Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനീതിയുടെ വിതാനങ്ങൾchevron_rightകേരളത്തിൽ വേണം, ഒരു...

കേരളത്തിൽ വേണം, ഒരു തുല്യതാ നിയമം

text_fields
bookmark_border
കേരളത്തിൽ വേണം, ഒരു തുല്യതാ നിയമം
cancel

ഇന്ത്യൻ ഭരണഘടന നാനാ ജാതി, മത, വർഗ, ഭാഷാ വിഭാഗങ്ങളെ അതിശയകരമായി കൂട്ടിയോജിപ്പിക്കുവാൻ ശ്രമിച്ച അടിസ്​ഥാന പ്രമാണം കൂടിയായിരുന്നു - ആ ശ്രമം പൂർണമായും വിജയിച്ചില്ലെങ്കിലും- ഇന്ത്യൻ മണ്ണ്​ അടിസ്​ഥാനപരമായും ജനാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്ന ഒന്നല്ല എന്ന ഖേദം ഡോ. അംബേദ്​കർ തന്നെ പ്രകടിപ്പിച്ചുവെന്നത്​ നേരാണ്​. നൂറ്റാണ്ടുകളായി നിലനിന്ന സാമൂഹിക, സാമ്പത്തിക, സാംസ്​കാരിക വേർതിരിവുകളിലൂടെ കടന്നുവന്ന ഒരു ജനതക്ക്​ ഭരണഘടനയുടെ ആദർശങ്ങൾ ഒറ്റയടിക്ക്​ സ്വാംശീകരിക്കുക എളുപ്പമായിരിക്കില്ല. എന്നാൽ, ഒരു തുടർ വിദ്യാഭ്യാസ പ്രക്രിയയിലൂടെ, ലിബറൽ ജനാധിപത്യ മൂല്യങ്ങളുടെ പരിശീലനങ്ങളിലൂടെ, സകലമാന പരിമിതികളോടെയാണെങ്കിലും ജനാധിപത്യ സംവിധാനങ്ങൾ നിലനിർത്താൻ ഒരു ജനതയെന്ന നിലയിൽ നമുക്ക്​ കഴിഞ്ഞു. അയോധ്യ രാമജന്മഭൂമി കേസിലെ വിധി വന്നപ്പോൾ ഇന്ത്യയിലെ മുസ്​ലിം ജനവിഭാഗങ്ങൾ കാണിച്ച ക്ഷമയും പൗരബോധവും സമാധാനാഭിമുഖ്യവും പ്രശംസനീയമായിരുന്നു. നിയമത്തി​ന്‍റെയോ നീതിയുടെയോ ഭരണഘടന തത്ത്വങ്ങളുടെയോ കണ്ണിൽ ആ വിധി ശരിയായിരുന്നതുകൊണ്ടായിരുന്നില്ല, മറിച്ച്​ സമാധാനത്തി​ന്‍റെയും സാഹോദര്യത്തി​ന്‍റെയും പേരിൽ സഹിഷ്​ണുതയുടെ മാർഗം സ്വീകരിക്കണമെന്ന ചിന്താഗതിയായിരുന്നു, ഈ പക്വമായ നിലപാടിന്​ പിന്നിൽ. എന്നാൽ, പള്ളി പൊളിച്ചപ്പോൾപോലും അസാധാരണമായ ക്ഷമകാണിച്ച ഒരു സമൂഹം, അവരുടെ പൗരത്വത്തിന്​ മുന്നിൽ ഭീഷണി ഉയർന്നപ്പോൾ, സമാധാനപരമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. ഇന്ത്യൻ മുസ്​ലിംകളുടെ ദേശാഭിമാനത്തി​ന്‍റെയും പൗരബോധത്തി​ന്‍റെയും ചരിത്രപരമായ ആവിഷ്​കാരം കൂടിയാണ്​ പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭങ്ങൾ എന്നു​ ഞാൻ കരുതുന്നു.

