Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനീതിയുടെ വിതാനങ്ങൾchevron_rightചർച്ചകൾ തന്നെയാണ്​...

ചർച്ചകൾ തന്നെയാണ്​ ജനാധിപത്യം

text_fields
bookmark_border
farmers protest womens
cancel

ഒടുവിൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ബിൽ പാർലമെൻറ്​ പാസാക്കിയിരിക്കുന്നു. നിയമം കൊണ്ടുവന്നപ്പോൾ സംഭവിച്ചതുപോലെ, ഒരുവിധ ചർച്ചയും കൂടാതെ, ശബ്​ദവോട്ടി​െൻറ​ അടിസ്​ഥാനത്തിൽ ബിൽ പാസാക്കുകയാണുണ്ടായത്​. ഇക്കഴിഞ്ഞ തിങ്കളാഴ്​ച 12.06 മണിക്ക്​ ലോക്​സഭയുടെ മേശപ്പുറത്തുവെച്ച ബിൽ 12.10ന്​ തന്നെ പാസാക്കിയെടുത്തു. കേവലം നാലു മിനിറ്റുകൊണ്ട്​ ഇതു സംഭവിച്ചപ്പോൾ ഏതാണ്ട്​ 130 കോടി വരുന്ന ജനങ്ങൾക്ക്​, അവരുടെ പ്രതിനിധികൾക്ക്​ കാര്യമായൊന്നും പറയാനോ ചെയ്യാനോ ഉണ്ടായിരുന്നില്ല. രാജ്യസഭയിൽ മാത്രമാണ്​ ചെറുതായെങ്കിലും ഒരു പ്രസംഗത്തിനുള്ള ​അവസരം പ്രതിപക്ഷത്തിനുവേണ്ടി കോൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെക്ക്​ ലഭിച്ചത്​്.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ പ്രതിപക്ഷത്ത്​ കാര്യമായ എതിർപ്പില്ല എന്നുമാത്രമല്ല, അവർ അതിനെ അനുകൂലിക്കുകയേയുള്ളൂ എന്നത്​ വ്യക്തം. ഇതുപക്ഷേ, ചർച്ചകൾ വേണ്ടെന്നുവെക്കാനുള്ള കാരണമേയല്ല. കേന്ദ്ര സർക്കാറി​െൻറ​ സംവാദവിരുദ്ധത, അതി​െൻറ​ ജനാധിപത്യവിരുദ്ധതയുടെ തുടർച്ച മാത്രമാണ്​. ലിബറൽ ജനാധിപത്യത്തി​െൻറ​ മുഖമുദ്ര, നിയമനിർമാണസഭകൾക്കകത്തും പുറത്തും നടക്കുന്ന ചർച്ചകളാണ്.​

1949ൽ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ ബില്ലി​െൻറ​ കാര്യത്തിൽ അമേരിക്കൻ സെനറ്റിൽ മതിയായ ചർച്ചകൾ നടക്കാതിരുന്നപ്പോൾ, ടെക്​സസിൽനിന്നുള്ള സെനറ്റർ ലിൻറൺ ബെയിൻസ്​ ജോൺസൺ ഉജ്ജ്വലമായൊരു പ്രസംഗം നടത്തുകയുണ്ടായി. ഇരുമ്പുമറകൾക്കുള്ളിൽ കഴിയുന്ന സമഗ്രാധിപത്യ -ഏകാധിപത്യ രാജ്യങ്ങൾക്കുവേണ്ടി ഏതെങ്കിലും ഒരൊറ്റ സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനായി ആവശ്യപ്പെട്ടാൽ താൻ തിരഞ്ഞെടുക്കുന്നത്​ നിയമനിർമാണ സഭയിൽ അപരിമിത ചർച്ചകൾ നടത്താനുള്ള സ്വാതന്ത്ര്യം മാത്രമായിരിക്കും എന്നാണ്​ ജോൺസൺ പറഞ്ഞത്​. അദ്ദേഹം കൂട്ടിച്ചേർത്തു- 'തിടുക്കം കൊണ്ടോ അസഹിഷ്​ണുത കൊണ്ടോ, നാം ഈ സ്വാതന്ത്ര്യം എടുത്തുകളഞ്ഞാൽ നൈമിഷിക ഭൂരിപക്ഷങ്ങളുടെ സ്വേച്ഛാധിപത്യത്തി​െനതിരെ ന്യൂനപക്ഷങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട രക്ഷാകവചമായിരിക്കും അറുത്തുമാറ്റപ്പെടുന്നത്​.'' പെൻസൽവേനിയ സർവകലാശാലയിലെ റിച്ചാർഡ്​ ആർ ബീമൻ ജോൺസനെ ഉദ്ധരിച്ചുകൊണ്ടെഴുതിയ പ്രബന്ധം (1968) പാർലമെൻററി സംവാദങ്ങളുടെ ജനാധിപത്യപരമായ മൂല്യത്തിന്​ അടിവരയിടുന്നതാണ്​.

