സ്നേഹഗായകൻ
text_fields‘‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍’’
ആശാെൻറ ഈ വരികളിലൂടെ കവിയും കാവ്യവും കാലാതീതമായി. ഒരു കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന അനീതിക്കും അനാചാരങ്ങൾക്കുമെതിരെ എഴുതിയ വരികളാണിവ. ഇന്നും അതേ പ്രാധാന്യത്തോടെ ഒരു ജനതയെ ഉണർത്താൻ ആശാെൻറ ഈ വരികൾക്ക് കഴിയുന്നുണ്ട്. ഭാഷക്കപ്പുറം ആശയങ്ങളായിരുന്നു കുമാരനാശാെൻറ കൃതികളിൽ അധികവും. മഹാകാവ്യം എഴുതാതെതന്നെ മഹാകവിയായി. സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും അനീതിക്കും എതിരെ തൂലികയിലൂടെ ശക്തമായി പോരാടി. ‘ചണ്ഡാല ഭിക്ഷുകി’യും ‘കരുണ’യും ‘ലീല’യും ‘ദുരവസ്ഥ’യും ‘നളിനി’യുമെല്ലാം സമൂഹത്തിെൻറ നേർക്കാഴ്ചയായി. അനീതിയെ തുറന്നുകാട്ടി. കേവലം ഒരു പൂവിെൻറ ജനനത്തിലൂടെയും മരണത്തിലൂടെയും മനുഷ്യജീവിതത്തിെൻറ നൈമികതയെതന്നെ മാറ്റിമറിച്ചു. വീണപൂവിെൻറ ഭാഷ മലയാള കവിത ലോകത്തിന് പുതിയ സൗന്ദര്യവും ഭാവവും കൊണ്ടുവന്നു. ഇരുപതാം നൂറ്റാണ്ടിലെ കവിത സാഹിത്യത്തിൽ ആശാെൻറ പേര് എന്നന്നേക്കുമായി പതിഞ്ഞു. മഹാകവികളിൽ ആശാൻ ആശയഗാംഭീര്യനായി. ആശാനെക്കുറിച്ചും ആശാെൻറ കൃതികളെക്കുറിച്ചും ‘വെളിച്ചം’ കൂട്ടുകാർക്ക് പരിചയപ്പെടുത്താം.
ആശാെൻറ ജീവിതം
മലയാള കവിതയുടെ കാൽപനിക വസന്തത്തിന് ആരംഭം കുറിച്ച കവിയാണ് കുമാരനാശാൻ. കുമാരനാശാൻ കൃതികൾ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുവാൻ സഹായകമായി. ആശയ ഗംഭീരൻ, സ്നേഹഗായകൻ, വിപ്ലവത്തിെൻറ ശുക്രനക്ഷത്രം എന്നീ പേരുകളിലറിയപ്പെടുന്ന ആശാൻ 1873 ഏപ്രിൽ പന്ത്രണ്ടിന് ചിറയിൻകീഴ് താലൂക്കിൽപ്പെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ജനിച്ചത്. കുമാരു എന്നായിരുന്നു അദ്ദേഹത്തിെൻറ യഥാർഥ നാമധേയം. മാതാവ് കാളിയമ്മ, പുരാണ ഇതിഹാസങ്ങളിൽ പാണ്ഡിത്യം നേടിയ കുടുംബിനിയായിരുന്നു. അച്ഛൻ നാരായണൻ പെരുങ്ങാടി.