ഇന്ത്യൻ അവസ്​ഥ

ഭരണഘടനയുടെ ലക്ഷ്യം പക്ഷേ, സാക്ഷാത്​കരിക്കപ്പെട്ടിട്ടില്ല. കേന്ദ്രത്തിൽ ഭൂരിപക്ഷ വർഗീയതയിലൂന്നിയ രാഷ്​ട്രീയം അധികാരം കൈയാളാൻ തുടങ്ങിയത്​ സാമൂഹികമായ ഒരു പിന്നോട്ടുപോകലി​ന്‍റെ കൂടി പ്രതിഫലനമായിരുന്നു. ജാതിയുടെയും ​മതത്തി​ന്‍റെയും പേരിൽ അനവധി ആക്രമണങ്ങൾ ഇന്ത്യയിൽ അരങ്ങേറി. കർഷകരും തൊഴിലാളികളും മാത്രമല്ല, 'അന്യദേശക്കാരും' 'അന്യഭാഷക്കാരും' ക്രൂരമായി ആക്രമിക്കപ്പെട്ടു. അസമിൽ ഈയിടെ നടന്ന വെടിവെപ്പും തുടർന്നുണ്ടായ മരണങ്ങളും ഓർമിക്കുക. പൗരന്മാരെ അപരന്മാരായി മുദ്രകുത്തുന്ന ഒരു ഭരണകൂട സമീപനം, ഭരണഘടനയുടെ തുല്യതാ സങ്കൽപങ്ങളെ അട്ടിമറിക്കുന്നു. ഇന്ത്യയിൽ ദലിതർക്കും മതന്യൂനപക്ഷങ്ങൾക്കും എതിരെ മാത്രമല്ല, ഭാഷ-ലൈംഗിക-പ്രാദേശിക ന്യൂനപക്ഷങ്ങൾക്കെതിരെ വലിയ തോതിൽ അക്രമങ്ങൾ നടക്കുന്നു. കേരളത്തിലെ ഒരു ബിഷപ്​ സമീപകാലത്ത്​ നടത്തിയ വിദ്വേഷ ഭാഷണം ഇത്തരത്തിലുള്ള ഭേദഭാവനയുടെ സുഖകരമല്ലാത്ത ഉദാഹരണമാണ്​. ഈ സാഹചര്യത്തിലും ഇരയാക്കപ്പെട്ട സമുദായം പൊതുവെ, മാതൃകാപരമായാണ്​ പ്രതികരിച്ചത്​ എന്നുപറയ​ട്ടെ. വടക്കേ ഇന്ത്യയിലെ ദലിത്​-ന്യൂനപക്ഷ വേട്ടകളും ആന്ധ്ര, തമിഴ്​നാട്​, കർണാടക സംസ്​ഥാനങ്ങളിലെ ജാതി വിവേചനവും ദുരഭിമാന കൊലപാതകങ്ങളുമെല്ലാം നാം പരാജയപ്പെട്ട ജനതയാണെന്ന്​ കാണിക്കുന്നു. രോഹിത്​ വെമുലയുടേത്​ ഒരു മരണം മാത്രമല്ല, നടുക്കുന്ന ഒരു ചരിത്ര, രാഷ്​ട്രീയ, സാമൂഹിക പാഠം കൂടിയാകുന്നു.

കേരളത്തിൽ നടക്കുന്നത്​

എന്നാൽ, പാലാ ബിഷപ്പിന്‍റെ നിലപാടും അതിനെ വീണ്ടും ന്യായീകരിച്ചുകൊണ്ട്​ അദ്ദേഹം നടത്തിയ പ്രസ്​താവനയും കേരളത്തിലും വിവേചനവും മുൻവിധികളും അപരവിദ്വേഷവും പല രൂപഭാവങ്ങളിൽ നിലനിൽക്കുന്നു എന്നു​ തെളിയിക്കുന്നു. ബിഷപ്പി​ന്‍റെ പ്രസ്​താവനയെ തുടർന്ന്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട പല സന്ദേശങ്ങളും കുറ്റകരമായ വിദ്വേഷ പ്രസംഗങ്ങൾ ആയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 505 വകുപ്പുകളനുസരിച്ച്​ വ്യത്യസ്​ത ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന വിധത്തിലുള്ള വാക്കുകളും സന്ദേശങ്ങളും പ്രവർത്തനങ്ങളും കുറ്റകരമാണ്​. പക്ഷേ, നിയമം കൊണ്ടുമാത്രം നമുക്ക്​ വിദ്വേഷ വൈറസിനെ പ്രതിരോധിക്കാനാവില്ല. അതിനായി ഒരു സാംസ്​കാരിക മുന്നേറ്റം തന്നെയുണ്ടാകണം.

