ലക്ഷദ്വീപിലെ സംഘ അജണ്ട
text_fieldsകരിമ്പിൻതോട്ടത്തിലിറങ്ങിയ കാട്ടാനയെപ്പോലെ ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നാശം വിതക്കുകയാണ്. അദ്ദേഹത്തിെൻറ പരാക്രമങ്ങൾക്കെതിരെ ആ കേന്ദ്രപ്രദേശത്തും രാജ്യത്തിെൻറ ഇതരഭാഗങ്ങളിലും പ്രതിഷേധമുയർന്നപ്പോൾ, ഒരന്വേഷണവും കൂടാതെ, ഞൊടിയിടയിൽ കേന്ദ്ര സർക്കാറും ബി.ജെ.പി കേന്ദ്ര നേതൃത്വവും ന്യായീകരണവുമായെത്തി. ഡൽഹിയിലെ മേലാളന്മാരുടെ അറിവോടും സമ്മതത്തോടുമുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം അവിടെ നടത്തുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ സംഘ്പരിവാർ എന്താണ് അവിടെ ലക്ഷ്യമിടുന്നതെന്ന് വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോൾ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന വാദം പൊള്ളയാണെന്ന് കാണാം.
നൂറ്റാണ്ടുകളായി വൻകരയുമായുള്ള ലക്ഷദ്വീപിെൻറ ബന്ധം കേരളം വഴിയാണ്. പട്ടേൽ ചുമതലയേറ്റ ഉടൻ കൊച്ചി, ബേപ്പൂർ തുറമുഖങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ച് കർണാടകത്തിലെ ന്യൂ മംഗലാപുരം തുറമുഖവുമായി ബന്ധം സ്ഥാപിക്കാൻ ദ്വീപുകളിലെ തുറമുഖ അധികൃതർക്ക് നിർദേശം നൽകി. ഇതിലൂടെ എന്തു വികസനമാണ് അവിടെ ഉണ്ടാവുക? ബി.ജെ.പി ഭരിക്കുന്ന കർണാടകത്തിലെ തുറമുഖത്തിന് അത് ഗുണംചെയ്തേക്കും. പക്ഷേ, അതിനായാണ് പട്ടേൽ ഈ നിർദേശം നൽകിയതെന്ന് ഞാൻ കരുതുന്നില്ല. യഥാർഥ ലക്ഷ്യം ദീർഘകാലത്തെ ചരിത്രപരവും സാംസ്കാരികവുമായ കേരളബന്ധം തകർത്ത് ലക്ഷദ്വീപ് നിവാസികളെ ഒറ്റപ്പെടുത്താനുള്ള ഗൂഢശ്രമത്തിനാണ് പട്ടേൽ തുടക്കമിട്ടത്. അതിനെ സദുദ്ദേശ്യപരമായ നടപടിയായി കാണാനാവില്ല. ഇത്തരം നടപടികളിലൂടെ വികസനമുണ്ടാകുമെന്ന അവകാശവാദം ശുദ്ധ അസംബന്ധമാണ്. ദ്വീപ് നിവാസികളിൽ ഒരു വലിയ വിഭാഗം മത്സ്യബന്ധനംകൊണ്ട് ഉപജീവനം നടത്തുന്നവരാണ്. അവരുടെ കടലോര ഷെഡുകൾ നിയമവിരുദ്ധ നിർമാണമെന്ന് പറഞ്ഞുകൊണ്ട് പൊളിച്ചുമാറ്റി. തീരദേശവാസികളുടെ ജീവനോപാധികൾ നശിപ്പിച്ചുകൊണ്ട് പട്ടേൽ വികസനം കൊണ്ടുവരാൻ ആദ്യം ശ്രമിച്ചത് അദ്ദേഹം കുറെ കൊല്ലങ്ങളായി ഭരിക്കുന്ന, ഗുജറാത്ത് തീരത്തുള്ള, മുൻ പോർചുഗീസ് അധിനിവേശപ്രദേശമായ ദമനിലാണ്. അവിടത്തെ തീരദേശത്തുള്ള മത്സ്യത്തൊഴിലാളികൾ താമസിച്ചിരുന്ന പ്രദേശം പട്ടേൽ പിടിച്ചെടുത്തു. അവർ പ്രതിഷേധിച്ചപ്പോൾ കൂട്ടംകൂടുന്നതും മുദ്രാവാക്യങ്ങൾ വിളിക്കുന്നതും നിരോധിച്ചു. രണ്ടു ഹൈസ്കൂൾ കെട്ടിടങ്ങൾ താൽക്കാലിക ജയിലുകളാക്കി.
തികച്ചും സമാധാനപരമായി പ്രതിഷേധിച്ചവരെയെല്ലാം അവിടെ തടവിലിട്ടു. അതിനുശേഷം അവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കിടപ്പാടം നഷ്ടപ്പെട്ടവർ ഇപ്പോഴും മേൽക്കൂരയില്ലാതെ കഴിയുന്നു. പട്ടേൽ ലക്ഷദ്വീപിൽ ഇതിനകം എടുത്തിട്ടുള്ള ചില നടപടികൾ ദമൻ സംഭവങ്ങളുടെ ആവർത്തനത്തിനുള്ള മുന്നൊരുക്കങ്ങളാണ്. ഉദ്യോഗസ്ഥന്മാരുടെ പ്രവർത്തനത്തിൽ അനാവശ്യമായി ഇടപെടുന്ന ഭരണാധികാരിയാണ് പ്രഫുൽ പട്ടേൽ. ഒരു ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് നാഗർഹവേലിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥനുമേൽ സമ്മർദം ചെലുത്തിയതിന് ഇലക്ഷൻ കമീഷൻ അദ്ദേഹത്തെ ശാസിച്ചിരുന്നു.
കേരള ഹൈകോടതിയുടെ അധികാരപരിധിയിൽപെടുന്ന പ്രദേശമാണ് ലക്ഷദ്വീപ്. പട്ടേൽ നടത്തിയ പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റങ്ങൾ കീഴ്കോടതികളുടെ സുഗമമായ നടത്തത്തിനു തടസ്സമാണെന്നു കണ്ട ഹൈകോടതി അവ റദ്ദാക്കുകയുണ്ടായി. കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥന്മാരുടെ പട്ടിക തയാറാക്കാൻ പട്ടേൽ ആവശ്യപ്പെട്ടിട്ടുള്ളതായി ഇപ്പോൾ വാർത്ത വരുന്നു.
കഴിവില്ലാത്തവരെന്ന് മുദ്രകുത്തി കുറെപ്പേരെ പുറത്താക്കിയാൽ അടുത്ത നടപടി ആ ഒഴിവുകൾ നികത്താൻ പുതിയ നിയമനങ്ങൾ നടത്തുകയാകും. കശ്മീരിൽ ചെയ്തതുപോലെ പുറത്തുനിന്നുള്ളവരെ സർക്കാറിൽ തിരുകിക്കയറ്റാനുള്ള അവസരമായി അത് മാറ്റപ്പെടും. ഇതെല്ലാം തടയാൻ രാജ്യത്ത് പൊതുജനാഭിപ്രായം സ്വരൂപിക്കേണ്ടതുണ്ട്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നവർ ഇക്കാര്യത്തിൽ നേതൃപരമായ പങ്ക് വഹിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.