വേണം, ഒരു സമഗ്രാരോഗ്യ നിയമം
text_fieldsരാജ്യത്താകമാനം കോവിഡ് വ്യാപനം ഒരിക്കൽക്കൂടി ഗുരുതരമായിത്തീർന്നിരിക്കുന്നു. ഇതേ സന്ദർഭത്തിലാണ് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിെൻറ ആൾക്കൂട്ടങ്ങളിലും ആരവങ്ങളിലും ഏർപ്പെട്ടത്. 'സാമൂഹിക അകലം' എന്ന നിർദേശത്തെ നേതാക്കളും അണികളും മറ്റു പൗരന്മാരും ഒരുപോലെ കാറ്റിൽ പറത്തി. തെരഞ്ഞെടുപ്പിൽ മാത്രമല്ല, മതപരവും സാംസ്കാരികവും രാഷ്ട്രീയവുമായ മറ്റു പല പരിപാടികളിലും 'കോവിഡ് പ്രോട്ടോകോൾ' വ്യാപകമായി ലംഘിക്കപ്പെടുന്നു. ലോക്ഡൗൺ കാലത്തെ കാർക്കശ്യങ്ങളെ കേവലം വിചിത്രമായ ഓർമകൾ മാത്രമാക്കി ഒരു സമൂഹം യാത്ര തുടരുന്നു.
ഈ വരികൾ അച്ചടിച്ചുവരുേമ്പാഴേക്കും കേരളത്തിൽ വോട്ടെടുപ്പ് കഴിഞ്ഞിരിക്കും. തെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലും പുതിയ സർക്കാറുകൾ ചുമതലയേൽക്കും. കോവിഡിെൻറ രണ്ടാം വ്യാപനസമയത്ത് സാങ്കേതികവിദ്യയുടെയും മറ്റും സഹായത്തോടെ തെരുവിലെ ആൾക്കൂട്ടങ്ങളെ ഒഴിവാക്കാൻ നമുക്ക് കഴിയുമായിരുന്നു. എന്നാൽ, സർക്കാറുകളോ തെരഞ്ഞെടുപ്പ് കമീഷനോ അത്തരത്തിലുള്ള ഒരു പദ്ധതി തയാറാക്കുകയോ അതേക്കുറിച്ച് ആലോചിക്കുക പോലുമോ ചെയ്തില്ല. ആളുകൾ തിങ്ങിക്കൂടിയുള്ള, ആർഭാടം നിറഞ്ഞ പ്രചാരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിൽ ഇക്കാര്യത്തിലുണ്ടായ സാമ്പത്തികധൂർത്തും ഒഴിവാക്കാമായിരുന്നു. രാജ്യം പകർച്ചവ്യാധിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട അവസ്ഥയിൽ അത് ഒരു ശരിയായ തീരുമാനം ആകുമായിരുന്നു. എന്നാൽ, അധികാരികളിൽനിന്ന് സാമൂഹികനന്മ ഉറപ്പുവരുത്താനുള്ള നീക്കങ്ങൾ ഇല്ലാതെപോയി. കോവിഡിെൻറ വൈദ്യശാസ്ത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം കോവിഡ്-19 എന്ന പേരിൽത്തന്നെ അനിർബാൻ മഹാപത്ര രചിക്കുകയുണ്ടായി. പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലും ഇതേ വിഷയത്തിൽ വന്ന ഇതര പുസ്തകങ്ങളിലും ചിന്തകരും ശാസ്ത്രജ്ഞരും ഡോക്ടർമാരും മറ്റും കാണിക്കുന്ന ഉത്തരവാദിത്തമോ പ്രതിബദ്ധതയോ ഭരണകർത്താക്കൾ കാണിക്കുന്നില്ല.
തെരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാറുകളും ഇതേ അലസതയും അവഗണനയും തുടരുന്നപക്ഷം സംസ്ഥാനത്തെയും രാജ്യത്തെയും ആരോഗ്യരംഗം കൂടുതൽ വലിയ പ്രതിസന്ധികളെ നേരിട്ടേക്കാം. അതിനാൽ കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യരംഗത്തെ നിയമവാഴ്ചയെയും നീതിയെയും സംബന്ധിച്ച് ഒരു ദേശീയസംവാദം തന്നെ ആവശ്യമായി വന്നിരിക്കുന്നു. യഥാസമയത്ത് ചികിത്സ ലഭിക്കാനുള്ള വ്യക്തിയുടെ മൗലികാവകാശത്തെക്കുറിച്ച് പരമാനന്ദ കടാരയുടെ കേസിൽ (1989) സുപ്രീംകോടതി വിവരിക്കുകയുണ്ടായി. എന്നാൽ, ആരോഗ്യമെന്ന വിഷയത്തെ സമഗ്രമായി സമീപിക്കുന്ന ഒരു നയമോ നിയമമോ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഈ മേഖലയിലെ ഏതാണ്ടെല്ലാ നിയമങ്ങളും ചില പ്രത്യേക മേഖലകളെയും വിഷയങ്ങളെയും മാത്രം കൈകാര്യം ചെയ്യുന്നവയാണ്. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം മുതൽ 2010ലെ ക്ലിനിക്കൽ സ്ഥാപനങ്ങളെ സംബന്ധിച്ചതു വരെയുള്ള ഇരുപതിൽപരം നിയമങ്ങൾ ചില പ്രത്യേകകാര്യങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നവയാണ്; അതല്ലാതെ ഒരു സമഗ്ര നിയമത്തിനായി നാം ശ്രമിച്ചിട്ടുപോലുമില്ല. 2017ലെ മാനസികാരോഗ്യ നിയമം, 2015, 2017 വർഷങ്ങളിലെ ആരോഗ്യ നയങ്ങൾ, 2013ലെ മരുന്നുവില നിയന്ത്രണ നിയമം, 1994ലെ അവയവമാറ്റം സംബന്ധിച്ച നിയമം എന്നിവയെല്ലാം ചില സവിശേഷ വിഷയങ്ങളെ അവയുടേതായ രീതിയിൽ സമീപിക്കുകയാണ് ചെയ്യുന്നത്. ഈ വിഭാഗത്തിൽ സൂചിപ്പിച്ച നയങ്ങൾ പോലും സമഗ്രമോ സർവതലസ്പർശിയോ അല്ല.
കച്ചവടവത്കരിക്കപ്പെട്ട നമ്മുടെ ആരോഗ്യമേഖലയെ ജനപക്ഷത്ത് മാറ്റി സ്ഥാപിക്കുക എളുപ്പമല്ല. അതിന് വലിയ രാഷ്ട്രീയ ഇച്ഛാശക്തിയും ബോധവത്കരണവും വിപ്ലവകരമായ പരിഷ്കാരങ്ങളും വേണം. സ്ഥാപനവത്കരിക്കപ്പെട്ട ആധുനിക ചികിത്സ സമ്പ്രദായത്തെക്കുറിച്ച് ഇവാൻ ഇല്ലിച്ച് എഴുതിയ പ്രസിദ്ധ പുസ്തകം 'ലിമിറ്റ്സ് ടു മെഡിസിൻ' ആദ്യം പുറത്തിറങ്ങിയത് 1974ൽ ആണ്. വൈദ്യരംഗത്തെ ആശുപത്രികൾ അടക്കമുള്ള സ്ഥാപനങ്ങൾതന്നെ എങ്ങനെ െപാതുജനാരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന് ഇല്ലിച്ച് ഈ പുസ്തകത്തിലൂടെ വിശദീകരിച്ചു.
ജനങ്ങളുടെ പക്ഷത്തുനിന്ന് ചിന്തിക്കുന്ന ഡോക്ടർമാരുടെയും അവർ നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളുടെയും പിന്തുണയും സഹകരണവും പങ്കാളിത്തവും ഉണ്ടെങ്കിൽ മാത്രമേ രാജ്യത്തും സംസ്ഥാനങ്ങളിലും സമഗ്രമായ ആരോഗ്യ നിയമങ്ങൾ ഉരുത്തിരിഞ്ഞു വരുകയുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗം മുൻമേധാവിയായ ഡോ. പി.കെ. ശശിധരൻ ഈ വിഷയത്തിൽ ശ്രദ്ധേയവും ജനോപകാരപ്രദവുമായ ഒട്ടേറെ ആശയങ്ങളും വീക്ഷണഗതികളും വെച്ചുപുലർത്തുന്നു. 'ആരോഗ്യ പരിപാലനത്തിെൻറ കാണാപ്പുറങ്ങൾ' (2017) എന്ന അദ്ദേഹത്തിെൻറ പുസ്തകത്തിലെ നിർദേശങ്ങളും അഭിപ്രായങ്ങളും സമഗ്രമായ ഒരു ആരോഗ്യനിയമത്തെക്കുറിച്ച് ചിന്തിക്കാൻ ഇനി വരാൻപോകുന്ന കേരള സർക്കാറിനെ സഹായിക്കും. ഇച്ഛാശക്തിയോടെ കാര്യങ്ങൾ നിർവഹിക്കുന്നപക്ഷം രാജ്യത്തിനാകെ മാതൃകയാക്കാൻ കഴിയുന്ന ഒരു സമഗ്രാരോഗ്യ നിയമം നിർമിക്കാൻ കേരളത്തിന് കഴിയും.
