ലക്ഷദ്വീപ്: ചില രാഷ്ട്രീയ പാഠങ്ങൾ
text_fieldsലക്ഷദ്വീപിൽ ആശങ്കകൾ അവസാനിക്കുന്നില്ല. വിമർശനവിധേയമായ കരടുനിയമങ്ങൾ ദ്വീപ് ജനതയുടെ സാംസ്കാരികവും സാമ്പത്തികവുമായ അസ്തിത്വത്തെതന്നെ ചോദ്യംചെയ്യുന്നവയാണെന്നതിൽ തർക്കമില്ല. അടിസ്ഥാന വിഭവങ്ങളായ ഭൂമിക്കും കടൽസമ്പത്തിനും മേൽ ദ്വീപുകാർക്കുള്ള അവകാശത്തെ പ്രത്യക്ഷമായും പരോക്ഷമായും കവർന്നെടുക്കുന്ന തന്ത്രങ്ങളാണ് അവിടെ കേന്ദ്ര ഭരണകൂടം ആവിഷ്കരിച്ചത്. ഒരേസമയം പ്രകൃതിവിരുദ്ധവും ജനവിരുദ്ധവുമായ നിയമങ്ങളിലൂടെ സമാധാനപ്രിയരായ നിഷ്കളങ്കജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. കേവലം റിയൽ എസ്റ്റേറ്റ് മാത്രമായി ദ്വീപിനെ വീക്ഷിക്കുന്ന, അവിടത്തെ ജനങ്ങളെ പൗരന്മാരായോ മനുഷ്യരായിട്ടുപോലുമോ കാണാത്ത, അമിതാധികാര വാഴ്ചയാണ് അവിടെ നമുക്കു കാണാനാവുക.
കരടുനിയമങ്ങൾ സൂക്ഷ്മമായി നോക്കുേമ്പാൾ അവ കോർപറേറ്റ് അധിനിവേശത്തിനുള്ള പാക്കേജ് ആണെന്നു കാണാം. അതിെൻറ 'ഫലപ്രദമായ' നടത്തിപ്പിനായി വർഗീയതയെയും അധികാരരാഷ്ട്രീയത്തെയും കേന്ദ്ര സർക്കാർ കൂട്ടുപിടിച്ചിരിക്കുന്നു. ദേശീയ ക്രൈം റെക്കോഡ് ബ്യൂറോവിെൻറ കണക്കുകൾപ്രകാരം ക്രമസമാധാനത്തിന് മാതൃകയായ ഈ ചെറു ദ്വീപ്സമൂഹത്തിൽ 'സാമൂഹികവിരുദ്ധ പ്രവർത്തനം തടയൽ നിയമം' എന്ന ഗുണ്ടാവിരുദ്ധ നിയമം കൊണ്ടുവരുേമ്പാൾ ജനങ്ങളല്ല, നിയമംതന്നെയാണ് ഗുണ്ടയുടെ രൂപം ധരിക്കുക. നിർദിഷ്ട നിയമത്തിെൻറ മൂന്നാം വകുപ്പുപ്രകാരം, പൊതുസമാധാനത്തിെൻറ പേരുപറഞ്ഞ് ആരെ വേണമെങ്കിലും ഭരണാധികാരിക്ക് തടവിലിടാം.
അഡ്മിനിസ്ട്രേറ്റർ എന്ന അപരനാമത്തിൽ ഒരു സ്വേച്ഛാധിപതിയെ സൃഷ്ടിക്കുകയും അദ്ദേഹത്തെ നിയമപരമായി സാധൂകരിക്കുകയും ചെയ്യുന്നതാണ് ഈ വ്യവസ്ഥ. ദ്വീപുനിവാസികളുടെ ആവാസവ്യവസ്ഥകളും പ്രകൃതിയും സംസ്കാരവും ജീവിതംതന്നെയും തട്ടിപ്പറിക്കാനുള്ള ശ്രമം എതിർക്കപ്പെടുമെന്ന് കേന്ദ്ര സർക്കാറിനും അഡ്മിനിസ്ട്രേറ്റർക്കും നന്നായി അറിയാം. അത്തരം സമാധാനപരമായ പ്രതിരോധത്തിെൻറ സൂചനകൾ ഇതിനകംതന്നെ ഉയർന്നുകഴിഞ്ഞതാണല്ലോ. ഈ ചെറുത്തുനിൽപിെൻറ മുനയൊടിക്കുന്നതിനുള്ള നിയമപരമായ മുന്നൊരുക്കമാണ് 'സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമം' എന്നത് സുവ്യക്തമാണ്. ഭക്ഷണരീതി മുതൽ കുടുംബാസൂത്രണം വരെയുള്ള കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന മറ്റു രണ്ട് കരടുനിയമങ്ങളും കേന്ദ്രത്തിെൻറ ജനവിരുദ്ധ സമീപനത്തെയാണ് വ്യക്തമാക്കുന്നത്.
