പ്രശാന്ത് ഭൂഷൺ കേസ്: വിധിയുടെ പാഠങ്ങൾ
text_fieldsഒടുവിൽ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിൽ ശിക്ഷാവിധി ഉണ്ടായിരിക്കുന്നു. ഒരു രൂപ പിഴ വിധിച്ചപ്പോഴും, പിഴ അടച്ചില്ലെങ്കിൽ നിശ്ചിതകാലത്തേക്ക് തടവുശിക്ഷയും തൊഴിൽവിലക്കും ഏർപ്പെടുത്തുമെന്നുപറയാൻ സുപ്രീംകോടതി തയാറായി. പിഴ അടക്കുമെന്ന് ഭൂഷൺ പറഞ്ഞതോടെ മറ്റുതരം ശിക്ഷകൾ അപ്രസക്തവും സാങ്കൽപികവും മാത്രമായി. അത്രയും നല്ലതുതന്നെ. കൂടുതൽ അസ്വസ്ഥജനകമായ സംഭവങ്ങൾ ഇല്ലാതെ പോയതിൽ ഭൂഷണെ പിന്തുണക്കുന്നവർ മാത്രമല്ല, മറ്റുള്ളവരും ആശ്വസിക്കുന്നുണ്ടാകണം.
എന്നാൽ, ഒരു രൂപയിൽ ഒതുങ്ങിയ ഈ 'പ്രതീകാത്മകശിക്ഷ', യഥാർഥത്തിൽ നാം നേരിടുന്നതും നേരിടാനിരിക്കുന്നതുമായ അപകടങ്ങളുടെ പ്രതീകമാണ്. അഭിപ്രായസ്വാതന്ത്ര്യമെന്ന ഭരണഘടനയുടെ സുപ്രധാന വാഗ്ദാനത്തെ പല രീതികളിൽ റദ്ദുചെയ്യാൻ ശ്രമിക്കുന്നതാണ് ഭൂഷണെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആഗസ്റ്റ് 14ാം തീയതിയിലെ വിധിയും ശിക്ഷിച്ചുകൊണ്ടുള്ള ആഗസ്റ്റ് 31െൻറ വിധിയും. സുപ്രീംകോടതി കൽപിക്കുന്ന വിധികൾ രാജ്യത്തിെൻറ നിയമമാണ്.
ഭരണഘടനയുടെ 141ാം അനുച്ഛേദമനുസരിച്ച് സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമതത്ത്വങ്ങൾ ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണ്. ഭൂഷെൻറ ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തിയ സുപ്രീംകോടതിയുടെ വിധികളുടെ അടിസ്ഥാനത്തിലാണ് ഇനിയങ്ങോട്ട് കോടതിയെപ്പറ്റിയുള്ള വിമർശനങ്ങൾ വിലയിരുത്തുക എന്ന് വന്നുകഴിഞ്ഞാൽ, രാജ്യത്ത് എന്തു വിമർശനസ്വാതന്ത്ര്യമാണ് ബാക്കിയുണ്ടാവുക എന്ന ആകാംക്ഷ സ്വാഭാവികമാണ്.
വിമർശകരെ സ്വയം സെൻസർഷിപ്പിന് വിധേയരാക്കാൻ പോന്ന വിധികൾ നിർഭയമായ വിമർശനങ്ങൾക്കുമുന്നിൽ വെല്ലുവിളികൾ ഉയർത്തും. സുപ്രീംകോടതിയുടെ ഭൂഷൺ കേസിലെ വിധിയെപ്പറ്റി ഈ ലേഖകെൻറ ഒപ്പം പ്രവർത്തിക്കുന്ന ഒരു അഭിഭാഷകയുടെ ചെറുലേഖനം ഒരു ഇംഗ്ലീഷ് ഓൺലൈൻ പത്രം പ്രസിദ്ധീകരിച്ചതുതന്നെ ഏതാണ്ട് ഒരുഡസനോളം ഭേദഗതികൾ വരുത്തിക്കൊണ്ടാണ്! കോടതികളെക്കുറിച്ച് എഴുതുന്നവരെയും പ്രസിദ്ധീകരിക്കുന്നവരെയും ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം രാജ്യത്ത് സംജാതമായിരിക്കുന്നു. അതിനുള്ള കാരണങ്ങളിലൊന്ന് സുപ്രീംകോടതിയുടെതന്നെ വിധികളാണെന്നത് ഒരു വിചിത്രയാഥാർഥ്യവും!
പ്രശാന്ത് ഭൂഷണെന്ന അഭിഭാഷകന് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ മികച്ച സ്ഥാനമാണുള്ളത്. ഭൂഷണെ ശിക്ഷിക്കുേമ്പാൾ സുപ്രീംകോടതി ഉപാധികൾ വെച്ചത് ശ്രദ്ധേയമാണ്. പക്ഷേ, നിയമപരമായി ഈ ശിക്ഷാവിധിയും ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തും. കോടതിയലക്ഷ്യനിയമത്തിൽ വിവരിച്ച പരമാവധി ശിക്ഷ ആറുമാസം വരെയുള്ള തടവോ പിഴയോ രണ്ടും കൂടിയ ശിക്ഷയോ ആണ്. അഭിഭാഷകെൻറ തൊഴിൽ വിലക്കാനും ആ നിലയിലുള്ള ഒരു 'ശിക്ഷ' വിധിക്കാനും കോടതിയലക്ഷ്യ നിയമത്തിൽ വ്യവസ്ഥയില്ല.
