കോവിഡ് വ്യാപനം: സുപ്രീംകോടതിയുടേത് മൃദുസമീപനം
text_fieldsകോവിഡ് കൂട്ടമരണങ്ങൾക്കിടയിലും സെൻട്രൽ വിസ്റ്റ പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാറിനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്ന പ്രതീകാത്മക ചിത്രം
പുതിയ കോവിഡ് സാഹചര്യത്തിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇക്കഴിഞ്ഞ ഏപ്രിൽ 30ന് പുറപ്പെടുവിച്ച ഉത്തരവ് പല കാരണങ്ങളാലും സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്. രാജ്യത്ത് മാരകമായി പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയെ നേരിടാൻ ലോക്ഡൗൺ കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്നാണ് ഉത്തരവിലെ ഒരു നിരീക്ഷണം. അങ്ങനെ ലോക്ഡൗൺ കൊണ്ടുവരുന്ന പക്ഷം, പാർശ്വവത്കൃതവിഭാഗങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാനുള്ള നടപടികൾ കാലേക്കൂട്ടി സ്വീകരിക്കണമെന്നും ഉത്തരവിൽ ഉണ്ട്. ഒപ്പം, രാജ്യത്തെ ആശുപത്രികളിലെ ചികിത്സക്കായുള്ള ഓക്സിജൻ ക്ഷാമം അടിയന്തരമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് നിർദേശിച്ചിട്ടുണ്ട്.
മതിയായ ഓക്സിജൻ ശേഖരം ഉറപ്പുവരുത്താൻ സർക്കാറുകൾക്ക് കടമയുണ്ടെന്ന് കോടതി പറഞ്ഞു. ഓക്സിജൻ ലഭിക്കാനായി അല്ലെങ്കിൽ മറ്റുതരം ചികിത്സാസഹായങ്ങൾ കിട്ടുവാനായി സാമൂഹിക മാധ്യമങ്ങളിൽ അഭ്യർഥന നടത്തുന്നവർക്കെതിരെ കേസെടുക്കുന്ന കിരാത നടപടി അവസാനിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഈദൃശ പ്രവർത്തനങ്ങൾ ഇതിനകം കുപ്രസിദ്ധി ആർജിച്ചതാണല്ലോ? ആശുപത്രിയിൽ പ്രവേശനം നൽകുന്നതിനായി രാജ്യത്താകെ ബാധകമാക്കാനാകുന്ന ഒരു പൊതുനയം കേന്ദ്ര സർക്കാർ രണ്ടാഴ്ചക്കകം രൂപവത്കരിക്കണമെന്നും പരമോന്നത കോടതി പറഞ്ഞു.
അങ്ങനെ നയം രൂപവത്കരിക്കുന്നതുവരെ തിരിച്ചറിയൽ കാർഡില്ലാത്തതിന്റെ പേരിൽ മാത്രം ആർക്കും ആശുപത്രിയോ മരുന്നോ നിഷേധിക്കാൻ പാടില്ല എന്നതും കോടതിയുടെ നിർദേശമാണ്. കോവിഡ് വാക്സിന്റെ വില, വിതരണം തുടങ്ങിയ കാര്യങ്ങളിൽ ആവശ്യമായ പുനരാലോചന നടത്തി സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലെ ഇപ്പറഞ്ഞ നിർദേശങ്ങളെ ആരും എതിർക്കുകയില്ല. കോടതിയുടെ ഉദ്ദേശ്യശുദ്ധിയും വിഷയത്തിലുള്ള ഉത്കണ്ഠയും സുവ്യക്തമാണ്. എന്നാൽ, ഇത്തരത്തിലുള്ള ഒരു മൃദുസമീപനം മാത്രമായിരുന്നുവോ സുപ്രീംകോടതിയിൽനിന്ന് കേന്ദ്ര സർക്കാർ അർഹിച്ചിരുന്നത്? സർക്കാറിന്റെ നയങ്ങളെക്കുറിച്ചുള്ള ഒരു സൗഹൃദസംവാദം മാത്രം നടത്തി, കാര്യങ്ങളെ കഴിവുകെട്ട ഒരു ഭരണകൂടത്തിന്റെ ഇല്ലാത്ത ഇച്ഛാശക്തിക്ക് വിട്ടുകൊടുത്തുകൊണ്ട് അടുത്ത കേസ് തീയതിയായ മേയ് 10 വരെ കാത്തിരിക്കാവുന്ന അവസ്ഥയിലാണോ രാജ്യം ഇപ്പോഴുള്ളത്? വ്യത്യസ്ത ഹൈകോടതികൾ കൂടുതൽ കണിശമായും കർക്കശമായും അതത് പ്രദേശങ്ങളിലെ കേസുകൾ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിൽ ലോകത്തെ ഏറ്റവും ശക്തമായ സുപ്രീംകോടതിക്ക് കേന്ദ്ര സർക്കാറിനോട് കൂടുതൽ വിമർശനാത്മകമായ നിലപാട് സ്വീകരിക്കാൻ കഴിയേണ്ടതായിരുന്നില്ലേ?
വാസ്തവത്തിൽ ജനാധിപത്യപരമായ ഭരണനിർവഹണത്തിന്റെ ബാലപാഠങ്ങൾപോലും അറിയാത്ത, അറിയണമെന്നാഗ്രഹമില്ലാത്ത, അറിവുള്ളവർ പറഞ്ഞാൽ അത് കേൾക്കാൻപോലും തയാറാകാത്ത, കേന്ദ്ര സർക്കാർ അതിന്റെ കഴിവുകേട് മുഴുക്കെ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. അതിന് വലിയ വിലകൊടുക്കേണ്ടിവന്നു രാജ്യത്തിന്. കോവിഡിന്റെ രണ്ടാംതരംഗത്തിന് മുമ്പായി ഒരു ആസൂത്രണവും മുന്നൊരുക്കവും നടത്താൻ സർക്കാർ തയാറായില്ല. വാക്സിന്റെ കാര്യത്തിലും കിട്ടിയ അവസരം ഉപയോഗിച്ച് കുത്തകകളെ കൊഴുപ്പിക്കാൻ കഴിയുമോ എന്നാണ് സർക്കാർ നോക്കിയത്.
