Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനീതിയുടെ വിതാനങ്ങൾchevron_rightആര്യൻഖാൻ കേസ്​...

ആര്യൻഖാൻ കേസ്​ പാഠങ്ങൾ; പാഠഭേദങ്ങൾ

text_fields
bookmark_border
Aryan Khan
cancel

ആര്യൻ ഖാന്​ ഒടുവിൽ ബോംബെ ഹൈകോടതി ​ജാമ്യം അനുവദിച്ചിരിക്കുന്നു. ബോളിവുഡ്​ താരം ഷാറൂഖ്​ ഖാ​ന്‍റെ മകനായതുകൊണ്ടും മറ്റുപല കാരണങ്ങൾ കൊണ്ടും ഈ യുവാവിനെതിരെയുള്ള കേസും ആരോപണ പ്രത്യാരോപണങ്ങളും മാധ്യമശ്രദ്ധയും ജനശ്രദ്ധയും ആകർഷിച്ചു. അതിൽ അത്ഭുതവും ഇല്ല. കേന്ദ്രം ഭരിക്കുന്ന മുന്നണിയോട്​ വലിയ ആഭിമുഖ്യമോ വിധേയത്വമോ പ്രകടിപ്പിച്ചിട്ടില്ലാത്ത ഷാറൂഖ്​ ഖാൻ, പ്രതിപക്ഷ രാഷ്​ട്രീയ നേതൃത്വങ്ങളോട്​ താരതമ്യേന കൂടുതലായി അടുത്തുവെന്ന്​ കരുതുന്നവർ ഏറെ. ഇതിനുമുമ്പും ബോളിവുഡ്​ താരങ്ങളിൽ രാഷ്​ട്രീയമായ ചേരിതിരിവുണ്ടായതും വ്യത്യസ്​ത അധികാര കേന്ദ്രങ്ങളിൽനിന്ന്​ അവർക്കുനേരെ ഭീഷണി ഉണ്ടായതും വാർത്തയായിരുന്നുവല്ലോ. ഭരണകർത്താക്കൾ രാജ്യത്തെ ഔദ്യോഗിക അന്വേഷണ ഏജൻസികളെ രാഷ്​ട്രീയ പ്രതിരോധികൾക്കെതിരെ ഉപയോഗിക്കുന്നത്​ ഇപ്പോൾ അധികാരത്തി​ന്‍റെ ദിനചര്യയായിത്തീർന്നിരിക്കുന്നു.

മയക്കുമരുന്ന്​ ഉൽപാദിപ്പിക്കുന്നതും കൈവശം വെക്കുന്നതും വിപണനം ചെയ്യുന്നതുമെല്ലാം ഗൗരവപ്പെട്ട കുറ്റകൃത്യങ്ങൾ തന്നെയാണ്​. 1985ൽ ഇന്ത്യൻ പാർലമെൻറ്​ പാസാക്കിയ നിയമവും ഇതേ സമീപനമാണ്​ സ്വീകരിച്ചിട്ടുള്ളത്​. കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കടുത്തതാണ്​. കേസിൽ പെട്ടവർക്ക്​ ജാമ്യം ലഭിക്കുക ഏറെ പ്രയാസകരവുമാണ്​. ആ നിലയിലാണ്​ നിയമത്തിലെ ജാമ്യവ്യവസ്​ഥകൾ രൂപകൽപന ചെയ്യപ്പെട്ടത്​.

ഇതേ കാരണങ്ങൾ കൊണ്ടുതന്നെ ഈ നിയമത്തി​ന്‍റെയും ദുരുപയോഗം വല്ലാതെ വർധിച്ചിട്ടുണ്ടെന്നു കാണാം. രാഷ്​ട്രീയ പ്രതിയോഗികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം മുതൽ തീവ്രവാദക്കുറ്റം വരെ ആരോപിച്ച്​ അവരെ ജയിലിലടക്കാൻ ഒരുങ്ങിനിൽക്കുന്ന ഭരണകൂടം സാഹചര്യങ്ങൾ മാറുന്നതനുസരിച്ച്​ മയക്കുമരുന്നിനെതിരായ നിയമവ്യവസ്​ഥകളെയോ ശിക്ഷാനിയമത്തിലെ വ്യവസ്​ഥകളെയോ മറ്റു​ പ്രത്യേക നിയമങ്ങളിലെ വ്യവസ്​ഥകളെയോ ഉപയോഗിക്കുന്നു. ചില പ്രത്യേക കരിനിയമ വ്യവസ്​ഥകൾക്കെതിരെ പോരാടു​േമ്പാഴും ഇത്തരം പരമ്പരാഗത നിയമങ്ങളെയും അധികാരികൾക്ക്​ ആർക്കെതിരെയും പ്രയോഗിക്കാനുള്ള അവസരം ധാരാളമായുണ്ടെന്ന്​ പൗരാവകാശ പ്രവർത്തകർ ഓർമിക്കേണ്ടതായുണ്ട്​. രാജ്യദ്രോഹ വ്യവസ്​ഥകൾപോലെ കോടതിയിൽ ചോദ്യംചെയ്യപ്പെട്ട നിയമങ്ങൾ റദ്ദാക്കപ്പെട്ടാൽപോലും ഇതര നിയമങ്ങളുടെ ദുരുപയോഗം ഒരു തുടർക്കഥയാകാനാണിട. അതിനാലാണ്​ രാഷ്​ട്രീയമായ ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന്​ പ്രത്യേകം പറയേണ്ടിവരുന്നത്​.