തെൻറ ആദ്യകാല ജീവിതത്തിൽ ഒരുപാട് അസുഖങ്ങൾ അദ്ദേഹത്തെ ബാധിച്ചിരുന്നു. അതു കണ്ട ശ്രീനാരായണ ഗുരു കുമാരനാശാനെ കൂടെക്കൂട്ടി . അത് ആശാെൻറ ജീവിതത്തിലെ വഴിത്തിരിവാവുകയും ചെയ്തു. ആയിടക്കാണ് അദ്ദേഹം സംസ്കൃത പാഠശാല ആരംഭിക്കുന്നതും കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയതും. അങ്ങനെ കുമാരു നാട്ടുകാർക്ക് കുമാരനാശാനായി. തുടർന്ന് ഡോക്ടർ പൽപുവിെൻറ നേതൃത്വത്തിൽ ഉപരിപഠനത്തിനായി ബാംഗ്ലൂരിലേക്ക് പോയി. ന്യായശാസ്ത്രമായിരുന്നു പാഠ്യവിഷയം. ഡോക്ടർ പൽപു കുമാരനാശാന് ചിന്നസ്വാമി എന്ന പേരും നൽകി. തുടർന്നുള്ള കൽക്കത്ത പഠനകാലം ഗ്രന്ഥപാരായണത്തിനും മറ്റുമായി െചലവഴിച്ചു. അരുവിപ്പുറത്തേക്കായിരുന്നു പിന്നെയുള്ള മടക്കം. ഇവിടെവെച്ച് നിരവധി നാടകങ്ങളും കവിതകളും രചിക്കുകയുണ്ടായി.1903 ജൂൺ നാലിന് എസ്.എൻ. ഡി.പി യോഗം സ്ഥാപിതമായപ്പോൾ യോഗത്തിെൻറ സംഘടനാപരമായ ചുമതലകൾ വഹിക്കാൻ ശ്രീനാരായണ ഗുരു തിരഞ്ഞെടുത്തത് തെൻറ പ്രിയ ശിഷ്യനായ കുമാരനാശാനെയായിരുന്നു. പതിനാറു വർഷത്തോളം അദ്ദേഹം യോഗത്തിെൻറ ചുമതല വഹിച്ചു. നാൽപത്തിനാലാം വയസ്സിലാണ് ആശാൻ വിവാഹിതനായത്. ഭാനുമതി അമ്മ ആയിരുന്നു ജീവിതസഖി. മലയാള മനസ്സുകളിൽ എന്നും മായാതെനിൽക്കുന്ന കുമാരനാശാനെന്ന ആ വെളിച്ചം 1924 ജനുവരി പതിനാറിന് പല്ലനയാറ്റിൽ വെച്ചുണ്ടായ റെഡീമർ ബോട്ടപകടത്തിൽ മരിച്ചു.
മഹാകവി
1922ൽ മദ്രാസ് സർവകലാശാലയാണ് കുമാരനാശാന് മഹാകവി എന്ന പദവി നൽകിയത്. മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച ഒരേയൊരു കവിയും അദ്ദേഹമാണ്. ആശാെൻറ ഖണ്ഡകാവ്യങ്ങളെല്ലാം മഹാകാവ്യങ്ങളോടൊപ്പം നിൽക്കുന്നതിനാലാണ് ഈയൊരു പേരിനു അർഹനായത്.
ആശാൻ എന്ന പത്രപ്രവർത്തകൻ
മലയാള കവി എന്നതിലുപരി ഉന്നത നിലവാരം പുലർത്തിയ പത്രപ്രവർത്തകൻ കൂടിയായിരുന്നു കുമാരനാശാൻ. 1909 മുതൽ പതിമൂന്നു വർഷത്തിലേറെ വിവേകോദയം മാസികയുടെ പത്രാധിപരായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 1920 -21 കാലത്ത് പ്രതിഭ എന്ന മാസികയിലും പ്രവർത്തിച്ചു. വിവേകോദയത്തിലും പ്രതിഭയിലും മുഖപ്രസംഗമെഴുതിയിരുന്നത് കുമാരനാശാനാണ്.