വാക്സിന് വിലയിട്ടതിലെ 'മൂലധന താൽപര്യം' സുപ്രീംകോടതിക്കുപോലും സ്വീകാര്യമായിട്ടില്ല എന്ന് ഏപ്രിൽ 30ന്റെ ഉത്തരവിൽ നിന്നുതന്നെ വ്യക്തമാകുന്നുണ്ട്. എന്നിട്ടും ഇക്കാര്യത്തിൽ സുപ്രീംകോടതി സ്വീകരിച്ച മൃദുസമീപനം വിമർശിക്കപ്പെടേണ്ടതാണ്. ഹൈകോടതികളിൽ നിലവിലുള്ള കേസുകളിൽ കേന്ദ്രം സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതുവരെ ഈ നീതിന്യായ ഇടപെടലിന്റെ ദൗർബല്യത്തെയാണ് കാണിക്കുന്നത്.
നയപരമായ തീരുമാനങ്ങളിൽ കോടതികൾ ഇടപെടാൻ പാടില്ല എന്ന സാധാരണസമയങ്ങളിലെ നിയമതത്ത്വം അവിതർക്കിതമാണ്. ഉഗാർ ഷുഗർ വർക്സ് കേസ് (2001) മുതൽ കേരള ബാർ ഹോട്ടൽ അസോസിയേഷൻ കേസ് (2015) വരെയുള്ള നിരവധി വിധിന്യായങ്ങളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ, കോവിഡിന്റെ രണ്ടാംതരംഗ സാഹചര്യത്തിൽ നയവൈകല്യവും നയമില്ലായ്മയുമാണ് കൊടികുത്തിവാഴുന്നത്.
ആയിരങ്ങൾ ആശുപത്രിക്കിടക്കകളിൽ പ്രാണവായുവിനായി മല്ലിടുേമ്പാൾ, പുതിയ പാർലമെൻററി മന്ദിരത്തിന്റെ നിർമാണം അവശ്യസേവനമായി പ്രഖ്യാപിച്ച് അവിടെ കോടികൾ പൊടിക്കുന്ന തിരക്കിലാണ് കേന്ദ്ര സർക്കാർ. സ്വന്തം പൊങ്ങച്ചത്തിനും ജനവിരുദ്ധതക്കുമുള്ള സ്മാരകമായി പുതിയ പാർലമെൻറ് മന്ദിരം പണിയാൻ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാറിനും അധികാരമുണ്ട്.
എന്നാൽ, അത് ഈ സമയത്തുതന്നെ വേണമായിരുന്നുവോ? സ്വന്തം സർക്കാറിന്റെ പിടിപ്പുകേടും ശാസ്ത്രവിരുദ്ധതയും കാരണം, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജനങ്ങൾ മരിച്ചുവീഴുേമ്പാൾ വോട്ടുപിടിക്കാനിറങ്ങി ലക്ഷങ്ങളുടെ മഹാറാലി നടത്തി അതിൽ ഊറ്റംകൊണ്ട, പ്രധാനമന്ത്രിയെക്കുറിച്ചും ആഭ്യന്തരമന്ത്രിയെക്കുറിച്ചും സുപ്രീംകോടതിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ലേ? കേവലം തിരിച്ചറിയൽ കാർഡില്ലാത്തതുകൊണ്ട് മാത്രമാണോ മൂന്നുനേരം ആഹാരത്തിന് വകയില്ലാത്ത പതിനായിരങ്ങൾക്ക് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആശുപത്രിചികിത്സയും മരുന്നും നിഷേധിക്കപ്പെടുന്നത്? ഇന്ന് ഇന്ത്യയിൽ നടന്നുകഴിഞ്ഞ കോവിഡ് രണ്ടാംതരംഗമെന്ന് വിളിക്കപ്പെടുന്ന മനുഷ്യഹത്യയിൽ കേന്ദ്ര സർക്കാറിനുള്ള പങ്ക് സുവ്യക്തമല്ലേ? ഇനിയും തെറ്റായ, മനുഷ്യ വിരുദ്ധമായ മുൻഗണനാ ക്രമങ്ങളുമായി മുന്നോട്ടുനീങ്ങുന്ന, വിമർശകരെ ജയിലിലടക്കുന്ന സർക്കാറിന് ഭരണഘടനയിൽ വിശ്വാസമുണ്ടെന്ന് കരുതാനാകുമോ? ജീവിക്കാനുള്ള അവകാശം ഉറപ്പുതരുന്ന 21ാം അനുച്ഛേദത്തിൽ രാജ്യം ഭരിക്കുന്നവർക്ക് വിശ്വാസമുണ്ടോ?
ഇത്തരം അടിസ്ഥാനപരമായ ചോദ്യങ്ങൾ ചോദിക്കുവാൻ കോടതിക്ക് കഴിഞ്ഞില്ല. ഒരുപക്ഷേ, ജനങ്ങൾക്കുമാത്രം ചോദിക്കാൻ കഴിയുന്ന ചോദ്യങ്ങളാണിവ. അവർ അതിന് തുടക്കമിട്ടിരിക്കുന്നു.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)
@KaleeswaramR

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.