Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സി.പി.എമ്മിന്‍റെ ഈസ്റ്റ്‌ ഇന്ത്യ കമ്പനി
cancel
camera_alt

തിരുവനന്തപുരത്ത് കെ–റെയിൽ വിരുദ്ധ സമരക്കാരെ പൊലീസ് നേരിടുന്നു

Listen to this Article

ഇന്ത്യ ഉപഭൂഖണ്ഡം പിടിച്ചെടുത്ത് കോളനിയാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പട്ടാളത്തെ അയച്ചിരുന്നില്ലെന്ന് ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്കറിയാം.കച്ചവടത്തി നായി രൂപവത്കരിക്കപ്പെട്ട ഒരു കമ്പനിയെ ഉപയോഗിച്ചാണ് അവര്‍ ഈ ഭൂപ്രദേശം കൈയടക്കിയത്. കമ്പനിയുടെ ഗുദാമുകളുടെ സുരക്ഷക്കായി ബ്രിട്ടീഷ് സര്‍ക്കാര്‍ കുറച്ചു പട്ടാളക്കാരെ നല്‍കിയിരുന്നു. അവരെ കൂടാതെ വിദേശത്തു നിന്നും അതിലും കൂടുതലായി ഇന്ത്യയില്‍ നിന്നും ആളുകളെ കൂലിക്കെടുത്ത് കല്‍ക്കത്ത, ബോംബെ, മദ്രാസ്‌ എന്നിവിടങ്ങളില്‍ രൂപവത്കരിച്ച മൂന്നു സേനകളെ ഉപയോഗിച്ചാണ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി രാജ്യത്തെ കീഴ്പ്പെടുത്തിയത്.

കമ്പനിയില്‍നിന്ന് കോളനി ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ കമ്പനിയെ മരിക്കാന്‍ വിട്ടു. ചരിത്രത്തില്‍ ഇടം നേടിയ ആ കമ്പനിയുടെ ലണ്ടനിലെ പൂട്ടിക്കിടന്ന ആസ്ഥാനമന്ദിരം അടുത്ത കാലത്ത് ആരോ വിലയ്ക്ക് വാങ്ങിയതായി പത്രത്തില്‍ വായിക്കുകയുണ്ടായി. കച്ചവട കമ്പനിയായി വന്ന ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി അധിനിവേശത്തിന്റെ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി മാറിയത് യഥാസമയം തിരിച്ചറിയാന്‍ നമ്മുടെ പൂര്‍വികര്‍ക്കായില്ല.

പ്രത്യക്ഷ ലക്ഷ്യങ്ങള്‍ക്കപ്പുറം ചില ഗൂഢ ലക്ഷ്യങ്ങളോടെയാണ് കെ- റെയിലിനായുള്ള സ്പെഷല്‍ പർപസ് വെഹിക്കിള്‍ രൂപവത്കരിച്ചിട്ടുള്ളതും സില്‍വര്‍ലൈന്‍ പദ്ധതി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളതും. അതുകൊണ്ടാണ് പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ മടി കാട്ടിയിരുന്നത്. പുറത്ത് വിട്ടിട്ടുള്ള ഡി.പി.ആറും ( വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്‌) എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താതെ പലതും മറച്ചു വെച്ചിരിക്കുകയാണ്.

ഈ പദ്ധതിയുടെ സാമ്പത്തിക ഭാരവും അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും കേരളത്തിനു താങ്ങാനാവുന്നതിനപ്പുറമാണെന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ-റെയില്‍ പദ്ധതിയില്‍ കേരളത്തിന്റെ പങ്കാളിയായ റെയില്‍ മന്ത്രാലയവും ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രാരംഭ അനുമതിക്കപ്പുറം പോകാന്‍ തയാറായിട്ടില്ല. പ്രാരംഭ അനുമതിയുടെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലിനുള്ള ഒരുക്കങ്ങളുമായി അതിവേഗം മുന്നോട്ടു പോവുകയാണ്.