നൂറു തികഞ്ഞ സീതാകാവ്യം
1919 ഡിസംബറിലാണ് ഈ കാവ്യം കവിയുടെ ചെറിയ മുഖവുരയോടെ പ്രസിദ്ധീകരിക്കുന്നത്. സീതാദേവി അന്തർധാനം ചെയ്യുന്നതിെൻറ തലേനാൾ രാത്രി വാല്മീകിയുടെ ആശ്രമത്തിൽ ഏകാകിനിയായി ഇരുന്നു തെൻറ മുൻകാല അനുഭവങ്ങളെയും വരാനിരിക്കുന്ന കാര്യങ്ങളെയും കുറിച്ച് സീതാദേവി ചിന്തിക്കുന്നതാണ് ‘ചിന്താവിഷ്ടയായ സീത’ എന്ന കവിതയുടെ ഇതിവൃത്തം. ഇന്ത്യൻ പുരാണങ്ങളിൽ നിന്നും പ്രമേയം സ്വീകരിച്ച് എഴുതിയ കവിതയാണിത്. സ്നേഹത്തിെൻറ പര്യായമായ മാതാവിെൻറ പ്രതീകമായിട്ടാണ് സീതയെ ആശാൻ അവതരിപ്പിച്ചിരിക്കുന്നത്.
വീണപൂവ്
‘ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ’
എന്നു തുടങ്ങുന്ന വീണപൂവിലെ വരികൾ ജീവിതം എത്ര നിസ്സാരവും ക്ഷണികവുമാണെന്ന് നമുക്ക് കാണിച്ചു തരുന്നു. മലയാള കവിതയിൽ ഏറ്റവുമധികം പഠിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ കവിതയാണ് വീണപൂവ്. ഒരു പൂവിെൻറ ജനനം മുതൽ മരണം വരെയുള്ള അതിസൂക്ഷ്മമായ സമയങ്ങൾ മനുഷ്യജീവിതത്തെ ഓർമിപ്പിച്ചുകൊണ്ട് കേവലം നാൽപത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ജീവിതം നശ്വരമാണെങ്കിലും അതിനെ അർഥപൂർണമാക്കാനാണ് നാം ശ്രമിക്കേണ്ടത് എന്നാണ് ആശാൻ ഈ കവിതയിലൂടെ പറയുന്നത്.
ദുരവസ്ഥ
എല്ലാ കാലത്തും ഒരുപോലെ പ്രസക്തി നേടിയതാണ് ദുരവസ്ഥ എന്ന കൃതിയിലെ മാറ്റുവിൻ ചട്ടങ്ങളെ എന്ന വരികൾ. മലബാർ ലഹളയുടെ പശ്ചാത്തലത്തിൽ 1922ൽ എഴുതിയ ഖണ്ഡകാവ്യമാണിത്. കലാപത്തിൽ നിന്നും രക്ഷപ്പെട്ട സാവിത്രി എന്ന നമ്പൂതിരി യുവതി പുലയ യുവാവായ ചാത്തെൻറ കുടിലിൽ എത്തുന്നതും അവർക്കിടയിൽ പുതിയ ബന്ധം തളിരിടുന്നതുമാണ് കവിതയുടെ പ്രമേയം. ജാതീയമായ ഉച്ചനീചത്വങ്ങളും സംഘർഷഭരിതമായ പ്രണയവും ദുരവസ്ഥയെ മികവുറ്റതാക്കിയിട്ടുണ്ട്.
ചണ്ഡാലഭിക്ഷുകിയും കരുണയും
ദുരവസ്ഥയുടെ സഹോദരിയായിട്ടാണ് കുമാരനാശാൻ ചണ്ഡാലഭിക്ഷുകിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ജാതീയമായ അസമത്വങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഈ കൃതിയുടെ രചനാലക്ഷ്യം. ബുദ്ധഭഗവാെൻറ അവതാരകഥകളിൽ ഒരാളായ മാതംഗി എന്ന ചണ്ഡാലയുവതിയെ കേന്ദ്രമാക്കിയുള്ള കഥയാണ് കവിതയുടെ ഇതിവൃത്തം. ചുട്ടുപൊള്ളുന്ന വെയിലിൽ നടന്നുതളർന്ന ബുദ്ധഭഗവാെൻറ ശിഷ്യനായ ആനന്ദ ഭിക്ഷു മാതംഗിയെന്ന ചണ്ഡാല യുവതിയിൽനിന്ന് ദാഹജലം വാങ്ങിക്കുടിക്കുന്നു . ജാതി വ്യത്യാസമില്ലാതെ സമീപിച്ച ബുദ്ധഭിക്ഷുവിനെ അവൾ അത്ഭുതത്തോടെയാണ് നോക്കിയത്. അദ്ദേഹത്തോട് മാതംഗിക്കുണ്ടാകുന്ന പ്രേമവും അവൾ ബുദ്ധ ഭിക്ഷുകിയായി മാറുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളും കവിതയിൽ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. വാസവദത്ത എന്ന സ്ത്രീക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന പ്രണയത്തിെൻറ കഥയാണ് കരുണ എന്ന കവിതയിലൂടെ കുമാരനാശാൻ അവതരിപ്പിച്ചിരിക്കുന്നത്.
