അന്യായ നിയമങ്ങളുടെ ബൂട്ടിൻ കീഴിൽ
text_fieldsഭീകരപ്രവര്‍ത്തനം തടയാനുണ്ടാക്കിയ 'ടാഡ' നിയമം ദുരുപയോഗത്തെ തുടര്‍ന്ന് പിന്‍വലിക്കാന്‍ നിർബന്ധിതമായപ്പോള്‍ അതിനുപകരമായി മന്മോഹന് സിങ് സര്‍ക്കാര്‍ കൊണ്ടുവന്നതാണ് യു.എ.പി.എ. അടിസ്ഥാനപരമായി രണ്ടു നിയമങ്ങളും ചെയ്യുന്നത് ഒന്നുതന്നെ. സാധാരണഗതിയില്‍ നിയമപ്രകാരം കേസെടുക്കുമ്പോള്‍ ആരോപിതനായ വ്യക്തി പ്രസ്തുത കുറ്റങ്ങള്‍ ചെയ്തെന്നു സംശയാതീതമായി തെളിയിക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. ഭീകര വിരുദ്ധ നിയമങ്ങള്‍ െപാലീസിനെ ഈ ബാധ്യതയില്‍നിന്ന് ഒഴിവാക്കുകയും ആരോപണവിധേയനായ വ്യക്തിയെ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ ബാധ്യസ്ഥനാക്കുകയും ചെയ്യുന്നു.
ഭീകരര്‍ക്കെതിരെ തെളിവ് ശേഖരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരം വ്യവസ്ഥകള്‍ ഉണ്ടാക്കുന്നത്. സാഹചര്യങ്ങള്‍ അത് ഒഴിവാക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ നിയമത്തിെൻറ ദുരുപയോഗം തടയാന്‍ ഫലപ്രദമായ സംവിധാനമുണ്ടായേ മതിയാകൂ. യു.എ.പി.എ അത്തരം സംവിധാനം വിഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ അത് നിയമനിർമാതാക്കള്‍ ആഗ്രഹിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല.
ഒരു നിയമം ദുരുപയോഗം ചെയ്യാൻ ഏതെങ്കിലും ഒരു സാധ്യതയുണ്ടെങ്കില്‍ അത് വിനിയോഗിക്കപ്പെടുന്നുണ്ട് എന്നതാണ് അനുഭവ പാഠം.മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം draconian laws (നിർദയ നിയമങ്ങള്‍) എന്ന് വിശേഷിപ്പിക്കുന്ന ഇവയുടെ മറവിൽ കേസുകളും ജാമ്യം നിഷേധിച്ചുള്ള അറസ്റ്റുകളും ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
ഭീകര സംഘടനകളായി പ്രഖ്യാപിച്ചിട്ടുള്ളവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവര്‍ക്കെതിരെ മാത്രമായിരുന്നു യു.എ.പി.എ പ്രകാരം നടപടിയെടുക്കാൻ നേരത്തേ വ്യവസ്ഥയുണ്ടായിരുന്നത്. ഒരു ഭേദഗതിയിലൂടെ ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാനുള്ള അധികാരവും മോദി സര്‍ക്കാര്‍ കൈക്കലാക്കി. ഒരു സ്വതന്ത്ര വ്യക്തിയെ നേരിടാനും ഇത്തരം നിയമം വേണമെന്നു പറയുന്നതിലെ യുക്തിയെന്താണ്?
യു.എ.പി.എയുടെ ചരിത്രം പരിശോധിക്കുേമ്പാള്‍ കൊടിയുടെ നിറഭേദെമന്യേ സംസ്ഥാന സര്‍ക്കാറുകള്‍ അത് ദുരുപയോഗം ചെയ്യുന്നതായി കാണാം. പല പ്രതികള്‍ക്കുമെതിരായ കുറ്റം ഭീകര സംഘടനകളില്‍ അംഗങ്ങളാണെന്നോ ഭീകര പ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നോ അല്ല, ഭീകര സംഘടനകളുടെ ലഘുലേഖകള്‍ കൈവശംവെച്ചു, ഭീകര പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യം നല്കി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ്. കോഴിക്കോട് ജില്ലയിലെ അലന്, താഹ എന്ന രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറിയശേഷം അവര്‍ക്കെതിരായ കുറ്റങ്ങള്‍ ഗൗരവമുള്ളതല്ലെന്നു കാണിച്ച് മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന് കത്തെഴുതേണ്ടി വന്നു. ഇതെല്ലാം വിഷയം ബന്ധപ്പെട്ടവര്‍ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നുവെന്ന് തെളിയിക്കുന്നു.
