ചാരിറ്റി സംഘടനയുടെ പേരിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരുകോടി തട്ടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsഏറ്റുമാനൂർ: ചാരിറ്റി സംഘടനയുടെ പേരിൽ പേരൂർ സ്വദേശികളായ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരുകോടിയില്‍പരം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. പേരൂർ 101 കവല ശങ്കരമല ഭാഗത്ത് ശങ്കരാമലയിൽ വീട്ടിൽ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്ത് വാടകക്ക് താമസിക്കുന്ന കൽകുന്തൽ ചേമ്പളം കൗണ്ടി ഭാഗത്ത് കിഴക്കേകൊഴുവനാൽ വീട്ടിൽ ജെസി ജോസഫ് (54) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ പേരൂർ സ്വദേശിനികളായ വീട്ടമ്മമാരെ സമീപിച്ച് എറണാകുളത്തുള്ള ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് പണം ലഭിക്കുമെന്നും ഇതിലേക്ക് നികുതിയായും സർവിസ് ചാർജായും അടക്കാൻ പണം തന്നാൽ ഇവര്‍ക്ക് ലക്ഷക്കണക്കിന് രൂപ കമീഷന് തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച്, പലതവണകളായി ഒരുകോടിയില്‍ പരം രൂപ തട്ടിയെടുക്കുകയായിരുന്നു.
പണം തിരികെ നൽകാത്തതിനെത്തുടർന്നാണ് വീട്ടമ്മമാർ പൊലീസിൽ പരാതി നൽകിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.എച്ച്.ഒ ഷോജോ വർഗീസ്, എസ്.ഐമാരായ ജയപ്രസാദ്, സിനിൽ, എ.എസ്.ഐ സജി, സി.പി.ഒ മാരായ സുമിത, ലിഖിത എന്നിവ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. കേസില്‍ വിശദ അന്വേഷണം നടത്തിവരുകയാണ്. മറ്റു പ്രതികള്‍ക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.