വിദ്വേഷ പ്രസംഗങ്ങൾ; മാധ്യമപ്രവർത്തനത്തിലും വേണം 'സ്റ്റേറ്റ്മാൻഷിപ്'
text_fieldsജസ്റ്റിസ് ഖാൻവിൽകർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് 'ധർമസൻസദു'കളിലെ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഒന്നിലേറെ തവണ പരിഗണിച്ചിരുന്നു. ഹരിദ്വാർ വംശഹത്യ പ്രസംഗം തൊട്ട് രാജ്യത്തിന്റെ ഭിന്നഭാഗങ്ങളിൽ അരങ്ങേറിയ വിദ്വേഷഭാഷണങ്ങളും കുറ്റകൃത്യങ്ങളും ആണ് സുപ്രീംകോടതിയിലെ ഒരു കൂട്ടം ഹരജികളിലെ പരിഗണന വിഷയം. ഏറ്റവുമൊടുവിൽ വേനൽ അവധിക്ക് പിരിയുന്നതിന് മുമ്പ്, വിദ്വേഷ ഭാഷണങ്ങൾ സംബന്ധിച്ച് എന്തെങ്കിലും പ്രത്യേക സാഹചര്യമുണ്ടായാൽ അക്കാര്യം സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് മുമ്പാകെ ഉന്നയിക്കാമെന്ന് ജസ്റ്റിസ് ഖാൻവിൽകറുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഇതിനുശേഷം കേരളത്തിൽ ഉണ്ടായ വിദ്വേഷ പ്രസംഗങ്ങളുടെയും കൊലപാതക ഭീഷണികളുടെയും പരമ്പര ഒരേ സമയം ലജ്ജാകരവും ഭയാനകവും ആണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ കുറ്റകരമായ അമിതാവേശത്തിലേർപ്പെടുന്നതിന്റെ നേർചിത്രങ്ങളാണ് സംസ്ഥാനത്തുണ്ടായത്. മഹത്തായ സാമൂഹിക നവോത്ഥാനവും വിദ്യാഭ്യാസ പരിഷ്കരണങ്ങളും വികസന മാതൃകകളും സൃഷ്ടിച്ചിരുന്ന ഒരു സംസ്ഥാനം വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ഇരുണ്ടനാളുകളിലേക്ക് നീങ്ങുമ്പോൾ പരാജയപ്പെടുന്നത് ഓരോ മലയാളിയും ആയിരിക്കും. എല്ലാ മതങ്ങളും വിശ്വാസ പ്രമാണങ്ങളും പരാജയപ്പെടുന്ന സാഹചര്യം കൂടിയായിരിക്കും അത്.
മതത്തിന്റെ പേരിൽ മനുഷ്യർ പരസ്പരം വേർതിരിച്ചു കാണുന്നതും കലഹിക്കുന്നതും ആയുധങ്ങൾ എടുക്കുന്നതും മറ്റും ഒരു പ്രാകൃത ചോദനയാണ്. തികച്ചും യുക്തിരഹിതവും നീതിരഹിതവുമായ ഇത്തരം ചോദനക്ക് പക്ഷേ, മനുഷ്യരാശി വമ്പിച്ച വില കൊടുത്തുകഴിഞ്ഞു. മാനവിക സ്നേഹം വിശദീകരിച്ച് ഉദയം ചെയ്ത മതങ്ങളുടെ പേരിൽത്തന്നെയാണ് ചരിത്രത്തിന്റെ ഭിന്നഘട്ടങ്ങളിൽ ലഹളകളും കലാപങ്ങളും കുരുതികളും നടന്നത് എന്നതു മാത്രം മതി വർഗീയതയുടെ അപകടങ്ങളെക്കുറിച്ച് ബോധ്യപ്പെടാൻ. വിചാരങ്ങൾക്കുപകരം, അധമവികാരങ്ങൾ മനുഷ്യരെ കീഴ്പെടുത്തുമ്പോഴാണ് ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നത്. ഒരു കൂട്ടരുടെ വർഗീയത, മറ്റേ കൂട്ടരുടെ വർഗീയതയെ വളർത്തുകയും നിലനിർത്തുകയും ഹിംസാത്മകമാക്കുകയും ചെയ്യുന്നു. അതിനാലാണ് ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമന്യേ, എല്ലാത്തരം വർഗീയതയും വിനാശകാരിയാണെന്ന ലളിതസത്യം പ്രധാനമാകുന്നത്.