ഔദ്യോഗിക കണക്കുകളനുസരിച്ച് 2.2 ശതമാനം യു.എ.പി.എ കേസുകളില്‍ മാത്രമാണ് െപാലീസിന് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയുന്നത്. വര്‍ഷങ്ങള്‍ നീണ്ടുപോകുന്ന വിചാരണക്കുശേഷമാണ് പ്രതി കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെ വിടുന്നത്. സാധാരണഗതിയില്‍ യു.എ.പി.എ കേസ് പ്രതികള്‍ക്ക് ജാമ്യത്തിനര്‍ഹതയില്ല. അതായത് ആരോപണങ്ങൾ പൊള്ളയാണെന്ന് ബോധ്യപ്പെട്ട് നിരപരാധിയെന്ന് വിധിച്ച് കോടതി വെറുതെ വിടുമ്പോഴേക്കും അവര്‍ ജീവിതത്തിെൻറ ഒരു നല്ല ഭാഗം ജയിലില്‍ ഹോമിച്ചിരിക്കും. കൊടും അനീതിയാണിത്.
ഏഴു മാസമായി ഡല്‍ഹി നഗരത്തിനു പുറത്ത് തണുപ്പും വെയിലും മഴയുമേറ്റ് സമാധാനപരമായി അവരുടെ താല്പര്യങ്ങളെ ഹനിക്കുന്ന നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ നേതാക്കള്‍ക്കെതിരെയും യു.എ.പിഎ ചുമത്തിയിട്ടുണ്ട്. അക്രമത്തിനു പരസ്യമായി ആഹ്വാനംചെയ്ത ഭരണകക്ഷി നേതാക്കള്‍ ഒരു നടപടിയും നേരിടാതെ നടക്കുമ്പോള്‍ അക്രമത്തിനു വിധേയരായവരും സമാധാനപരമായി പ്രതിഷേധിച്ചവരും യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന കാഴ്ചയും രാജ്യതലസ്ഥാനത്ത് കാണാവുന്നതാണ്.
ഒരു കൊല്ലം മുമ്പ് യു.എ.പി.എ വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത മൂന്നു വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കവെയാണ് ഡല്‍ഹി ഹൈകോടതി യു.എ.പി.എയുടെ ദുരുപയോഗത്തെക്കുറിച്ച് പരാമര്‍ശിച്ചത്. സാധാരണ നിയമത്തിെൻറ പരിധിയില്‍ ഒതുങ്ങുന്ന സംഭവങ്ങളെ പൊലീസ് വലിച്ചുനീട്ടി തീവ്രവാദ പ്രവര്‍ത്തനത്തിെൻറ പരിധിയില്പെടുത്തുന്നതായി ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, അനൂപ് ജയറാം ഭംഭാനി എന്നിവര്‍ നിരീക്ഷിച്ചു.
സുപ്രീംകോടതി 1994ലെ ഒരു വിധിയില്‍ അക്കാലത്ത് നിലനിന്നിരുന്ന ടാഡ നിയമത്തിെൻറ ദുരുപയോഗത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ വെളിച്ചത്തിലാണ് ഡല്‍ഹി ഹൈകോടതി യു.എ.പി.എ പ്രവര്‍ത്തനം പരിശോധിച്ചത്.ഒരാള്‍ ഭീകര പ്രവര്‍ത്തനം നടത്തിയില്ലെങ്കില്തന്നെയും നടത്താനുള്ള സാധ്യതയുണ്ടെങ്കില്‍ അയാള്‍ക്കെതിരെ യു.എ.പി.എ ചുമത്താനാകുമെന്ന ഡല്‍ഹി പൊലീസ് വാദം തള്ളിയ കോടതി ക്രിമിനല്‍ കുറ്റങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ അങ്ങനെ വലിച്ചുനീട്ടാനാകില്ലെന്നും ചൂണ്ടിക്കാട്ടി.ക്രമസമാധാനം തകരാറിലായതുകൊണ്ടുമാത്രം ഒരു കൃത്യം ഭീകരപ്രവർത്തനമാകില്ലെന്ന കോടതിയുടെ നിരീക്ഷണം ശ്രദ്ധാർഹമാണ്.
ഹൈകോടതി മൂന്ന് വിദ്യാര്‍ഥികള്‍ക്കും ജാമ്യം അനുവദിച്ചു. കേന്ദ്രത്തിെൻറ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് വിധി അസ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ആ ആവശ്യം നിരസിച്ചു. അതേസമയം മറ്റു കോടതികള്‍ ഈ ഹൈകോടതി വിധിയെ കീഴ്വഴക്കമായി കാണരുതെന്ന് അത് നിരീക്ഷിച്ചു. മുന്‍കാല സുപ്രീംകോടതി വിധികളെ ആധാരമാക്കിയുള്ള ആ വിധി കീഴ്വഴക്കമായി കാണുന്നതില്‍ എന്ത് അപാകതയാണുള്ളതെന്ന് കോടതി വ്യക്തമാക്കിയില്ല.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.