അലൻ, താഹ കേസ്: ഹൈകോടതി വിധി നിരാശജനകം
text_fieldsമാവോവാദി ബന്ധം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് അറസ്റ്റിലായ അലൻ, താഹ എന്നീ യുവാക്കൾക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത് 2020 സെപ്റ്റംബർ മാസത്തിലായിരുന്നു. 2019 നവംബർ മാസത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട അവർ മാസങ്ങളോളം ജയിലിൽ കിടന്നു. പ്രത്യേക കോടതി ഉത്തരവിനെതിരെ കേന്ദ്രം ഫയൽ ചെയ്ത അപ്പീലിൽ ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് കെ. ഹരിപാൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കഴിഞ്ഞ ജനുവരി നാലാംതീയതി വിധി പറഞ്ഞിരിക്കുന്നു. പ്രത്യേക കോടതി ഉത്തരവ് തെറ്റാണെന്ന് പറഞ്ഞ ഡിവിഷൻ ബെഞ്ച് വിധിയെഴുതിയ ന്യായാധിപനെ തികച്ചും അനുചിതമായ രീതിയിൽ വിമർശിക്കുകയും ചെയ്തു. നീതിരഹിതവും സ്വാതന്ത്ര്യവിരുദ്ധവുമായ ഡിവിഷൻ ബെഞ്ച് വിധിയുടെ നിയമപരതയും വിമർശനത്തിന് വിധേയമാക്കപ്പെടണം.
പ്രത്യേക കോടതി ജാമ്യം നൽകുന്ന ഉത്തരവിനു മുന്നോടിയായി രേഖകളും തെളിവുകളും കൂടുതൽ ആഴത്തിൽ പരിശോധിച്ചു എന്നതാണ് ഉത്തരവ് തെറ്റെന്ന് വിലയിരുത്താൻ ഡിവിഷൻബെഞ്ച് കണ്ടെത്തിയ ഒരു ന്യായം. ജാമ്യം നൽകാനായി കൂടുതൽ ആഴത്തിലുള്ള വിശകലനം നടത്തിയത് ഒരു തെറ്റാകുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് പരാമർശിച്ച സഹൂർ അഹ്മദ് ഷാ വടാലി (2019) കേസ് വിധി വായിച്ചാൽത്തന്നെ ബോധ്യപ്പെടും. സുപ്രീംകോടതി വിധിയുടെ പ്രസക്ത ഭാഗം ഡിവിഷൻബെഞ്ച് വിധിയുടെ 22ാം ഖണ്ഡികയിൽ ഉദ്ധരിക്കപ്പെട്ടത് പ്രത്യേകം ശ്രദ്ധേയമാണ്. കുറ്റാരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് പറയാൻ ആവശ്യമായതിനേക്കാൾ 'കനപ്പെട്ട' ബോധ്യം വേണം, മറിച്ചുപറയാൻ എന്നതാണ് സുപ്രീംകോടതി വിധിയുടെ സൂചന. അങ്ങനെയെങ്കിൽ, ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ രേഖകളും തെളിവുകളും കൂടുതൽ വിശദമായി പരിശോധിച്ച പ്രത്യേക ന്യായാധിപെൻറ നടപടി തെറ്റാകുന്നതെങ്ങനെയാണ്?
കോടതിവിധികൾ പാർലമെൻററി നിയമങ്ങളെപ്പോലെ കണിശമായ രീതിയിൽ വായിക്കപ്പെടേണ്ടവയല്ല. വിധിയിലെ ഖണ്ഡികകളും നിയമത്തിലെ വ്യവസ്ഥകളും തമ്മിലുള്ള വ്യത്യാസം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. വിധിയിലൂടെ നിയമതത്ത്വങ്ങൾ ഉരുത്തിരിഞ്ഞുവരുമെങ്കിലും അവയെ യാന്ത്രികമായി പ്രയോഗിക്കുന്നത് ശരിയല്ല. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ലക്ഷങ്ങൾ സംഭാവന ചെയ്തുവെന്നതാണ് സഹൂർ വടാലിക്കെതിരായ ആരോപണങ്ങളിലൊന്ന്. അലൻ, താഹമാരുടെ കേസിലാകട്ടെ, പ്രതികൾ നിയമവിരുദ്ധ സംഘടനയിൽ അംഗമാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്ന് ഡിവിഷൻ ബെഞ്ച് തന്നെ വ്യക്തമാക്കുന്നു (ഖണ്ഡിക 26). 'നിയമവിരുദ്ധ സംഘടനയുമായി ബന്ധമുള്ളവരുമായി ബന്ധമുണ്ട്' എന്ന രീതിയിലാണ് ആരോപണം. കൂടുതൽ വിശദമായ പരിശോധനക്കു ശേഷം ജാമ്യം നൽകിയ പ്രത്യേകകോടതി വിധി തെറ്റെങ്കിൽ, സാമാന്യം വിശദമായിത്തന്നെ തെളിവുകൾ വിശകലനം ചെയ്ത് ജാമ്യം നിഷേധിച്ച ഹൈകോടതി വിധിെയ ഏതു യുക്തികൊണ്ട് ന്യായീകരിക്കും?