വിദ്വേഷ ഭാഷണങ്ങൾ പലപ്പോഴും കുറ്റകൃത്യങ്ങൾ തന്നെയായിത്തീരുന്നുണ്ട്. ഇത്തരം വിദ്വേഷപ്രസംഗങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയുണ്ടെന്നത് അപകടകരമായ തെറ്റിദ്ധാരണയാണ്. കൊലവിളി നടത്തുന്നത്, മതത്തിന്റെ പേരിൽ വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്നത് ക്രിമിനൽ കുറ്റം തന്നെയാണ്. ശിക്ഷാ നിയമത്തിലെയും ചില പ്രത്യേക നിയമങ്ങളിലെയും വ്യവസ്ഥകൾ ഇക്കാര്യം വ്യക്തമാക്കുന്നു. ഉദാഹരണത്തിന് കേരളത്തിൽ സമീപ കാലത്തുണ്ടായ 'വിദ്വേഷ പ്രസംഗ'ങ്ങൾ പലതും ശിക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്നവയാണ്. കലാപാഹ്വാനം ശിക്ഷാനിയമത്തിലെ 153ാം വകുപ്പനുസരിച്ച് കുറ്റകരമാണ്. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുന്നത് 153 എ. വകുപ്പിന്റെ പരിധിയിൽ വരുന്നു. മതവികാരങ്ങൾ മുറിപ്പെടുത്തുന്നത് 295 എ, 298 തുടങ്ങിയ ശിക്ഷാ നിയമ വ്യവസ്ഥകൾ പ്രകാരം കുറ്റകരമാണ്.
വിദ്വേഷ പ്രസംഗങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിനാശങ്ങളെക്കുറിച്ച് സുപ്രീംകോടതി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബാബു റാവു പട്ടേൽ കേസ് (1980), പ്രവാസി ഭലായ് സംഘതൻ കേസ് (2014) എന്നിവ ഉദാഹരണങ്ങൾ. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി കേസിൽ (2018) വിദ്വേഷ പ്രഭാഷണങ്ങളുടെ കാര്യത്തിൽ പൊലീസ് അടക്കമുള്ള അധികാരികൾ ജാഗ്രത കാണിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഏറ്റവുമൊടുവിൽ അമീഷ് ദേവ്ഗൻ കേസിൽ (2020) കേവലമായ വിദ്വേഷ പ്രസംഗങ്ങളിൽനിന്നും വ്യത്യസ്തമായി വിദ്വേഷ കുറ്റകൃത്യങ്ങളുടെ (hatecrimes) കാര്യത്തിൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് സുപ്രീംകോടതി പറഞ്ഞു. ഇതിനർഥം, കേവലമായ വിദ്വേഷ പ്രസംഗങ്ങൾ ശരിയാണെന്നല്ല. അവ സമൂഹത്തെ നശിപ്പിക്കുന്ന വൈറസുകളെത്തന്നെയാണ് ഉൽപാദിപ്പിക്കുന്നതും പുനരുൽപാദിപ്പിക്കുന്നതും.