15കാരിക്ക് പീഡനം: യുവാവും കുട്ടിയുടെ മാതാവും അറസ്റ്റിൽ
text_fieldsഅമൽ
പ്രകാശ്
പത്തനംതിട്ട: 15കാരിയെ വിവാഹ വാഗ്ദാനം നൽകിയശേഷം താലി ചാർത്തുകയും തുടർന്ന് മൂന്നാറിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവും ഒത്താശ ചെയ്ത പെൺകുട്ടിയുടെ മാതാവും അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം വല്യകാലായിൽ വീട്ടിൽ അമൽ പ്രകാശ് (25), കുട്ടിയുടെ 35കാരിയായ മാതാവ് എന്നിവരാണ് മലയാലപ്പുഴ പൊലീസിന്റെ പിടിയിലായത്. മാതാവിന്റെ സമ്മതത്തോടെയാണ് യുവാവ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ 10ഓടെ കുട്ടിയെ വീട്ടിൽനിന്ന് കാണാനില്ലെന്നുകാട്ടി പിതാവ് മലയാലപ്പുഴ പൊലീസിൽ നൽകിയ മൊഴിപ്രകാരം കേസെടുത്തിരുന്നു. ഇതിനിടെ, ചുട്ടിപ്പാറയിലെത്തിച്ച്, മാതാവിന്റെ സാന്നിധ്യത്തിൽ യുവാവ് കുട്ടിയുടെ കഴുത്തിൽ താലിചാർത്തി. അന്ന് വൈകീട്ട് അഞ്ചോടെ കുട്ടിയെയും കൂട്ടി യുവാവും മാതാവും മൂന്നാറിലേക്ക് കടന്നു.
ജില്ല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ഏഴോടെ മൂന്നാറിലെത്തി മൂവരെയും കസ്റ്റഡിയിൽ എടുത്തു. തുടർന്ന്, പെൺകുട്ടിയെ കോന്നി നിർഭയ ഹെൻറി ഹോമിന്റെ സംരക്ഷണയിലാക്കി. വൈദ്യപരിശോധന നടത്തിയശേഷം കുട്ടിയുടെ മൊഴി വനിത എസ്.ഐ കെ.ആർ. ഷെമിമോൾ രേഖപ്പെടുത്തി. അമലിനെതിരെ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. മാതാവിനെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു. യുവാവിനെയും കുട്ടിയുടെ മാതാവിനെയും കോടതിയിൽ ഹാജരാക്കി. മലയാലപ്പുഴ പൊലീസ് ഇൻസ്പെക്ടർ കെ.എസ്. വിജയൻ, എസ്.ഐ വി.എസ്. കിരൺ, പൊലീസ് ഉദ്യോഗസ്ഥരായ സുധീഷ് കുമാർ, ഇർഷാദ്, രതീഷ്, പ്രിയേഷ്, ആതിര എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.