കേരളത്തിൽ സമീപകാലത്തുണ്ടായ ഇത്തരം സംഭവങ്ങളുടെ അടിസ്​ഥാനത്തിൽ സംസ്​ഥാനം വിവേചനങ്ങൾക്കെതിരായ നിയമ-സാമൂഹിക സംരംഭങ്ങളെ കുറിച്ച്​ ഗൗരവത്തോടെ ആലോചിക്കണം. ജാതിയുടെയും മതത്തി​ന്‍റെയും പേരിൽ മാത്രമല്ല, തൊലിയുടെ നിറം തൊട്ട്​ ശരീരത്തി​ന്‍റെ തൂക്കംവരെ, ലിംഗപരമായ സവിശേഷത തൊട്ട്​ ജനനസ്​ഥലം വരെയുള്ള വിവിധ കാരണങ്ങളുടെ പേരിൽ സ്വകാര്യ വ്യക്​തികളും സ്​ഥാപനങ്ങളും പൗരന്മാർക്കെതിരെ വിവേചനം കാണിക്കുന്നതിന്​ നൂറുകണക്കിന്​ ദൃഷ്​ടാന്തങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്​. ചില തൊഴിലുകളിൽ സ്​ത്രീകളെ പരിഗണിക്കാതിരിക്കുക, ലൈംഗിക ന്യൂനപക്ഷങ്ങളെ തൊഴിലിടങ്ങളിൽനിന്നും മറ്റു പൊതുധാരാ സംരംഭങ്ങളിൽനിന്നും അകറ്റുക, ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവരെ സ്വകാര്യ ഇടങ്ങളിൽനിന്നും മാറ്റിനിർത്തുക, വിവാഹം കഴിച്ചതി​ന്‍റെ പേരിലോ കഴിക്കാത്തതി​ന്‍റെ പേരിലോ സ്​ത്രീകൾക്ക്​ അവസരം നിഷേധിക്കുക -ഈദൃശ വിവേചനങ്ങൾ സ്വകാര്യതലങ്ങളിലാണ്​ പലപ്പോഴും അരങ്ങേറുന്നത്​. ഭരണകൂടം കാണിക്കുന്ന വിവേചനങ്ങൾക്കെതിരെ ഭരണഘടനയുടെ 14, 15, 16 അന​ു​േച്ഛദങ്ങൾ താത്ത്വികമായെങ്കിലും സുസജ്ജമാണ്​. എന്നാൽ, വിദ്വേഷത്തി​ന്‍റെയും ഭേദ ഭാവനയുടെയും മൂർത്തപ്രയോഗങ്ങൾ നടക്കുന്നത്​ സ്വകാര്യ തലങ്ങളിലാണ്​. അതിനാലാണ്​ ഈ പ്രശ്​നത്തെ അഭിമുഖീകരിക്കാനും കൈകാര്യം ചെയ്യാനും കേരളത്തിൽ ഒരു തുല്യതാ നിയമം (Equality law) രൂപകൽപന ചെയ്​ത്​ നടപ്പാക്കണമെന്നും അങ്ങനെ സംസ്​ഥാനം രാജ്യത്തിന്​ മാതൃക കാണിക്കണമെന്നും പറയുന്നത്​.

സമാനമായ ഒരു നിയമനിർമാണത്തിനുള്ള ഒരു പരിശ്രമം ദേശീയതലത്തിൽ ഉണ്ടായത്​ രണ്ടാം യു.പി.എ ഭരണകാലത്ത്​, 2014ൽ ആയിരുന്നു. പിന്നീട്​ 2016ൽ വിവേചനങ്ങൾക്കെതിരായ തുല്യതാ നിയമം കൊണ്ടുവരാൻ ശശി തരൂർ നടത്തിയ ശ്രമങ്ങൾ പക്ഷേ, മാറിയ ഭരണ-രാഷ്​ട്രീയ പരിതഃസ്​ഥിതിയിൽ വിജയം കണ്ടില്ല. നാനാവിധ വിവേചനങ്ങൾ സ്വകാര്യ തലങ്ങളിൽ നടമാടുന്ന ഇന്ത്യൻ പശ്ചാത്തലത്തിൽ തുല്യതാ നിയമങ്ങൾ ആവശ്യമാണെന്ന്​ രജീന്ദർ സച്ചാർ കമ്മിറ്റിയും (2006) തുടർന്ന്​ മാധവമേനോൻ കമീഷനും അഭിപ്രായപ്പെട്ടുവെങ്കിലും അവ നടപ്പാക്കാൻ പോയിട്ട്​ അവയെ കുറിച്ച്​ സംസാരിക്കാൻപോലും കേന്ദ്ര സർക്കാർ താൽപര്യം കാണിച്ചില്ല.

