10 കോടിയുടെ തൊഴിൽ തട്ടിപ്പ്; ദേവസ്വം ബോർഡ് ജീവനക്കാർക്കും പങ്ക്
text_fieldsമാവേലിക്കര: ജോലി വാഗ്ദാനം ചെയ്ത് 10 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് ചില ദേവസ്വം ബോർഡ് ജീവനക്കാരുടെ സഹായം ലഭിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് ഡി.വൈ.എസ്.പി ഡോ. ആർ. ജോസ് പറഞ്ഞു. വ്യാജ നിയമന ഉത്തരവുകളും മറ്റും തയാറാക്കാൻ പ്രതികൾ ഉപയോഗിച്ച ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി. വിനീഷ് രാജനെ (32) ചോദ്യം ചെയ്യുകയാണ്. ദേവസ്വം ബോർഡിന്റെ ലോഗോ, ലെറ്റർപാഡ് എന്നിവ തയാറാക്കാനും ബോർഡിന്റെ നിയമന ചിട്ടകൾ അതേപടി പാലിക്കാനും പ്രതികളെ ചില ബോർഡ് ജീവനക്കാർ സഹായിച്ചെന്നാണ് വിവരം. ജോലി തട്ടിപ്പ് നടക്കുന്നെന്ന പരാതി മുമ്പ് ദേവസ്വം ബോർഡിന് ലഭിച്ചിരുന്നു. ദേവസ്വം വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും തുടർനടപടി നിലച്ചത് തട്ടിപ്പ് സംഘത്തെ സഹായിച്ച ദേവസ്വം ഉദ്യോഗസ്ഥരുടെ സ്വാധീനത്തിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
പരാതി അന്വേഷിച്ച ദേവസ്വം വിജിലൻസ് സംഘത്തിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യാനും പൊലീസ് ഒരുങ്ങുന്നതായി സൂചനയുണ്ട്. മുഖ്യപ്രതി വിനീഷിനെ വീട്ടിലും കരിപ്പുഴയിലെ വാടക ഫ്ലാറ്റിലും എത്തിച്ച് തെളിവെടുത്തു. പിടിച്ചെടുത്ത ലാപ്ടോപ് പരിശോധനക്കായി സൈബർ സെല്ലിന് കൈമാറും. പ്രതികളുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാൻ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. മുമ്പ് മാവേലിക്കരയിൽ ജോലി ചെയ്ത ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന വിവരത്തെത്തുടർന്ന് സ്പെഷൽ ബ്രാഞ്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
ബന്ധം തെളിഞ്ഞാൽ ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. പ്രതികൾ ഒരുക്കിയ ആഘോഷങ്ങളിൽ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നതായി വിവരം ലഭിച്ചിരുന്നു. കേസിൽ ചെട്ടികുളങ്ങര കടവൂർ പത്മാലയം പി.രാജേഷ് (34), പേള പള്ളിയമ്പിൽ വി.അരുൺ (24), കണ്ണമംഗലം വടക്ക് മാങ്കോണത്ത് അനീഷ് (24), ഓലകെട്ടിയമ്പലം ശ്രേഷ്ടം ഹൗസിൽ എസ്.ആദിത്യൻ (ആദി-22) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. അതിനിടെ ഏഴ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു.
ഡിവൈ.എസ്.പിക്കാണ് മേൽനോട്ടം. ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിച്ച് പരിചയമുള്ളവരെ ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചത്.വിനീഷിന്റെ സ്ഥാപനത്തിൽ അനധികൃതമായി സൂക്ഷിച്ച മരുന്നുകളും മറ്റും കണ്ടെത്തിയ സി.ഐ സി.ശ്രീജിത്, എസ്.ഐ അലി അക്ബർ എന്നിവരും സംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.