർക്ക് തീരുമാനമെടുക്കാൻ കഴിയാത്തതുകൊണ്ടാണ് ഇതെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. മോചിതനായ ഉടനെ ഫാറൂഖ് അബ്ദുല്ല ആദ്യം ചെയ്തത് പാർലമെൻറ് സമ്മേളനത്തിൽ പങ്കുചേരാൻ ഡൽഹിക്കു പറക്കുകയാണ്. സജാദ് ലോണിെൻറ പീപ്ൾസ് കോൺഫറൻസ് ജില്ല വികസന സമിതി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഗുപ്കർ സഖ്യം വിട്ടുപോയി.
പാർട്ടികൾ എത്തിനിൽക്കുന്ന വിഷമവൃത്തത്തിെൻറ വ്യാപ്തിയെക്കുറിച്ച് കേന്ദ്രത്തിന് കൃത്യമായ ചിത്രമുണ്ടിപ്പോൾ. അതുകൊണ്ടുതന്നെ തെൻറ രാഷ്ട്രീയ ആപ്പിളുകൾ കൃഷി ചെയ്യാൻ പറ്റിയ കാലവും കാലാവസ്ഥയുമാണ് കശ്മീരിലെന്ന് മോദിക്ക് തോന്നിയിട്ടുണ്ടാവാം. പക്ഷേ, സൈന്യവും ഭരണവുമുപയോഗിച്ച് നടത്താനുദ്ദേശിക്കുന്ന കൃഷി വിജയിക്കുമോ എന്ന് കണ്ടുതന്നെയറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.