വേണം, പുതിയ നിയമനിർമാണം

ഈ പശ്ചാത്തലത്തിൽ കൂടിയാണ്​ തുല്യതക്കും വിവേചന നിരോധനത്തിനും വേണ്ടിയുള്ള രണ്ട്​ കരട്​ ബില്ലുകൾ സംസ്​ഥാന സർക്കാറി​ന്‍റെയും നിയമമന്ത്രി പി. രാജീവി​ന്‍റെയും പരിഗണനക്കായി സമർപ്പിക്കപ്പെട്ടത്​. ശശി തരൂരും ഓക്​സ്​ഫഡ്​ സർവകലാശാലയിലെ തരുണബ്​ ഖൈതാനും അരവിന്ദ്​ കുര്യൻ അബ്രഹാമും ചേർന്ന്​ തയാറാക്കിയ കരട്​ ബിൽ ആണ്​ ഒന്ന്​. സെൻറർ ഫോർ ലോ ആൻഡ്​ പബ്ലിക്​ റിസർച്ച്​ തയാറാക്കിയതാണ്​ മറ്റേത്​. ഈ രണ്ടു കരടുബില്ലുകളും ഉള്ളടക്കം കൊണ്ടും സമഗ്രതകൊണ്ടും ശ്രദ്ധേയമാണ്​.

സ്വകാര്യ തലങ്ങളിൽ മനുഷ്യർക്കെതിരെ നടത്തുന്ന വിവേചനങ്ങൾക്കെതിരെ നഷ്​ടപരിഹാരം ചോദിക്കാനുള്ള അവകാശം, വിവേചനത്തിലൂന്നിക്കൊണ്ടുള്ള പ്രസ്​താവനയുടെ പേരിൽ പൊതു മാപ്പുപറയിക്കൽ, വ്യത്യസ്​ത വിഭാഗങ്ങളുമായി ഇടപഴകിക്കൊണ്ട്​ 'സാമൂഹിക പരിശീലനം' നേടാൻ വിവേചനവാദികളെ പ്രേരിപ്പിക്കൽ എന്നിങ്ങനെ സവിശേഷമായ പരിഹാരമാർഗങ്ങളാണ്​ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്​. വിവേചനം സംബന്ധിച്ച പരാതികളിൽ അന്വേഷണം നടത്താനും തീർപ്പ്​ കൽപിക്കാനുമുള്ള വിഭാഗങ്ങളോടുകൂടിയ ഒരു സംസ്​ഥാന തുല്യതാ കമീഷൻ രൂപവത്​കരിക്കണമെന്നും നിർദിഷ്​ട ബില്ലിൽ വ്യവസ്​ഥ ചെയ്​തതായി കാണുന്നു. കേരളത്തി​ന്‍റെ നിയമനിർമാണ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരിക്കും ഈ നീക്കം; ഒപ്പം, രാജ്യത്തിനാകെ സംസ്​ഥാനം നൽകുന്ന ഒരു മഹദ്​ സന്ദേശവും. വിഭാഗീയതയും വിദ്വേഷവും കൊണ്ട്​ സംസ്​ഥാനത്തി​ന്‍റെ സാമൂഹിക നിഷ്​കളങ്കതയെ അട്ടിമറിക്കാനുള്ള ശ്രമം പ്രതിലോമ ശക്​തികളിൽനിന്നും സ്​ഥാപനങ്ങളിൽനിന്നും തുടങ്ങിക്കഴിഞ്ഞ പശ്ചാത്തലത്തിൽ, ഈ നിയമനിർമാണ നിർദേശത്തെ പരിഗണിക്കുകയും യാഥാർഥ്യമാക്കുകയുമാണ്​ സംസ്​ഥാന സർക്കാർ ഇനിയെങ്കിലും ചെയ്യേണ്ടത്​.

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്,

@KaleeswaramR ​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:equality law
News Summary - In Kerala, an equality law is needed
Next Story