നളിനിയും ലീലയും
കേവലം രണ്ടു പ്രണയ കാവ്യങ്ങൾ എന്നതിലുപരി സ്ത്രീ സമൂഹത്തിെൻറ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണ് ആശാെൻറ നളിനിയും ലീലയും. ബാല്യകാല സുഹൃത്തുക്കളായിരുന്നു നളിനിയും ദിവാകരനും . നളിനി ദിവാകരനെ ഏറെ ഇഷ്ടപ്പെടുകയും പ്രണയിക്കുകയും ചെയ്തു. ദിവകാരനാവട്ടെ ബൗദ്ധിക ജീവിതം വിട്ടു സന്യാസിയായി മാറി. ഈയൊരു സംഭവം നളിനിയെ ഏറെ തളർത്തി. വീട്ടുകാർ അവൾക്ക് വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ നളിനി ആത്മഹത്യക്കൊരുങ്ങി. എന്നാൽ, ഒരു സന്യാസിനി അവളെ മരണത്തിൽനിന്ന് രക്ഷപ്പെടുത്തുകയും ആശ്രമത്തിലേക്ക് കൊണ്ടുപോവുകയുമാണുണ്ടായത്. ഒരു വേളയിൽ നളിനി ദിവാകരനെ കണ്ടുമുട്ടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും ഏറെ ഹൃദ്യമായി കവി അവതരിപ്പിച്ചിരിക്കുന്നു. നളിനിയിലെ നായികാനായകരിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ലീലയിലെ കഥാപാത്രങ്ങൾ . മരണത്തിനുപോലും വേർപ്പെടുത്താനാകാത്ത ദിവ്യപ്രണയമാണ് ലീലയുടെയും മദനെൻറയും കഥയിലൂടെ കവി വരച്ചു കാട്ടുന്നത്.
പുഷ്പവാടി
ആശാൻ കുട്ടികൾക്ക് വേണ്ടി രചിച്ച കൃതിയാണ് പുഷ്പവാടി. പറന്നു കളിക്കുന്ന പൂമ്പാറ്റകളും, പിച്ച വെച്ച് നടക്കുന്ന കുഞ്ഞുങ്ങളും സുഗന്ധം പരത്തുന്ന പൂക്കളുമെല്ലാം ലോകത്തിലെ അംഗങ്ങളാണെന്നും എല്ലാറ്റിലുമുള്ള ജീവചൈതന്യം ഒന്നാണെന്നും പുഷ്പവാടിയിലെ വിവിധ വരികളിലൂടെ അദ്ദേഹം നമുക്ക് പറഞ്ഞുതരുന്നു.
പ്രരോദനം
തെൻറ ഗുരുവായിരുന്ന എ.ആർ. രാജരാജവർമയുടെ മരണത്തെ തുടർന്ന് ആശാൻ രചിച്ച കവിതയാണിത്. ആശാെൻറ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് പ്രരോദനത്തിലാണ്. ഇവയെക്കൂടാതെ ഒരു സിംഹപ്രസവം, ഗ്രാമവൃക്ഷത്തിലെ കുയിൽ, ബാലരാമായണം , മണിമാല, വനമാല തുടങ്ങിയ കൃതികളും അദ്ദേഹത്തിേൻറതായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.