ഇത്രയും കാര്യങ്ങൾ താരതമ്യേന തിരിച്ചറിയപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതിനെല്ലാമപ്പുറം, ലക്ഷദ്വീപിലെ സംഘ്പരിവാർ അജണ്ടക്ക് ദേശീയമാനമുണ്ടെന്ന വസ്തുത കാണാതിരുന്നുകൂടാ. ലക്ഷദ്വീപിനെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ല. രാജ്യത്തെ മറ്റു കേന്ദ്രഭരണപ്രദേശങ്ങളിലും സമാനമായ രീതിയിൽ നിയമങ്ങളെ ഭരണഘടനാവിരുദ്ധമായി ഉപയോഗിക്കുകയുണ്ടായി. ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനുപോലും തീരുമാനങ്ങളെടുത്ത് നടപ്പാക്കാൻ കേന്ദ്രം നിയമിച്ച ലഫ്. ഗവർണറുടെ അനുമതിയുണ്ടെങ്കിലേ കഴിയൂ എന്ന് വ്യക്തമാക്കിയ നിയമം ഈയിടെയാണ് നിലവിൽ വന്നത്. കശ്മീരിൽ ഇൻറർനെറ്റ് നിരോധിച്ചുകൊണ്ട് മാസങ്ങളോളം ജനങ്ങളെ വീർപ്പുമുട്ടിച്ച കാര്യം ഓർമിക്കുക. പുതുച്ചേരിയിൽ ഉണ്ടായ മതേതര ഭരണകൂടത്തെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ച് ആ കേന്ദ്രഭരണ പ്രദേശത്തും വർഗീയവിഷം വിതക്കാൻ ശ്രമിച്ചതും അതിൽ കേന്ദ്രം വിജയിച്ചതും ഓർക്കുക.
എന്നാൽ, മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി ലക്ഷദ്വീപിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കുക അത്ര എളുപ്പമായിരിക്കില്ല. അധികാരത്തിെൻറയും പണത്തിെൻറയും പ്രലോഭനം കാരണം സംഘ്പരിവാറിനോടൊപ്പം നിന്നവർക്കെല്ലാം പിന്നീട് വർഗീയവാദികളുടെ സ്വേച്ഛാധികാരത്തിനും ക്രൂരതക്കും ഇരയാകേണ്ടിവന്നുവെന്ന് സമീപകാല ചരിത്രം കാണിക്കുന്നു. പല സംസ്ഥാനങ്ങളിലും വർഗീയശക്തികൾക്ക് വളംവെച്ചുകൊടുത്ത ചെറുകക്ഷികൾ ദുർബലരാവുകയോ അപ്രസക്തരാവുകയോ ചെയ്തു. ലക്ഷദ്വീപിെൻറ കാര്യത്തിലും ഇത്തരത്തിൽ പ്രലോഭിപ്പിക്കപ്പെട്ടവർ ഉണ്ട് -വളരെ കുറച്ചു മാത്രം. അവർക്ക് നാളെ ചരിത്രത്തോട് സമാധാനം പറയേണ്ടിവരും. എന്നാൽ, മൊത്തത്തിൽ നോക്കിയാൽ കേരളം മാത്രമല്ല, ഇന്ത്യയിലെ പുരോഗമനവാദികളും ഭരണഘടനാവിശ്വാസികളും ദ്വീപുനിവാസികൾക്കൊപ്പം നിന്നു. കേരള നിയമസഭ ഐതിഹാസികമായ പ്രമേയവും പാസാക്കി.
ദ്വീപുനിവാസികൾ അവരുടെ നിഷ്കളങ്കവും സംശുദ്ധവുമായ സാഹോദര്യംകൊണ്ട് അധികാരത്തിെൻറ ക്രൂരതയെ സമാധാനപരമായി നേരിട്ടു. കുടിലുകളും ജീവനോപാധികളും തകർക്കപ്പെട്ടപ്പോൾ, സമരത്തിെൻറ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർ തികച്ചും ജനാധിപത്യപരമായ രീതിയിലാണ് അതിനെയെല്ലാം നേരിട്ടത്. കോവിഡ് ബാധിച്ച് ഒരാളെ മറ്റുള്ളവർക്കൊപ്പം തടങ്കലിൽ പാർപ്പിച്ചതുവഴി കടുത്ത മനുഷ്യാവകാശധ്വംസനമാണ് അധികാരികൾ നടത്തിയത്. 2020ൽ ഒരൊറ്റ കോവിഡ് രോഗിപോലും ഇല്ലാതിരുന്ന ദ്വീപിൽ കുറ്റകരമായ അനാസ്ഥയിലൂടെയാണ് ഉത്തരവാദപ്പെട്ട ഭരണാധികാരികൾതന്നെ രോഗം പടർത്തിയത്. ഒരു ജനതയോട് ഭരണകൂടം ചെയ്ത കൊടുംക്രൂരതകളിൽ പലതും ഇപ്പോഴും പുറത്തറിഞ്ഞിട്ടില്ല. ഇതെല്ലാമായിട്ടും തികച്ചും ഗാന്ധിയൻ രീതിയിലാണ് ദ്വീപിലെ ജനങ്ങൾ പ്രതികരിച്ചത്.
ഈ സമരം ജയിക്കാനുള്ളതാണ്. ഏകപക്ഷീയവും മനുഷ്യവിരുദ്ധവുമായ നിയമങ്ങളും നടപടികളുംകൊണ്ട് കർഷകസമരത്തെ അടിച്ചമർത്താൻ ഇന്നും കേന്ദ്രസർക്കാറിന് കഴിഞ്ഞിട്ടില്ല എന്നതോർക്കുക. സമാന രീതിയിലുള്ള പ്രതിഷേധസമരത്തിലൂടെ ഐതിഹാസികമായ വിജയമായിരിക്കും ദ്വീപുനിവാസികൾ കൈവരിക്കുക. അതാകട്ടെ, ലക്ഷദ്വീപുകാരുടെ മാത്രം വിജയമായിരിക്കില്ല; ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ഇന്ത്യൻ ഭരണഘടനാ തത്ത്വങ്ങളുടെയും വിജയമായിരിക്കും.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈേകാടതിയിലും അഭിഭാഷകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.