ഡോ. ശശിധരൻ ആേരാഗ്യത്തെ കേവലം രോഗചികിത്സയായല്ല കാണുന്നത്. ശരീരം, മനസ്സ്, സമൂഹം, പരിസ്ഥിതി എന്നിവയടങ്ങുന്ന ഒരു സമഗ്ര ഭൂമികയിലാണ് അദ്ദേഹം തെൻറ ആരോഗ്യ ചിന്തകൾ അവതരിപ്പിക്കുന്നത്. പ്രാഥമികമായ രോഗപരിചരണത്തിനും അടിസ്ഥാനപരമായ ആരോഗ്യാവകാശങ്ങൾക്കും ശരിയായ ജീവിതശൈലിക്കും പ്രാധാന്യം നൽകണമെന്ന് പറയുന്ന അദ്ദേഹം 'കുടുംബഡോക്ടർ' സമ്പ്രദായത്തിെൻറ സവിശേഷതക്ക് അടിവരയിടുന്നു. അമിതമായ വിധത്തിൽ സൂപ്പർ സ്പെഷാലിറ്റിയോട് ആഭിമുഖ്യവും വിധേയത്വവും പ്രകടിപ്പിക്കുന്ന ഇന്നത്തെ സമീപനത്തെ അദ്ദേഹം കാര്യകാരണസഹിതം തുറന്നെതിർക്കുന്നുണ്ട്. പൊതുവൈദ്യത്തിന് (ജനറൽ മെഡിസിൻ) പ്രാധാന്യം നൽകുന്നതുവഴി ശാസ്ത്രീയവും ശരിയായതുമായ റഫറൽ സമ്പ്രദായം കൊണ്ടുവരാൻ കഴിയും എന്ന അദ്ദേഹത്തിെൻറ കാഴ്ചപ്പാടും ശ്രദ്ധേയമാണ്. ദാരിദ്ര്യനിർമാർജനവും പരിസ്ഥിതി സംരക്ഷണവും പൊതുജനാരോഗ്യ പാലനത്തിനുള്ള മുന്നുപാധികളാണെന്ന് വിവരിച്ച അദ്ദേഹം, ഒരു സമഗ്രാരോഗ്യ നിയമത്തിനുവേണ്ടി ഒരുപാട് നിർദേശങ്ങൾ മുന്നോട്ടുവെക്കുകയുണ്ടായി.
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയനുസരിച്ച് പൊതുജനാരോഗ്യവും ആശുപത്രികളും മറ്റും സംസ്ഥാന ലിസ്റ്റിൽ വരുന്ന കാര്യമാണ്. കൃഷി, ജലസംഭരണം, ജലവിതരണം, ഉഭയ പട്ടികയിലെ 33ാം ഇനത്തിൽ വിവരിച്ച ഭേക്ഷ്യാൽപാദനം, വിതരണം എന്നിവയും സംസ്ഥാന സർക്കാറിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന മേഖലയാണ്. ആരോഗ്യ വിദ്യാഭ്യാസത്തിനും ശരിയായ ഭക്ഷണ-ജീവിതക്രമത്തിനും ഉതകുന്ന വിധത്തിൽ ഒരു നയം രൂപവത്കരിക്കാനും ആരോഗ്യരംഗത്തെ കുത്തകകളിൽനിന്നും നിക്ഷിപ്ത താൽപര്യങ്ങളിൽനിന്നും സാധാരണക്കാരെ പരിരക്ഷിക്കാനും ഉതകുന്ന, വ്യത്യസ്ത മേഖലകളെ ഉൾക്കൊള്ളുന്ന ഒരു സമഗ്ര നിയമം കൊണ്ടുവരാനായിരിക്കണം സംസ്ഥാനത്ത് ഇനി വരാൻപോകുന്ന സർക്കാർ ആദ്യമായി ശ്രമിക്കേണ്ടത്. കോവിഡ് കാലത്തെ വൈദ്യവും നിയമവും രാഷ്ട്രീയവുമെല്ലാം സാധാരണ മനുഷ്യർക്കും പ്രകൃതിക്കും ഉതകുന്ന വിധത്തിൽ മാറ്റി എഴുതപ്പെടണം. ഇത്തരം ചിന്തകൾ കേരളത്തിൽ ഉണ്ടായില്ലെങ്കിൽ മറ്റെവിടെയാണുണ്ടാവുക? ഇപ്പോൾ ഉണ്ടായില്ലെങ്കിൽ എപ്പോഴാണുണ്ടാവുക?
(സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ് ലേഖകൻ)
ട്വിറ്റർ: @KaleeswaramR
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.