ഗീലാനി ഇല്ലാത്ത കശ്മീർ
text_fieldsസയ്യിദ് അലി ഷാ ഗീലാനിയെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്, ആദരിക്കുന്നവരും വെറുക്കുന്നവരുമുണ്ട്. അദ്ദേഹത്തെയോർത്ത് ആവേശപ്പെടുന്നവരും ആശങ്കപ്പെടുന്നവരുമുണ്ട്- ഒരേയൊരു കാര്യത്തിലാണ് അവർക്കെല്ലാം ഏകസ്വരമുണ്ടാവുക -നാ ഝുക്നേ വാല ഗീലാനി, നാ ബിക്നേ വാല ഗീലാനി (തലകുനിക്കാത്ത ഗീലാനി, വിലക്കെടുക്കാനാവാത്ത ഗീലാനി) എന്ന വാക്യം സത്യമാണെന്ന് സമ്മതിക്കുന്നതിൽ മാത്രമാണത്. ജീവിതത്തിലുടനീളം ജമ്മു-കശ്മീരിലെ വിഘടനവാദത്തിെൻറ പ്രചാരകനും നായകനുമായിരുന്ന അലി ഷാ ഗീലാനി സെപ്റ്റംബർ ഒന്നിന് 92ാം വയസ്സിൽ വിടപറഞ്ഞതോടെ കശ്മീർ വിഘടനവാദികൾ അനാഥരായെന്നു പറഞ്ഞാൽ അതിശയോക്തിയല്ല.
ഏറെക്കാലമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല ഗീലാനി. അനാരോഗ്യവും തടങ്കലുകളും അതിനനുവദിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശരി. ഏറെ വർഷം വിവിധ ജയിലുകളിൽ കഴിഞ്ഞു. പിന്നെ അനേക വർഷങ്ങളായി വീട്ടുതടങ്കലിലായിരുന്നു. ഭരണഘടനാദത്തമായ ജമ്മു-കശ്മീരിെൻറ പ്രത്യേകാവകാശങ്ങൾ നീക്കം ചെയ്തതിനു പിന്നാലെ വീണ്ടും അദ്ദേഹത്തെ അടച്ചിട്ടു. ഗീലാനിയുടെ ആരോഗ്യം മോശമായ ഘട്ടത്തിൽതന്നെ വീട്ടിലേക്കുള്ള റോഡുകളെല്ലാം കനത്ത സൈനിക സാന്നിധ്യത്തിലമർന്നിരുന്നു. 370ാം വകുപ്പ് നീക്കം ചെയ്ത നാളുകളെ അനുസ്മരിപ്പിക്കുന്ന അതേ മട്ടിലെ സുരക്ഷാ ബന്തവസ്സുകളും കടുംപിടിത്തങ്ങളും എല്ലാമായതോടെ അർഹിക്കും വിധമൊരു ഖബറടക്കം പോലും സാധ്യമായില്ല. ജീവിച്ചിരുന്ന നാളുകളിലേതുപോലെ മരണശേഷവും ഇത്രയേറെ നിയന്ത്രണങ്ങൾ ചുമത്തപ്പെടുന്നുവെങ്കിൽ അദ്ദേഹത്തിെൻറ ജനസ്വാധീനം വ്യക്തം.