ജനാധിപത്യത്തിൽ പാർലമെൻറ്​ എന്ന സ്​ഥാപനത്തി​െൻറ​ അടിസ്​ഥാനധർമം തന്നെ പൊതുവിഷയങ്ങളിൽ ചർച്ച നടത്തുക എന്നുള്ളതാണ്​. നിയമനിർമാണം പോലും ഇത്തരം ചർച്ചകളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവരുന്നതായിരിക്കണം. ഒരു നിയമം നിർമിച്ചാൽ, അത്​ ആരെയൊക്കെയാണോ ബാധിക്കുക എന്നു​ നോക്കണം. അവരുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തണം. സുപ്രധാന വിഷയങ്ങളിൽ പൊതുജനങ്ങളെ ഉചിതമായ വേദികളിൽവെച്ച്​ അഭിപ്രായം പറയാൻ അനുവദിക്കണം (Public hearing). അതുപോലെ ജനപ്രതിനിധികൾക്കും വിദഗ്​ധർക്കും അഭിപ്രായം പറയാൻ അവസരം ഉണ്ടാകണം. പാർലമെൻറിലെ സെലക്​ട്​ കമ്മിറ്റിയുടെയും സബ്​ജക്​ട്​ കമ്മിറ്റിയുടെയും ധർമം ഇതാണ്​. നിയമനിർമാണ പ്രക്രിയയിൽ അനിവാര്യമായ ഈ സ്വാഭാവിക നീതിയുടെ തത്ത്വങ്ങളാണ്​ വിവാദകാർഷിക നിയമം രൂപവത്​കരിക്കു​േമ്പാൾ നിഷേധിക്കപ്പെട്ടത്​. ഒരു വർഷത്തോളം കർഷകരെ യാതനയിലേക്ക്​ തള്ളിവിട്ടതി​െൻറ​യും 700ൽപരം കർഷകർ മരിച്ചതി​െൻറ​യും ധാർമികവും രാഷ്​ട്രീയവുമായ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനു​ തന്നെയാണ്.​

എന്നാൽ, അത്​ അംഗീകരിക്കുന്നതിനുപകരം, സംഭവിച്ച തെറ്റ്​ നിർലജ്ജം ആവർത്തിക്കുന്ന ചിത്രമാണ്​ നിയമം പിൻവലിക്കുന്നതിലും കണ്ടത്​. സർക്കാറിന്​ സംഭവിച്ച തെറ്റുകൾ സ്വയം വിമർശനത്തി​െൻറ​യും പ്രതിപക്ഷ വിമർശനത്തിെൻറ​യും പശ്ചാത്തലത്തിൽ തിരുത്താനുള്ള വേദി കൂടിയാണ്​ പാർലമെൻറ്​. കാർഷിക നിയമങ്ങളുടെ കാര്യത്തിലാക​ട്ടെ, കാർഷികോൽപന്നങ്ങളുടെ മിനിമം താങ്ങുവില, കർഷകർക്കെതിരായ കേസ്​ പിൻവലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനങ്ങൾ വരാനിരിക്കുന്നേയുള്ളൂ.

