കേന്ദ്രീയ വിദ്യാലയ ശുചിമുറിയിൽ 11കാരി കൂട്ട ബലാത്സംഗത്തിനിരയായി
text_fieldsന്യൂഡൽഹി: ഡൽഹി കേന്ദ്രീയ വിദ്യാലയത്തിലെ വാഷ്റൂമിൽ വിദ്യാർഥിയെ മുതിർന്ന വിദ്യാർഥികൾ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ ചൊവ്വാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ കേന്ദ്രീയ വിദ്യാലയ സംഘതൻ മേഖലാ ഓഫീസും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈയിലാണ് സംഭവം നടന്നത്. എന്നാൽ കുട്ടി പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഡൽഹി വനിതാ കമീഷനെ സമീപിക്കുകയായിരുന്നു. കമീഷൻ നിർദേശ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഗുരുതര സംഭവം എന്തുകൊണ്ട് സ്കൂൾ അധികൃതർ റിപ്പോർട്ട് ചെയ്തില്ലെന്ന് ചോദിച്ച് വനിതാ കമീഷൻ സ്കൂൾ പ്രിൻസിപ്പലിനും നോട്ടീസ് അയച്ചിരുന്നു.
എന്നാൽ സംഭവത്തെ കുറിച്ച് കുട്ടിയോ രക്ഷിതാക്കളോ സ്കൂൾ പ്രിൻസിപ്പലിനെ അറിയിച്ചില്ലെന്നും പൊലീസ് അന്വേഷണം വന്നപ്പോഴാണ് സംഭവം അറിയുന്നതെന്നും കേന്ദ്രീയ വിദ്യാലയ അധികൃതർ മറുപടി നൽകി.
അതേസമയം, കുട്ടി പീഡനത്തിനിരയായ വിവരം മറച്ചുവെക്കാൻ ക്ലാസ് ടീച്ചർ ശ്രമിക്കുന്നുവെന്ന് കുട്ടിയും കുടുംബവും ആരോപിച്ചതായി വനിതാ കമീഷൻ പറഞ്ഞു. വിഷയത്തിൽ സ്കൂൾ അധികൃതരുടെ പങ്കും അന്വേഷിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് കമീഷൻ പറയുന്നതിങ്ങനെ: ജൂലൈയിൽ പെൺകുട്ടി ക്ലാസ്റൂമിലേക്ക് പോകുന്നതിനിടെ സ്കൂളിലെ 11, 12 ക്ലാസുകളിലെ രണ്ട് ആൺകുട്ടികളുമായി കൂട്ടിയിടിച്ചു. അതിന് കുട്ടി അവരോട് ക്ഷമ ചോദിച്ചെങ്കിലും അവർ അവളെ ആക്ഷേപിക്കാനും ഉപദ്രവിക്കാനും തുടങ്ങി. അവളെ ഒരു ടോയ് ലെറ്റിലേക്ക് എടുത്തുകൊണ്ടുപോയി ഉള്ളിൽ നിന്ന് അടച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം ക്ലാസ് ടീച്ചറോട് പറഞ്ഞപ്പോൾ ആൺകുട്ടികളെ പുറത്താക്കിയെന്ന് അറിയിച്ച് ഒതുക്കിത്തീർക്കുകയായിരുന്നുവെന്നും കമീഷൻ വ്യക്തമാക്കി.
എന്നാൽ സംഭവം കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ അറിയിച്ചിട്ടില്ലെന്നും അതിനു ശേഷം നടന്ന പി.ടി.എ യോഗത്തിൽ പോലും ഇക്കാര്യം ഉന്നയിക്കപ്പെട്ടില്ലെന്നും കേന്ദ്രീയ വിദ്യാലയ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.