ആറുവർഷത്തിനിടെ പീഡനത്തിനിരയായത് 17,000 കുട്ടികൾ, നീതി ലഭിച്ചത് 417 പേർക്കുമാത്രം
text_fieldsകൊച്ചി: കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് ലൈംഗികാതിക്രമത്തിന് ഇരയായത് 17,198 കുട്ടികൾ. പോക്സോ നിയമപ്രകാരം ഇവയിൽ 14,000 കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, ശിക്ഷിക്കപ്പെട്ടത് 417 കേസിൽ മാത്രമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ രേഖകൾ പറയുന്നത്. അതായത് ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികളിൽ 2.88 ശതമാനത്തിന് മാത്രമാണ് ഈ കാലയളവിൽ നീതി ലഭിച്ചത്.
2016ൽ 2129 കേസിലാണ് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തത്. 2021 ആഗസ്റ്റ് വരെ 2026 കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും 196 കേസിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. 2017ൽ 2704 കേസ് രജിസ്റ്റർ ചെയ്തതിൽ 2536 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. അതിൽ 124 കേസിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. 3180 കേസ് 2018ൽ രജിസ്റ്റർ ചെയ്തപ്പോൾ കുറ്റപത്രം സമർപ്പിച്ചത് 2993 എണ്ണത്തിൽ മാത്രമാണ്. ശിക്ഷിക്കപ്പെട്ടത് 67 എണ്ണത്തിലും. 3640 കേസുണ്ടായ 2019ൽ 3368 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും 24 എണ്ണത്തിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. 3044 കേസാണ് 2020ൽ രജിസ്റ്റർ ചെയ്തത്. 2581 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ശിക്ഷിക്കപ്പെട്ടത് ആറ് കേസിൽ മാത്രവും. 2021 ഒക്ടോബർ മൂന്നുവരെ 2501 കേസാണ് രജിസ്റ്റർ ചെയ്തതെങ്കിലും 992 എണ്ണത്തിലേ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളൂ. ഒരു കേസിൽപോലും പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല.
തിരുവനന്തപുരം സിറ്റി, റൂറൽ സ്റ്റേഷൻ പരിധികളിൽ ഈ കാലയളവിൽ 2130 കേസാണ് രജിസ്റ്റർ ചെയ്തത്. മറ്റിടങ്ങളിലെ കണക്ക്: കൊല്ലം -1472, പത്തനംതിട്ട -607, ആലപ്പുഴ -907, കോട്ടയം -867, ഇടുക്കി -891, എറണാകുളം -1555, തൃശൂർ -1421, പാലക്കാട് -1206, മലപ്പുറം -2053, കോഴിക്കോട് -1509, വയനാട് -730, കണ്ണൂർ -1051, കാസർകോട് -781. റെയിൽവേയിൽ 18 കേസും എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.