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയിൽ പ്രതികരിക്കാൻ കേരളത്തിന് കഴിഞ്ഞില്ലെങ്കിൽ മറ്റാർക്കാണ് കഴിയുക? അത്തരം പ്രതികരണം കേവലം വാക്കുകളിലൂടെ മാത്രം സാധ്യമല്ല. സംസ്ഥാനത്തിന്റെ പൊതുജീവിതവും സാമൂഹികാന്തരീക്ഷവും ഉയർത്തിക്കൊണ്ടു മാത്രമേ ദേശീയ തലത്തിൽ അരങ്ങേറുന്ന വിദ്വേഷ-വിഭജന രാഷ്ട്രീയത്തെ നമുക്ക് പ്രതിരോധിക്കാൻ കഴിയൂ. എന്നാൽ, സംസ്ഥാനത്തെ ചില റാലികളിലും മാർച്ചുകളിലും പ്രസംഗങ്ങളിലും പ്രകടമായ വിദ്വേഷ വിഷം, ഒരു സമൂഹമെന്ന നിലയിൽ നമ്മെ ചെറുതാക്കിയിരിക്കുന്നു. ഡൽഹിയിലെ കൂട്ടായ്മകളിൽ കേരളത്തിൽനിന്നുമുള്ളയാൾ എന്ന നിലയിൽ അഭിമാനത്തോടെ ഉയരുമായിരുന്ന ശിരസ്സുകളിൽ ഈ വിദ്വേഷ വിഷം കനത്ത പ്രഹരമാണ് ഏൽപിച്ചിട്ടുള്ളത്. മറ്റിടങ്ങളിൽ നടക്കുന്ന വംശീയ, വർഗീയ വിദ്വേഷങ്ങളെ വിമർശിക്കുമ്പോൾ, ഇനിമേൽ ഒരു വിരൽ തിരിച്ചു മലയാളിയുടെ നേരെയും ചൂണ്ടിക്കൊണ്ടേയിരിക്കും. ഭയാനകമായ ഒരു തിരിച്ചറിവാണിത്.
മലയാളത്തിലെ പത്രമാധ്യമങ്ങളോടും ദൃശ്യ-ഇലക്ട്രോണിക് മാധ്യമങ്ങളോടും ഒരു അഭ്യർഥനയുണ്ട്. മുൻകാലങ്ങളിൽ വർഗീയ പരാമർശങ്ങളും വിദ്വേഷ ഭാഷണങ്ങളും നടന്നാൽത്തന്നെ ഉന്നതമായ സാമൂഹിക- മാധ്യമ ബോധത്തിന്റെ അടിസ്ഥാനത്തിൽ അവയെ അവഗണിക്കുന്ന ഒരു സദാചാരം കേരളത്തിൽ മാത്രമല്ല, രാജ്യത്താകെയും ഉണ്ടായിരുന്നു. കേവലം താൽകാലിക രാഷ്ട്രീയ നേട്ടങ്ങൾക്കും സ്വാർഥ താൽപര്യങ്ങൾക്കും വേണ്ടി, സമൂഹത്തിന്റെ അടിത്തറ തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ട അവസരവാദികൾക്കും വർഗീയവാദികൾക്കും ഇത്രമേൽ പ്രാധാന്യം മലയാള മാധ്യമങ്ങൾ നൽകേണ്ടതുണ്ടോ?
പാടെ അവഗണിക്കേണ്ടുന്ന വിടുവായത്തങ്ങൾക്ക് അനർഹമായ പരിഗണന നൽകി വിദ്വേഷത്തിന്റെ വിത്തുകൾ വാരിവിതറുന്നത് ആരുടെ നന്മക്കു വേണ്ടിയാണ്?
വാർത്തകൾ നൽകുന്നതു മാത്രമല്ല, ചിലപ്പോൾ വാർത്തകൾ നൽകാതിരിക്കുന്നതും മാധ്യമ പ്രവർത്തനമാണ്. എന്നാൽ, മാധ്യമ പ്രവർത്തനത്തിലെ ഈ സ്റ്റേറ്റ്മാൻഷിപ്' ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. അതു നാം ഉടനടി തിരിച്ചുപിടിക്കണം!.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.