ഭൂമി ഏറ്റെടുക്കാന്‍ അവസരം നൽകുന്നുവെന്നതാണ് അർധ അതിവേഗ റെയില്‍ പദ്ധതിയായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള സില്‍വര്‍ലൈന്‍ പ്രോജക്ട് സര്‍ക്കാറിന്റെ കണ്ണില്‍ അനിവാര്യമാക്കുന്നത്. ഇത്രയേറെ മുതല്‍മുടക്കില്ലാതെ അതിവേഗയാത്ര സാധ്യമാക്കാനാകുമെന്ന് വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. അവ ഈ പദ്ധതി വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഭൂമി ഏറ്റെടുക്കല്‍ ആവശ്യപ്പെടുന്നില്ല. പദ്ധതിയില്‍ അടങ്ങിയിരിക്കുന്ന ഭൂവികസന പരിപാടിയുടെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. തിരുവനന്തപുരത്തിനും തൃശൂരിനുമിടയില്‍ അഞ്ചു പുതിയ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കപ്പെടുമെന്ന് രേഖകളില്‍ കാണുന്നു.

ആര്‍ക്കുവേണ്ടിയാണിവ? ആരാണ് ഇവ നിർമിക്കുക? ഇതിനാവശ്യമായ ഭൂമി കൂടി ചേര്‍ത്താണോ ഇപ്പോള്‍ കല്ലിടല്‍ നടത്തുന്നത്? ഈ വിധ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കണം.

റെയില്‍ പാതയുടെ ഇരുവശവും ബഫര്‍ സോണ്‍ ഉണ്ടാകുമെന്ന് ഡി.പി. ആര്‍ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും അതില്ലെന്നു ഒരു മന്ത്രി കുറെക്കാലം പറഞ്ഞുകൊണ്ടിരുന്നു. നേതാക്കന്മാര്‍ ബോധപൂര്‍വം ഇത്തരം കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണ്?

പാതയുടെ ഇരുവശത്തും അര കിലോമീറ്റര്‍ ദൂരം വരെയുള്ള പ്രദേശത്തെ ഭൂമിയുടെ മേലും കെ-റെയില്‍ കമ്പനിക്ക് ചില പ്രത്യേക അവകാശങ്ങളുണ്ടെന്ന സൂചനയും ഡി.പി.ആറിലുണ്ട്. ആര്, ഏത് നിയമത്തിന്റെ പിൻബലത്തിലാണ് കമ്പനിക്ക് ഈ അധികാരാവകാശങ്ങള്‍ നല്‍കിയത്? അവ കെ-റെയില്‍ കമ്പനിയെ ഒരു പുതിയ കാല ഈസ്റ്റ്‌ ഇന്ത്യ കമ്പനിയാക്കുന്നു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തെങ്കിലും നടപ്പിലാകാതെ പോയ ചില പദ്ധതികളെ കുറിച്ച് കേട്ടിട്ടുണ്ട്. അങ്ങനെ സംഭവിച്ചപ്പോള്‍ ഭൂമി ഉടമകള്‍ക്ക് തിരികെ കൊടുത്തതായി കേട്ടിട്ടില്ല.

ആളുകള്‍ക്ക് ഭൂമി നഷ്ടപ്പെടുകയും അതേ സമയം സില്‍വര്‍ലൈന്‍ വരാതിരിക്കുകയും ചെയ്യാനുള്ള സാധ്യത ഈ ഘട്ടത്തില്‍ തള്ളിക്കളയാനാവില്ല. അതുകൊണ്ട് സര്‍ക്കാര്‍ പൊലീസിനെയും പാര്‍ട്ടി ഗുണ്ടകളെയും ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്താതെ പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുന്നതുവരെ ഭൂമി പിടിച്ചെടുക്കാതിരിക്കാനുള്ള സന്മനസ്സ് കാട്ടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMEast India Company
News Summary - East India Company of the CPM
Next Story