എന്നാൽ, സോപാധികമായിട്ടാണെങ്കിലും അതായത്, 'പിഴ'യൊടുക്കിയില്ലെങ്കിൽ ഭൂഷെൻറ പ്രാക്ടീസ് നിശ്ചിതകാലയളവിലേക്ക് വിലക്കിക്കൊണ്ട് ഉത്തരവിടാൻ സുപ്രീംകോടതിക്ക് അധികാരം നൽകുന്നത് ഏതു വ്യവസ്ഥയാണ്? കോടതിയലക്ഷ്യ നിയമത്തിലില്ലാത്ത ശിക്ഷ, ഒരു കോടതിക്ക് എങ്ങനെ വിധിക്കാൻ കഴിയും? കുറ്റവും ശിക്ഷയും വ്യക്തമായി കാലേക്കൂട്ടി നിയമത്തിലൂടെ വ്യക്തമാക്കപ്പെടേണ്ടവയാണെന്ന ക്രിമിനൽ നിയമത്തിെൻറ ബാലപാഠം ഇവിടെയും പ്രസക്തമല്ലേ? ന്യായാധിപരുടെ വിവേചനമനുസരിച്ച് ലഘുവായോ കഠിനമായോ ശിക്ഷ എങ്ങനെയും വിധിക്കാമെന്നുവന്നാൽ എന്താകും അവസ്ഥ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ തിങ്കളാഴ്ചത്തെ വിധിയോടെ, കുറഞ്ഞത് നിയമരംഗത്തെങ്കിലും ഉയർന്നുവരും.
കോടതിയലക്ഷ്യ നിയമമല്ല, കോടതിയലക്ഷ്യത്തെ സംബന്ധിച്ച് സുപ്രീംകോടതിക്കുള്ള സവിശേഷാധികാരത്തെക്കുറിച്ച് പറയുന്ന ഭരണഘടനാ വ്യവസ്ഥകളാണ് ഭൂഷൺകേസിലെ വിധികളുടെ അടിസ്ഥാനം എന്ന സൂചന വിധികളിൽതന്നെയുണ്ടെന്നത് ശരിയാണ്. എന്നാൽ, കോടതിയലക്ഷ്യം സംബന്ധിച്ച കേസുകളിലെ സുപ്രീംകോടതിയുടെ സവിശേഷാധികാരത്തെക്കുറിച്ച് പറയുന്ന 129, 142 (2) അനുച്ഛേദങ്ങളെ അപരിമിതമായ അധികാരസ്രോതസ്സുകളായി വ്യാഖ്യാനിക്കാമോ? എന്ത് ശിക്ഷയും എങ്ങനെ വേണമെങ്കിലും വിധിക്കാം എന്നതാണ് ഈ വ്യവസ്ഥകളുടെ താൽപര്യം എന്ന് ആർക്കെങ്കിലും പറയാൻ കഴയുമോ?
അതിനാൽ, സുപ്രീംകോടതി ഫലത്തിൽ ഒരുരൂപ പിഴയിട്ടതിലൂടെ വലിയ സമാശ്വാസമാണ് നൽകിയത് എന്ന ചിന്താഗതി ആർക്കും ഉണ്ടാകേണ്ടതില്ല. നിസ്സാരമായ വിമർശനങ്ങളെപ്പോലും കോടതിയലക്ഷ്യ നടപടികൾക്കുള്ള വിഷയമാക്കാം എന്ന സന്ദേശംപോലും ഭരണഘടനയുടെ അന്തസ്സത്തക്കെതിരാണ്.
എന്നിട്ടും രാജ്യത്ത് നീതിന്യായ സംവിധാനങ്ങളുടെയും രാഷ്ട്രീയ സ്ഥാപനങ്ങളുടെയും നേർക്കുള്ള മാന്യവും ഉത്തമവിശ്വാസം നിറഞ്ഞതും ക്രിയാത്മകവുമായ വിമർശനം തുടരുന്നത്, ജനങ്ങളിലും മാധ്യമങ്ങളിലും ഒരുവിഭാഗം ഇന്നും പുലർത്തുന്ന സ്വാതേന്ത്ര്യാന്മുഖതയും നിർഭയത്വവുംകൊണ്ടു മാത്രമാണ്.