ഇനി അഥവാ, പ്രത്യേക കോടതി അൽപം ആഴത്തിൽ കാര്യങ്ങൾ പരിശോധിച്ച് നിഗമനസമാനമായ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ടെങ്കിൽ പോലും, അത്, കൊടുത്ത ജാമ്യം നിഷേധിക്കുന്നതിനുള്ള ന്യായമാകുന്നതെങ്ങനെയാണ്? പ്രതികൾ മൊബൈൽ ഫോൺ കൈയിൽവെക്കാതിരുന്നതിനെപ്പോലും തെളിവായി കണ്ട ഡിവിഷൻ ബെഞ്ച് തെളിവില്ലായ്മയെത്തന്നെ തെളിവായി കാണുകയല്ലേ ചെയ്തത്? പ്രത്യയശാസ്ത്രങ്ങളിലുള്ള കേവല വിശ്വാസങ്ങൾ, അവ അക്രമത്തിനുള്ള ആഹ്വാനമാകാത്തിടത്തോളം, കുറ്റകരമല്ല എന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയതാണ്. അരുപ് ഭുയാൻ കേസ് (2011), ഇന്ദ്രാദാസ് കേസ് (2011) എന്നിവ ഉദാഹരണങ്ങളിൽ ചിലതു മാത്രം. നിരോധിത സംഘടനയിലെ സജീവ അംഗത്വത്തിെൻറ പേരിൽ പോലുമല്ല, മറിച്ച് പ്രത്യയശാസ്ത്രാഭിമുഖ്യം പ്രകടിപ്പിക്കുന്നതായി ഡിവിഷൻ ബെഞ്ച് കരുതുന്ന ചില കാര്യങ്ങളുടെ പേരിലാണ് പുറത്തിറങ്ങിയ ഒരു പ്രതി വീണ്ടും ജയിലിലേക്ക് പോകണമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞുവെച്ചത്. ഈ യുക്തി വിചിത്രവും ഭയാനകവുമാണ്.
രണ്ടു പ്രതികളും ചെറുപ്പക്കാരാണ്. ഏതാണ്ട് സമപ്രായക്കാർ. രണ്ടുപേരും ജയിലിൽനിന്ന് കുറച്ച് മാസങ്ങൾക്കു മുമ്പ് പുറത്തുവന്നവരാണ്. അതിനുശേഷം എന്തെങ്കിലും പ്രശ്നങ്ങൾ അവർ കാരണം ഉണ്ടായതായി കോടതിക്കുപോലും തോന്നിയിട്ടില്ല. രണ്ടിലൊരാൾക്ക് പ്രായത്തിെൻറയും രോഗചികിത്സയുടെയും പേരിൽ ജാമ്യം തുടരാവുന്നതാണെന്ന് വ്യക്തമാക്കിയ കോടതി, ഫലത്തിൽ മറ്റേയാൾ ജയിലിലേക്ക് തിരിച്ചുപോകണമെന്നു പറഞ്ഞു. ഇതിനു പറഞ്ഞ കാരണങ്ങളാകട്ടെ, ദുർബലവും നിയമപരമായി അംഗീകരിക്കാൻ പ്രയാസമുള്ളതുമാണ്. ഏതായാലും ജാമ്യം നൽകണമോ വേണ്ടയോ എന്ന് ആദ്യമായി പരിശോധിക്കുന്ന വിധത്തിലായിപ്പോയി പത്തുമാസത്തോളം ജയിലിൽ കിടന്ന് പുറത്തിറങ്ങിയവരുടെ കാര്യത്തിൽ ഹൈകോടതി നടത്തിയ ഇടപെടൽ.