അതിനും പാർലമെൻററി സംവാദങ്ങൾ ആവശ്യമാണ്​. എന്നാൽ, പാർലമെൻറിനെ അവഗണിക്കുന്നതുവഴി കേന്ദ്രസർക്കാർ ജനപ്രതിനിധികളു​െട- ജനങ്ങളുടെ തന്നെയും- സംവാദാവകാശങ്ങളെ പരിപൂർണമായും നിരാകരിച്ചിരിക്കുന്നു. മറ്റെല്ലാ ഭരണഘടനസ്​ഥാപനങ്ങളെയുംപോലെ നിയമനിർമാണസഭയെയും നോക്കുകുത്തിയാക്കിക്കൊണ്ടാണ്​ സർക്കാർ അതി​െൻറ​ കോർപറേറ്റ്​-ജനവിരുദ്ധ താൽപര്യങ്ങൾ അടിച്ചേൽപിക്കുന്നത്​. ചർച്ചകൾ നടന്നാലും ഈ താൽപര്യങ്ങൾ ഇല്ലാതാവില്ല. എന്നാൽ, ഇവയെ പുറത്തുകൊണ്ടുവരാൻ ചർച്ചകൾ കൂട​ിയേ കഴിയൂ. വലിയൊരു വിഭാഗം മാധ്യമങ്ങളെ മോദി ഭരണകൂടം വിലക്കെടുത്ത സാഹചര്യത്തിൽ സംവാദങ്ങളുടെ മൂല്യവും ആവശ്യകതയും കുറയുകയല്ല, കൂടുകയാണ്​ ചെയ്യുന്നത്​.

ഇന്ത്യൻ ഭരണഘടനയിൽ നിന്നും നാം ആദ്യം പഠിക്കേണ്ടത്​ അതി​ന്‍റെ സംവാദാധിഷ്​ഠിത മൂല്യമാണ്​. മൗലികാവകാശങ്ങൾക്കുവേണ്ടി വാദിച്ച നെഹ്​റു, സ്വാതന്ത്ര്യത്തിന്​ ന്യായയുക്തമായ പരിമിതികൾ വേണമെന്നു പറഞ്ഞ സർദാർ വല്ലഭ്​ഭായ്​ പ​ട്ടേൽ, വ്യക്തിസ്വാതന്ത്ര്യത്തിന്​ അടിവരയിട്ട കെ.എം. മുൻഷി, ഗാന്ധിയൻ സ്വരാജിനു വേണ്ടി വാദിച്ച രാജഗോപാലാചാരി എന്നിവർ തൊട്ട്​ സ്വന്തം പൊതുജീവിതാനുഭവങ്ങളുടെ കലാലയങ്ങളിൽവെച്ച്​ വിദ്യാഭ്യാസം നേടിയ ഒ​ട്ടേറെ അംഗങ്ങൾ വരെ ഉൾക്കൊള്ളുന്ന ഭരണഘടനാ നിർമാണസഭ ചർച്ചകളുടെ മൂല്യമെന്തെന്ന്​ നമുക്ക്​ പറഞ്ഞുതരുക മാത്രമല്ല, തെളിയിച്ചുതരുക കൂടി ചെയ്​തു. ആ തെളിവാണ്​ ഇന്ത്യൻ ഭരണഘടന.

ഈ തെളിവിനെ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ്​ യഥാർഥത്തിൽ കേന്ദ്രസർക്കാർ നടത്തുന്നത്.​്​ പാർലമെൻറിലെ സംവാദ വിമുഖതയെയും സംവാദ വിരുദ്ധതയെയും ഇതി​െൻറ​ ഭാഗമായാണ്​ കാണേണ്ടത്​. ഈ ഏകാധിപത്യത്തിനു കൂടി എതിരായിട്ടായിരുന്നു, കർഷകസമരം. വിജയിച്ച ഒരു സമരത്തിലൂടെ കർഷകർ അവരുടെ ആവശ്യങ്ങളിൽ നല്ലൊരുപങ്ക്​ നേടിയെടുക്കുക മാത്രമല്ല ചെയ്​തത്​. അവർ വീണ്ടെടുത്തത്​ ഭരണഘടന​െയയും ഭരണഘടനാമൂല്യങ്ങളെയും തന്നെയായിരുന്നു. സമാധാനപരമായ സമരങ്ങളിലൂടെ ജനങ്ങൾ തന്നെ പ്രതിപക്ഷമാകുന്ന ഇന്ത്യാ ചരിത്രത്തി​ന്‍റെ ഉജ്ജ്വല മുഹൂർത്തങ്ങൾക്കാണ്​ നാം സാക്ഷികളായത്.

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:democracyfarm lawfarmers protest
News Summary - Democracy is the debate itself
Next Story