40ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി; ബലാത്സംഗത്തെ അതിജീവിച്ച 15കാരിയായ മാതാവ് അറസ്റ്റിൽ
text_fieldsഭോപാൽ: മധ്യപ്രദേശിൽ ദാമോ ജില്ലയിൽ 40 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ബലാത്സംഗത്തെ അതിജീവിച്ച 15കാരി അറസ്റ്റിൽ. കുഞ്ഞ് ജനിച്ചതിനെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു പെൺകുട്ടി.
ഗ്രാമത്തിലെ തന്നെ 17കാരനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഫെബ്രുവരിയിൽ പെൺകുട്ടിയെ കൗമാരക്കാരൻ ബലാത്സംഗം ചെയ്തു. ആഗസ്റ്റിൽ പെൺകുട്ടി വയർ വേദനയാണെന്ന് വീട്ടുകാരോട് പരാതിപ്പെട്ടതോടെയാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവെച്ച് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുകയും ചെയ്തു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ കൗമാരക്കാരനെതിരെ പൊലീസിൽ പരാതി നൽകുകയും പോക്സോ പ്രകാരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഗസ്റ്റ് 20 മുതൽ ജുവനൈൽ ഹോമിലാണ് കൗമാരക്കാരൻ.
ഒക്ടോബർ 16ന് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പിന്നീട് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. നവംബർ അഞ്ചിന് പെൺകുട്ടിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
നവംബർ 10ന് െപൺകുട്ടി കുഞ്ഞുമായി പ്രദേശത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തുകയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്ന് ഡോക്ടർമാരെ അറിയിച്ചു. പരിശോധനയിൽ കുഞ്ഞ് മരിച്ചിരുന്നു -തെണ്ടുഖേഡ പൊലീസ് ഉദ്യോഗസ്ഥനായ അശോക് ചൗരസ്യ പറഞ്ഞു.
നവംബർ 11ന് പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം പെൺകുട്ടിയുടെ വീട്ടുകാർക്ക് കൈമാറി. എന്നാൽ വ്യാഴാഴ്ച പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന വിവരം പുറത്തുവരികയായിരുന്നു. തുടർന്ന് 15കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടി പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.