വെറുപ്പിന്റെ രാഷ്ട്രീയവും പ്രതിരോധവും
text_fieldsവിദ്വേഷ ഭാഷണങ്ങൾ കേവലം ക്രിമിനൽകുറ്റങ്ങൾ മാത്രമല്ല; അതേസമയം, അവയെ ക്രിമിനൽ കുറ്റങ്ങളായി കാണണമെന്നത് അതിപ്രധാനമാണ്. ക്രിമിനൽ കുറ്റങ്ങൾ നടന്നു കഴിഞ്ഞാലാവട്ടെ, നടപടികൾ ഉണ്ടാകണം. ആ നടപടികളാകട്ടെ തുല്യനീതി സങ്കൽപത്തിനു ചേരുന്ന വിധത്തിലായിരിക്കണം.
ചിലർക്ക് ഏതുതരം വിദ്വേഷ ഭാഷണത്തിലും കൊലവിളിയിലിും ഏർപ്പെടാം; എന്നാൽ, മറ്റു ചിലർ സമാധാനപരമായി സർക്കാറിനെതിരെ എന്തെങ്കിലും അഭിപ്രായം പറയാൻ പോലും പാടില്ല എന്നു വന്നതാൽ അതു നിയമവാഴ്ചയല്ല, ജനാധിപത്യവുമല്ല. ആളുകെള നോക്കി നിയമം പ്രയോഗിക്കുകയും പ്രയോഗിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ നീതിയുടെ സമ്പൂർണ നിരാകരണമാണ്.
ഹരിദ്വാറിൽ വെച്ചു നടന്ന കുപ്രസിദ്ധമായ കൊലവിളികളും അതിനെത്തുടർന്ന് നിയമത്തിന്റെ പ്രയോഗത്തിലുണ്ടായ നിസ്സംഗതയും വിവേചനവും പക്ഷപാതിത്വവുമെല്ലാം ഇന്ത്യയിൽ വെറുപ്പെന്ന പ്രത്യയശാസ്ത്രം എത്രകണ്ട് വേരിറക്കിക്കഴിഞ്ഞുവെന്നതിന്റെ സൂചനയാണ്. ഇക്കാര്യത്തിൽ നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം അഭിഭാഷകർ ഇന്ത്യൻ ചീഫ് ജസ്റ്റിസിന് കത്തയക്കുകയുണ്ടായി. എന്നാൽ, ഇക്കാര്യത്തിൽ സമഗ്രവും സഫലവും സത്യസന്ധവുമായ നടപടികൾ പൊലീസിന്റെയും സർക്കാറിന്റെയും ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പേരിനു ചിലരുടെ പേരിൽ പ്രഥമ വിവര റിപ്പോർട്ട് തയാറാക്കിയെന്നതുകൊണ്ട് തൽക്കാലം ചില പുകമറ സൃഷ്ടിക്കാൻ കഴിയുമെന്നല്ലാതെ, കാര്യവിവരമുള്ള പൗരജനങ്ങളെ വഞ്ചിക്കാൻ കഴിയില്ല.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ വകുപ്പ്, മതത്തിന്റെയോ വംശത്തിന്റെയോ ജനന- താമസസ്ഥലങ്ങളുടെയോ ഭാഷയുടെയോ പേരിൽ വ്യത്യസ്ത വിഭാഗക്കാർക്കിടയിൽ ശത്രുത വളർത്തുന്നതിനെ കുറ്റമായികാണുന്നു. സാധാരണ ഗതിയിൽ മൂന്നു വർഷം തടവുവരെ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റത്തിന് ഒരു വകഭേദമുണ്ട്.
മതപരമായ ചടങ്ങുകളുടെയോ സമ്മേളനങ്ങളുടെയോ ഭാഗമായി ഇതേ കുറ്റം ചെയ്യുന്നത് അഞ്ചുവർഷം വരെ തടവുശിക്ഷ നൽകേണ്ട കുറ്റമാണെന്ന് നിയമം പറയുന്നു. ശിക്ഷാനിയമത്തിലെ 505ാം വകുപ്പും സാമൂഹിക വിഭാഗങ്ങൾക്കിടയിൽ സ്പർധയും ഭീതിയും വളർത്തുന്ന നടപടികൾ ശിക്ഷാർഹമാണെന്ന് വ്യക്തമാക്കുന്നു. ഈ നിയമങ്ങൾ പക്ഷേ, ഹരിദ്വാറിൽ നോക്കുകുത്തികളായി.
ഈ ശിക്ഷാനിയമ വ്യവസ്ഥകൾ ശരിയായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബാബുറാവു പട്ടേലിെൻറ കേസിൽ (Baburao Patel v. State (1980 2 SCC 402) പരമോന്നത േകാടതിതന്നെ വ്യക്തമാക്കുകയുണ്ടായി. മതസ്പർധ വളർത്താനും ഒരു ന്യൂനപക്ഷ വിഭാഗത്തെ മൊത്തം ക്രിമിനലുകളായി ചിത്രീകരിക്കാനും ഒരു പ്രബന്ധത്തിലൂടെ ശ്രമിച്ചപ്പോൾ അതു 'രാഷ്ട്രീയ സിദ്ധാന്ത'മാണെന്ന പ്രതിയുടെ വാദമാണ് സുപ്രിംകോടതി ഈ കേസിൽ നിരാകരിച്ചത്. എൺപതുകളിൽ തുടങ്ങി സമീപകാലം വരെ സുപ്രീംകോടതി സ്വീകരിച്ച ഈ നിലപാട് യഥാർത്തത്തിൽ ശിക്ഷാ നിയമത്തിന്റെ മാത്രം ബലത്തിലുള്ളതായിരുന്നില്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങളുടെതന്നെ അടിസ്ഥാനത്തിലുള്ളതായിരുന്നു.