കരിനിയമം എന്ന് വ്യാപകമായി വിമർശിക്കപ്പെട്ട യു.എ.പി.എ എന്ന നിയമത്തിലെ 13, 38, 39 വകുപ്പുകൾ ചിലയിനം കുറ്റങ്ങളെക്കുറിച്ചും ശിക്ഷാവിധികളെക്കുറിച്ചും പറയുന്നുണ്ട്. ഈ വ്യവസ്ഥകളെയും ജാമ്യനിഷേധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന 43 ഡി വകുപ്പിനെയും അവലംബിച്ചുകൊണ്ടുള്ളതാണ് ഡിവിഷൻ ബെഞ്ച് വിധി. നിയമത്തിലെ വ്യവസ്ഥകളെ അവലംബിക്കാനല്ലാതെ മാറ്റിമറിക്കാൻ കോടതിക്ക് കഴിയില്ല. എന്നാൽ, നിയമവ്യവസ്ഥകളെ കേസിലെ സവിശേഷ വസ്തുതകളുടെ പശ്ചാത്തലത്തിൽ വിലയിരുത്താൻ ഹൈകോടതി ഡിവിഷൻ ബെഞ്ചിന് ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഡിവിഷൻ ബെഞ്ചിെൻറ സമീപനം നിരാശജനകമാണ് എന്ന് പറയട്ടെ. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളുടെ കാര്യത്തിൽ ജയിലാണ് നിയമം, ജാമ്യമല്ല എന്ന സൂചന വിധിയുടെ 19ാം ഖണ്ഡികയിൽ കാണാം. മൗലികാവകാശങ്ങളെ സംരക്ഷിക്കാനും ഭരണകൂടത്തിെൻറ ആസുരതയിൽനിന്ന് പൗരന്മാരെ സംരക്ഷിക്കാനും ബാധ്യതപ്പെട്ട ഹൈകോടതിയിൽനിന്ന് ഇങ്ങനെയൊരു സമീപനം ഉണ്ടായത് തികച്ചും നിർഭാഗ്യകരമാണ്.
സുപ്രീംകോടതി ന്യായാധിപരുടെ പേര് വിധിയിൽ എടുത്തെഴുതിയതിെൻറ പേരിലും ഭരണഘടന കോടതിയെപ്പോലെ, അഥവാ കോർട്ട് ഓഫ് റെേക്കാഡ് ആണെന്ന വിധത്തിൽ, വിധിയെഴുതിയതിനും ഡിവിഷൻ ബെഞ്ച് പ്രത്യേക കോടതി ന്യായാധിപനെ നിശിതമായി വിമർശിക്കുന്നുണ്ട്. സുപ്രീംകോടതി ന്യായാധിപരുടെ പേരുകൾ പറയാനുള്ള അവകാശം കീഴ്കോടതി ന്യായാധിപർക്കില്ലെന്ന കണ്ടെത്തൽ ഏത് നിയമത്തിെൻറ അല്ലെങ്കിൽ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിെൻറ അടിസ്ഥാനത്തിലാണ്? അങ്ങനെയൊരു നിയമം ഇന്ത്യയിൽ ഉള്ളതായി അറിഞ്ഞുകൂടാ.
ഏതായാലും ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചിെൻറ വിധിയെക്കാൾ നീതിയുടെ താൽപര്യങ്ങളോട് ചേർന്നുനിൽക്കുന്നത് പ്രത്യേക കോടതി ന്യായാധിപെൻറ വിധിതന്നെയാണെന്ന് പറഞ്ഞുകൊള്ളട്ടെ. രണ്ടു വിധികളും പൂർണമായി വായിച്ചശേഷം പറയുന്നതാണ് ഈ അഭിപ്രായം. സുപ്രീംകോടതിയുടെ വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച വിധിന്യായങ്ങളോട് യോജിച്ചുനിൽക്കുന്നതും പ്രത്യേക കോടതി ന്യായാധിപെൻറ വിധിതന്നെയാണ്. അടിയന്തരാവസ്ഥക്കാലത്തുപോലും വ്യക്തിസ്വാതന്ത്ര്യത്തിന് അനുകൂലമായ നിലപാടെടുത്ത ചില ഹൈകോടതികളെങ്കിലും ഇന്ത്യയിലുണ്ട്. എന്നാൽ, നാം ഇപ്പോൾ എവിടെയെത്തിനിൽക്കുന്നു? ഈ ചോദ്യത്തിനുള്ള അസുഖകരമായ ഉത്തരമാണ് കേരള ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചിെൻറ വിധി.
അടിക്കുറിപ്പ്:
മഹാനായ അഭിഭാഷകനായ കെ.ജി. കണ്ണബിരാനോട് ന്യായാധിപെൻറ ചോദ്യം: ഭരണഘടനയിൽ വിശ്വസിക്കുകപോലും ചെയ്യാത്ത നക്സലൈറ്റുകൾക്കും മറ്റും വേണ്ടി താങ്കൾ വാദിക്കുന്നതെങ്ങനെയാണ്?
കണ്ണബിരാെൻറ ഉത്തരം: ഭരണഘടനയിലുള്ള നക്സലൈറ്റുകളുടെ വിശ്വാസമല്ല; അതിൽ അങ്ങേക്കുള്ള വിശ്വാസവും ബോധ്യവുമാണ് ഇപ്പോൾ വിചാരണ ചെയ്യപ്പെടുന്നത്!
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)
(ട്വിറ്റർ: KaleeswaramR)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.