പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിക്കടത്ത്; മലയാളി അറസ്റ്റിൽ, മറ്റൊരു മലയാളിക്കായി തിരച്ചിൽ
text_fieldsമുംബൈ: പഴം ഇറക്കുമതിയുടെ മറവിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് 1476 കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. മുംബൈ വാസിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടറും എറണാകുളം കാലടി സ്വദേശിയുമായ വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോർ ഫ്രഷ് എക്സ്പോർട്സ് ഉടമ തച്ചാപറമ്പൻ മൻസൂറിനായി അന്വേഷണം ആരംഭിച്ചു.
198 കിലോ മെത്താഫെറ്റാമിനും ഒമ്പത് കിലോ കൊക്കെയ്നുമാണ് ഇവർ മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയത്. ഇവ ട്രക്കിൽ കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. ഓറഞ്ചിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ഡി.ആർ.ഐ അറിയിച്ചു. സ്ഥാപനത്തിന്റെ വെയർഹൗസും ശീതീകരണികളും കാലടിയിലാണ്.
കോവിഡ് സമയത്ത്, മൻസൂർ മുഖേന വിജിൻ ദുബൈയിലേക്ക് മാസ്ക് കയറ്റുമതി ചെയ്തിരുന്നു. ഇതിന്‍റെ മറവിലും ലഹരിക്കടത്ത് നടന്നോയെന്ന് അധകൃതർ അന്വേഷിക്കുന്നുണ്ട്. പിന്നീട് മൻസൂറിന്റെ സഹായത്തോടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്ത് മികച്ച ലാഭം നേടി. ഇതോടെ പരസ്പര ധാരണയോടെ വിജിനും മൻസൂറും ഇത് തുടർന്നു. ലാഭത്തിന്റെ 70 ശതമാനം വിജിനും 30 ശതമാനം മൻസൂറുമാണ് പങ്കിട്ടിരുന്നതെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. വിജിന്റെ സഹോദരൻ ജിബിൻ വർഗീസുമായി ചേർന്നാണ് മോർ ഫ്രഷ് എന്ന കമ്പനി മൻസൂർ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.