വിദ്വേഷഭാഷണങ്ങൾ, നാനാത്വത്തിൽ ഏകത്വം കാംക്ഷിക്കുന്ന ഇന്ത്യൻ സമൂഹത്തിലുണ്ടാക്കുന്ന ക്ഷതങ്ങളെക്കുറിച്ച് ഒട്ടേറെ പൗരർ വ്യാകുലപ്പെട്ടിട്ടുണ്ട്. കേന്ദ്ര നിയമ കമീഷൻ അതിന്റെ 267ാം റിപ്പോർട്ടിൽ വിദ്വേഷ ഭാഷണങ്ങൾക്ക് പ്രത്യേകമായി ചില വകുപ്പുകൾ കൂടി ശിക്ഷാനിയമത്തിൽ ചേർക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കാനഡ പോലുള്ള രാജ്യങ്ങളിൽ വിദ്വേഷ ഭാഷണത്തിനെതിരെ പ്രത്യേക നിയമനിർമാണംതന്നെ ഉണ്ടായിട്ടുണ്ട്. സാസ്കാച്വൺ വേഴ്സസ് വാട്കോട് (Saskatchewan Human Rights Commission v. William Whatcott) എന്ന കേസിൽ ഈ നിയമത്തെ സാധൂകരിക്കുകയും അതിന്റെ പ്രാധാന്യത്തിന് അടിവരയിടുകയും ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ഇപ്പോൾ സുപ്രീംകോടതി സുദർശൻ ടെലിവിഷൻ കേസിൽ പരിഗണിച്ചു പോരുകയാണ്. ന്യൂനപക്ഷ മതവിഭാഗങ്ങൾ സർക്കാർ ജോലികൾ അനർഹമായും അവിഹിതമായും ൈകയടക്കുെന്നന്ന പ്രചാരണം നടത്തിക്കൊണ്ടുള്ള സുദർശൻ ടി.വിയുടെ പരിപാടികൾ സംപ്രേക്ഷണം നടത്തുന്നത് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിലക്കുകയുണ്ടായി. ആ വിലക്ക് ഇപ്പോഴും തുടരുകയാണ്.
എന്നാൽ, കേന്ദ്ര നിയമകമീഷനും മറ്റു ചില കമീഷനുകളും ചൂണ്ടിക്കാണിച്ചതുപോലെ നിയമഭേദഗതി വഴിയോ നിയമ പരിഷ്കാരം വഴിയോ സമകാലിക ഇന്ത്യയിലെ വിദ്വേഷ ഭാഷണമുയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കഴിയില്ല. കനേഡിയൻ മാതൃകയിലുള്ള പ്രത്യേക നിയമനിർമാണം വഴിയും അതിനുകഴിയണമെന്നില്ല. കാരണം എത്ര കടുത്ത നിയമങ്ങൾ ഉണ്ടാക്കിയാലും അവ സ്വന്തക്കാരായ കുറ്റക്കാർക്കെതിരെ ഉപയോഗിക്കാതിരിക്കുകയും വിമർശിക്കുന്ന 'അപരന്മാരായ' നിരപരാധികൾക്കെതിരെ മാത്രം ഉപയോഗിക്കുകയും ചെയ്താലോ? അതിനാണ്, അതിനുമാത്രമാണ്, ഇന്നത്തെ ഇന്ത്യയിൽ സാധ്യത.
പ്രബുദ്ധരായ പൗരസമൂഹം നിലവിലുള്ള നിയമത്തെ ഉപയോഗിക്കാൻ തയാറായി മുന്നോട്ടുവന്നാൽ കോടതികൾ അവരുടെ രക്ഷക്കെത്തണം. ഒപ്പം, വിദ്വേഷ ഭാഷണത്തെ സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങളിലൂടെ തുറന്നുകാണിക്കാനും അതിന്റെ വക്താക്കൾ ജനങ്ങൾക്കും നാടിനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് വിശദീകരിക്കാനും മതേതര രാഷ്ട്രീയ കക്ഷികൾക്ക് കഴിയണം. വെറുപ്പിനെ വെറുപ്പുകൊണ്ടില്ലാതാക്കാനാവില്ലെന്ന് പറഞ്ഞത് ശ്രീബുദ്ധൻ. ഇന്ത്യൻ ഭരണഘടന നൽകുന്ന ആത്യന്തിക സന്ദേശവും അതുതന്നെയാണ്. സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും പീഠികയിൽത്തന്നെ വിളംബരം ചെയ്യുന്ന ഈ രാഷ്ട്രീയ രേഖ, ഒരു സാംസ്കാരിക ചിഹ്നം കൂടിയാണ്.
അതുകൊണ്ടാണ്, വെറുപ്പെന്ന പ്രത്യയശാസ്ത്രത്തെ നിയമപരമായി എന്നതുപോലെ രാഷ്ട്രീയമായും സാംസ്കാരികമായും കൂടി പ്രതിരോധിക്കണമെന്ന് പറയുന്നത്. വർഗീയതയെ വർഗീയതകൊണ്ട് ചെറുക്കാം എന്ന് കരുതുന്നത് മൗഢ്യമാണെന്ന് ലോകത്തിന്റെ ചരിത്രവും വർത്തമാനവും പറഞ്ഞുതരുന്നു.
ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.