വ്യാജ വാട്സ്ആപ്പ് വഴി അശ്ലീല വിഡിയോ കാൾ; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച 15കാരൻ പിടിയിൽ
text_fieldsഭോപ്പാൽ: നിരോധിത ചൈനീസ് ആപ്പ് ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച 15 കാരൻ പിടിയിൽ. മധ്യപ്രദേശിലെ സിൻഗ്രൗലി ജില്ലയിലെ 15കാരനാണ് വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകളിലൂടെ അശ്ലീല വിഡിയോ കോൾ ചെയ്ത് അതിന്‍റെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയത്.
നിരോധിത ചൈനീസ് ആപ്പായ 'ടെക്സ്റ്റ് നൗ' ഉപയോഗിച്ചാണ് കൗമാരക്കാരൻ 14 വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കിയത്. വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള ഫണ്ടുകൾ ഡാർക്ക് വെബ് വഴി ക്രിപ്റ്റോ കറൻസിയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
വാട്സ്ആപ്പ് കോളിലൂടെ ഒരാൾ ഭീഷണിപ്പെടുത്തുന്നതായി 21കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയതെന്ന് എസ്.പി ബീരേന്ദ്ര കുമാർ സിങ് പറഞ്ഞു. ജി-മെയിൽ ഐ.ഡി ഹാക്ക് ചെയ്തുവെന്ന് കാണിച്ചായിരുന്നു ഭീഷണി.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരൻ വലയിലായത്. ടെക്സ്റ്റ് നൗ ഡൗൺലോഡ് ചെയ്ത് ലൊക്കേഷൻ യു.എ.ഇ ആക്കിയ ശേഷം അമേരിക്കൻ മൊബൈൽ നമ്പർ ഉപയോഗിച്ച് 14 വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കിയതായി കുറ്റസമ്മതം നടത്തി.
ഈ അക്കൗണ്ടുകൾ വഴി വിഡിയോ കോൾ ചെയ്ത ശേഷം അശ്ലീല വിഡിയോ കാണിക്കും. ഇതിന്‍റെ സ്ക്രീൻഷോട്ട് എടുത്താണ് പിന്നീട് ഭീഷണി. ആറുപേരെ 10ാം ക്ലാസുകാരൻ ചതിക്കുഴിയിൽ വീഴ്ത്തിയതായി പൊലീസ് പറഞ്ഞു. കുട്ടി ഒറ്റക്കാണോ അതോ സഹായത്തിന് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്.
ജില്ലയിലെ പ്രശസ്തമായ ഒരു കമ്പനിയിലാണ് കൗമാരക്കാരന്‍റെ പിതാവ് േജാലി ചെയ്യുന്നത്. പഠനത്തിൽ അത്ര മിടുക്കൻ അല്ലെങ്കിലും ടെക്നിക്കൽ കാര്യങ്ങളിലായിരുന്നു കുട്ടിയുടെ വൈദഗ്ധ്യം.
യൂട്യൂബിൽ നിന്നാണ് ഹാക്കിങ് പഠിച്ചെടുത്തത്. എത്തിക്കൽ ഹാക്കിങ് പഠിക്കാനായി ചില ക്ലാസുകളിലും പങ്കെടുത്തിരുന്നു. ഐ.പി.സി, ഐ.ടി നിയമങ്ങൾ പ്രകാരം കേസ് എടുത്തു. മധ്യപ്രദേശിൽ അടുത്ത കാലത്തായി വാട്സ്ആപ്പ് വിഡിയോ കോൾ വഴിയുള്ള ഭീഷണികൾ കൂടി വരുന്നതായും സൂക്ഷ്മത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.