ആര്യൻ ഖാൻ കേസ്​ മറ്റുചില പാഠങ്ങൾ കൂടി പറഞ്ഞുതരുന്നുണ്ട്​. പ്രതികൾ അറസ്​റ്റുചെയ്യപ്പെട്ട നാൾതൊട്ട്​ തുടങ്ങിയ മാധ്യമവിചാരണ ഇപ്പോഴും അവസാനിച്ചിട്ടില്ല. മുമ്പ്​ സുശാന്ത്​ സിങ്​ രാജ്​പുത്തി​ന്‍റെ മരണത്തോടനുബന്ധിച്ച്​ ചില മാധ്യമങ്ങൾ ബോളിവുഡ്​ നടിയായ റിയ ചക്രവർത്തിയെ എത്ര ഭീകരമായാണ്​ വേട്ടയാടിയത്​ എന്ന്​ എല്ലാവരും കണ്ടതും കേട്ടതുമാണ്​. സമാനമായ ഒരു മാധ്യമവിചാരണയാണ്​ ആര്യൻ ഖാ​ന്‍റെ വിഷയത്തിലും ഉണ്ടായത്​. എന്നാൽ, ജാമ്യാപേക്ഷ കോടതിയിൽ വരു​േമ്പാഴേക്കും കേസ്​ അന്താരാഷ്​ട്ര ബന്ധങ്ങളെക്കുറിച്ചുള്ള ഗുരുതരാരോപണമായി പരിണമിച്ചതിലെ പ്രകടമായ യുക്​തിരാഹിത്യവും നിയമരാഹിത്യവും വിശദീകരിക്കാനും അ​ങ്ങനെ ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കാനും ശ്രമിച്ച മാധ്യമങ്ങൾ ഏറെ ഉണ്ടായതുമില്ല.

മെച്ചപ്പെട്ട അഭിഭാഷകരും മറ്റുള്ളവരും ആത്മാർഥമായി ശ്രമിച്ചതി​ന്‍റെ പേരിൽ ആര്യൻ ഖാന്​ ജാമ്യം നേടിയെടുക്കാൻ കഴിഞ്ഞു. എന്നാൽ, രാജ്യത്തി​ന്‍റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്​ത വിഭാഗം ആളുകൾ വർഷങ്ങളായി തടവറയിൽ കഴിയുകയാണ്​. ഇവരിൽത്തന്നെ നല്ലൊരു വിഭാഗം രാഷ്​ട്രീയ തടവുകാരാണ്. അനിശ്ചിതമായി നീണ്ടുപോകുന്ന ഇവരുടെ ജയിൽവാസം ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടന മൂല്യങ്ങൾക്കും മുന്നിലുള്ള വലിയ ചോദ്യചിഹ്നമാണ്​.

മറ്റൊരു പ്രധാന കാര്യം, ആര്യൻ ഖാൻ കേസി​ന്‍റെ ഉൽപത്തിയും തുടർന്നുള്ള മാധ്യമവിചാരണകളും നമ്മുടെ പൊതുമണ്ഡലത്തിൽ അവ ഉണ്ടാക്കുന്ന പ്രഭാവവും ആണ്​. അസം മുതൽ ഉത്തർപ്രദേശ്​ വരെയുള്ള സംസ്​ഥാനങ്ങളിൽ ഭരണകൂടം പൗരന്മാരെ നേരിട്ട്​ കൊന്നുകളയുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ ആണ്​ ആര്യൻ ഖാൻ കേസ്​ രൂപപ്പെടുന്നത്​. അന്വേഷണ ഉദ്യോഗസ്​ഥ​ന്‍റെ വിശ്വാസ്യതയെത്തന്നെ ചോദ്യംചെയ്യുന്ന ആരോപണങ്ങളുണ്ടായതിനെ ഇതിനോട്​ ചേർത്തുവായിക്കുക. ഇന്ധനവില മുതൽ ഭരണകൂടാതിക്രമങ്ങൾ വരെയുള്ള വിവിധ വിഷയങ്ങൾ മാറ്റിവെച്ച്​ ദേശീയ മാധ്യമങ്ങളിൽ പലതും ആര്യൻ ഖാനെ വിചാരണ ചെയ്​തതിനെയും ശ്രദ്ധിക്കുക. അപ്പോൾ മനസ്സിലാകും, മാധ്യമവിചാരണയുടേത്​ കേവലം സെൻസേഷനലിസത്തി​ന്‍റെ മാത്രം പ്രശ്​നമ​ല്ലെന്ന്​​. ഇത്തരം 'വിചാരണകൾ' പ്രോസിക്യൂഷ​ന്‍റെയും പ്രതികളുടെയും നിയമപരമായ അവകാശങ്ങളെ നിരന്തരം ലംഘിക്കുന്നു. അതിലുപരി, പുതിയ കാലത്ത്​ മാധ്യമവിചാരണ മറ്റൊരു രാഷ്​ട്രീയ ലക്ഷ്യം കൂടിയാണ്​ നേടിയെടുക്കുന്നത്​.