ആരായിരിക്കും ഗീലാനിയുടെ പിൻമുറക്കാരൻ എന്ന ചോദ്യത്തിെൻറ ഉത്തരത്തിനായി അധികൃതരും ആസാദി വാദികളും മിതവാദികളുമുൾപ്പെടെ എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. അദ്ദേഹത്തിെൻറ വ്യക്തിപ്രഭാവത്തിന് പകരംവെക്കാൻ ആർക്കാവും എന്ന കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരം തന്നെയില്ല. മൂന്ന് പതിറ്റാണ്ടോളം അദ്ദേഹം നേതൃത്വം നൽകിയ ഹുർറിയത്ത് കോൺഫറൻസിെൻറ ഭാവിയും പ്രതീക്ഷയറ്റതായിരിക്കുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലെ ഉഭയകക്ഷി ചർച്ചകളെ അദ്ദേഹം എതിർത്തിരുന്നു. കശ്മീരികളെ കൂടി ചേർത്തു കൊണ്ട് ത്രികക്ഷി സംഭാഷണങ്ങൾ നടത്താത്തിടത്തോളം അത് ഫലരഹിത വ്യായാമമാണെന്ന നിലപാടാണ് ഗീലാനി പുലർത്തിയത്. അനുനയിപ്പിച്ച് വശത്താക്കാൻ കഴിയില്ല എന്നതുതന്നെയാണ് എതിർക്കുന്നവരും അനുകൂലിക്കുന്നവരും അദ്ദേഹത്തിൽ വിലമതിച്ചിരുന്ന ഗുണം. ഹൈദർപോറയിലെ വീട്ടിലിരുന്ന് ഒരു വാക്കു ആഹ്വാനം ചെയ്താൽ കശ്മീരിനെ നിശ്ചലമാക്കാൻ കഴിഞ്ഞതും ഇൗ അചഞ്ചല നിലപാട് കാരണം തന്നെ.
ദേശീയ അന്വേഷണ ഏജൻസിയുടെയും പൊലീസ് സേനകളുടെയും നിരന്തര നടപടികളെത്തുടർന്ന് വിഘടനവാദികൾ ഏതാണ്ട് രണ്ടു വർഷമായി നിശ്ശബ്ദരാണ്. ഗീലാനിക്ക് പകരം വെക്കാൻ ഒരു നേതാവില്ലെന്നിരിക്കെ മസറത്ത് ആലവും യാസീൻ മാലികുമാണ് പിൻഗാമികളാവാൻ അൽപമെങ്കിലും സാധ്യതയുള്ളവർ. അവരുൾപ്പെടെ ഏതാണ്ടെല്ലാ നേതാക്കളും ജയിലിലാണ്. വീട്ടുതടങ്കലിൽ കഴിയുന്ന മീർവാഇസ് ഉമർ ഫാറൂഖിന് ഉറച്ച നേതാവായിത്തീരാനാകുമോ എന്ന കാര്യം തെളിയിക്കപ്പെടേണ്ടതുണ്ട്. ഗീലാനിയുടെ മക്കളുടെ തീരുമാനങ്ങളും നിലപാടുമെന്തായിരിക്കും എന്നറിയാനും ഏവർക്കും ആകാംക്ഷയുണ്ട്. മുന്നിൽനിന്നു നയിക്കാൻ കെൽപുള്ളവരെ കണ്ടെത്താനാവാതെ വന്നാൽ വിഘടനവാദികളുടെ നിയന്ത്രണം ഒളിവിൽ കഴിയുന്ന നേതാക്കളുടെ കൈകളിലെത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേതാവ് എന്നതിലേറെ ഗീലാനി അവർക്കൊരു വികാരമാണ് -മരണശേഷവും അദ്ദേഹം പ്രചോദനം പകരുമെന്നു കരുതുന്നവർ ഒരുപാടുണ്ട് കശ്മീരിൽ.
കശ്മീർ പൂർണ വരുതിയിലാക്കിയ ആശ്വാസത്തിലാണ് അധികൃതർ. ഹുർറിയത്ത് പിന്നാക്കം പോയിട്ടുണ്ട്. എന്നാലും വിഘടനവാദവികാരം കശ്മീരിൽ ഒരു യാഥാർഥ്യമാണ്. ഇത്രകാലം ഗീലാനിയുടെ സാന്നിധ്യത്തിലെന്ന പോലെ അദ്ദേഹത്തിെൻറ അഭാവത്തിലും ഈ നാടിെൻറ മുഖ്യസംവാദങ്ങളിലൊന്നായത് തുടരുകയും ചെയ്യും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.