യഥാർഥത്തിൽ ഭൂഷൺ കേസ് നൽകുന്ന മറ്റൊരു പാഠവും അതുതന്നെയാണ്. മാപ്പുപറയാൻ വിസമ്മതിച്ചതുവഴി, അദ്ദേഹം സ്വന്തം മനഃസാക്ഷിയുടെയും ഭരണഘടനാഹൃദയത്തിെൻറയും മർമത്തിൽതന്നെയാണ് നിലയുറപ്പിച്ചത്്. ഈ നൈതികാവബോധത്തിെൻറ ആർജവത്തിനുമുന്നിൽ നീതിന്യായാധികാരം സ്വന്തം പരിധികളും പരിമിതികളും തിരിച്ചറിയുകയായിരുന്നു. പുസ്തകങ്ങളിലും കോടതിവിധികളിലും പരതിയാൽ കാണാനിടയില്ലാത്ത ഈ നൈതികപാഠം, യഥാർഥത്തിൽ ഭരണഘടനാ സംരക്ഷണത്തിനുവേണ്ടി കോടതിക്കകത്തും പുറത്തും നടക്കേണ്ട സമാധാനപരവും നിയമവിധേയവുമായ മുന്നേറ്റങ്ങൾക്ക് ഇന്ധനം പകരും.
വിമർശിക്കപ്പെടുമോ വാഴ്ത്തപ്പെടുമോ എന്നുനോക്കിയല്ല വിധി -പ്രശാന്ത് ഭൂഷൺ കേസിൽ സുപ്രീംകോടതി
അഭിഭാഷകർ നിർഭയരും സ്വതന്ത്രരും കരുത്തരുമാണെന്നാണ് കുരുതപ്പെടുന്നതെന്നും എന്നാൽ, അവർ ഭാഗമായ സ്ഥാപനത്തോട് ആദരവ് കാണിക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെ ശിക്ഷിച്ച് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് കോടതി ഈ പരമാർശം നടത്തിയത്.
കോടതിക്കെതിരെ ദുരുപദിഷ്ടവും നിന്ദ്യവും മര്യാദയില്ലാത്തതുമായ ആരോപണങ്ങൾ ഉന്നയിക്കാൻ അഭിഭാഷകരെ അനുവദിച്ചാൽ അത് ആ തൊഴിലിെൻറ പ്രാധാന്യവും അന്തസ്സും സൗന്ദര്യവും കെടുത്തുമെന്ന് കോടതി അഭിപ്രായപ്പെട്ടു. നീതിയുടെ ഭരണസ്ഥാപനത്തെക്കുറിച്ച് പൊതു ജനങ്ങൾക്കുള്ള വിശ്വാസത്തിന് ഇളക്കം തട്ടുന്ന പരാമർശമാണ് പ്രശാന്ത് ഭൂഷൺ നടത്തിയത്. മാത്രമല്ല, ഈ സ്ഥാപനത്തെ മലിനമാക്കാനുള്ള ശ്രമമാണ് വിവിധ ആരോപണങ്ങളിലൂടെ അദ്ദേഹം ശ്രമിച്ചത്്.
ഈ സംവിധാനത്തിെൻറ ഭാഗമായ ഉത്തരവാദപ്പെട്ട ഒരു വ്യക്തിയിൽനിന്ന് ഇത് പ്രതീക്ഷിച്ചതല്ല. 35വർഷം അഭിഭാഷകനായ ഒരാൾ ഇത് ചെയ്യുന്നതിന് ഒരു ന്യായീകരണവുമില്ല. ഒരാളുടെ മനസ്സിലുണ്ടാകുന്ന ആലോചനകളെ നിയന്ത്രിക്കാൻ കോടതിക്കാവില്ല. എന്നാൽ, അത് പ്രകടിപ്പിക്കുേമ്പാൾ ഭരണഘടനക്കകത്തുനിന്നാവണം.
മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിെൻറ അനുപേക്ഷ്യ ഘടകമാണെന്നതിൽ സംശയമില്ല. എന്നാൽ, പൊതു വേദികളിലെ അഭിപ്രായങ്ങളും മാധ്യമങ്ങളിലെ ലേഖനങ്ങളും ന്യായാധിപന്മാരെ സ്വാധീനിക്കരുത്.
അത്തരം അഭിപ്രായങ്ങളാൽ സ്വാധീനിക്കപ്പെടാതെയാണ് കേസ് പരിഗണിക്കേണ്ടത്. വിധിയുടെ പേരിൽ തങ്ങൾ വിമർശിക്കപ്പെടുമോ വാഴ്ത്തപ്പെടുമോ എന്ന് നോക്കിയാവില്ല വിധി. നിയമമനുസരിച്ചാണ് വിധി പുറപ്പെടുവിക്കുന്നത്.
ഭൂഷണെ ശിക്ഷിക്കരുതെന്ന് മുൻ സുപ്രീം കോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടതായി രാജീവ് ധവാൻ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് കോടതി ഈ പരാമർശം നടത്തിയത്.
മാന്യമായ വിമർശനം നിശ്ശബ്ദമാക്കേണ്ടതല്ല. എന്നാൽ, അത് ദുരുപദിഷ്ടവും അപവാദപരവുമാണെങ്കിൽ ഈ സ്ഥാപനത്തിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതാണ്. അതിനാൽ തന്നെ അത്തരം വാദങ്ങളെ അവഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.