ജനജീവിത ദുരിതങ്ങളെ മറച്ചുപിടിച്ചുകൊണ്ട്​, വായനക്കാരനെയും പ്രേക്ഷകനെയും സെലിബ്രിറ്റികൾ ഉൾപ്പെട്ട കേസുകളുടെ വിഭ്രമാത്മക ലോകത്തേക്ക്​ അവർ കൂട്ടിക്കൊണ്ടുപോകുന്നു. അതിൽ പെട്ടുപോകുന്ന അഭ്യസ്​തവിദ്യർ പോലും പിന്നീട്​ രാജ്യത്തി​ന്‍റെ പൊതുമുതലുകൾ കുത്തകകൾക്ക്​ തീറെഴുതുന്ന ഭരണകൂട വാണിജ്യത്തെക്കുറിച്ചോ കരിനിയമങ്ങളുപയോഗിച്ച്​ വിമർശകരെ ജയിലിൽ അടക്കുന്നതിനെക്കുറിച്ചോ പരാതി പറയാൻ ഇടയില്ല! ഇതുതന്നെയാണ്​ ഭരണകൂടത്തിന്​ ദാസ്യവൃത്തി ചെയ്യുന്ന വൻകിട ദേശീയമാധ്യമങ്ങൾ ഉദ്ദേശിക്കുന്നതും. ചുരുക്കത്തിൽ വാണിജ്യപരവും രാഷ്​ട്രീയവുമായ 'ലാഭം' തന്നെയാണ്​ അവരുടെ ലക്ഷ്യം.

ഇതെല്ലാമാണെങ്കിലും മാധ്യമവിചാരണക്കെതിരെ പുതിയ നിയമങ്ങൾ കൊണ്ടുവരുക എളുപ്പമല്ല. അങ്ങനെ കൊണ്ടുവരുന്ന നിയമങ്ങൾതന്നെ കൂടുതൽ അപകടകരമാകാനും മതി. അവയെപ്പോലും സ്വതന്ത്ര മാധ്യമങ്ങൾക്കെതിരെ പ്രയോഗിക്കാൻ ഭരണകൂടം മടിക്കില്ലെന്നതും കാണണം. അതിനാൽ മാധ്യമങ്ങൾക്കുമേലുള്ള ജനാധിപത്യപരമായ നിയന്ത്രണം അവയുടെ സ്വയം നിയന്ത്രണം തന്നെയായിരിക്കും. 2012ൽ സഹാറാ കേസിൽ സുപ്രീംകോടതി ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി.

എല്ലാ പ്രശ്​നങ്ങൾക്കും നിയമപരമായി പരിഹാരം കാണാനാകും എന്നത്​ തെറ്റിദ്ധാരണയാണ്​. മാധ്യമവിചാരണയെ നേരിടണമെങ്കിൽ മാധ്യമങ്ങളെ വിചാരണ ചെയ്യാൻ ജനങ്ങളെ പ്രാപ്​തരാക്കുകയാണ്​ വേണ്ടത്​. കർഷകസമരത്തിൽ ഏർപ്പെട്ട നേതാക്കൾ, കേന്ദ്രത്തെ അന്ധമായി പിന്താങ്ങുന്ന വൻകിട മാധ്യമ സ്​ഥാപനങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തിയപ്പോൾ സംഭവിച്ചത്​ ഇത്തരമൊരു വിചാരണയായിരുന്നു. പുതിയ കാലത്തെ മാധ്യമവിചാരണക്കെതിരെ ജനങ്ങളെ, വായനക്കാരെ, പ്രേക്ഷകരെ രാഷ്​ട്രീയമായി വിദ്യാഭ്യാസം ചെയ്യിക്കുകയാണ്​ വേണ്ടത്​. ഭരണഘടനാ മൂല്യങ്ങളെ വളർത്തിയെടുക്കേണ്ടത്​ കോടതിമുറികളിൽ മാത്രമല്ല, തെരുവുകളിലും ഗ്രാമാന്തരങ്ങളിലും കൂടിയാണ്​!

ട്വിറ്റർ: @Kaleeswaram R

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aryan Khan case
News Summary - Aryan Khan case lessons
Next Story