180 സിം കാർഡുകൾ ഒന്നിച്ച് ആക്ടീവായി; പ്രതി വലയിലുമായി
text_fieldsമലപ്പുറം: സിം കാർഡുകളെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ അബ്ദുല്‍ ഷമീർ അറസ്റ്റിലായത് 180ഓളം ബി.എസ്.എൻ.എൽ സിം കാർഡുകൾ ഒന്നിച്ച് ആക്ടീവായതിനെ തുടർന്ന്. 2023 നവംബറിൽ മലപ്പുറം ജില്ലയിൽ ബി.എസ്.എൻ.എല്ലിന്റെ 180ഓളം സിം കാർഡുകൾ ഒന്നിച്ച് ആക്ടീവായെന്നും പിന്നീട് ഇവ ഡീ-ആക്ടിവേറ്റാക്കി, മറ്റു സേവനദാതാക്കളിലേക്ക് പോർട്ട് ചെയ്തെന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
പോർട്ട് ചെയ്ത നമ്പറുകളിലുള്ള സിം കാർഡുടമകളുടെ മേൽവിലാസം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ഇവരാരും ഇത്തരത്തിൽ ബി.എസ്.എൻ.എൽ സിം കാർഡ് എടുത്തിട്ടില്ലെന്നും ഈ മാസങ്ങളിൽ മറ്റു കമ്പനികളുടെ സിം കാർഡ് ഇവർ എടുത്തിരുന്നതായും ബോധ്യമായി.
ഒരേ ദിവസംതന്നെ വിവിധ പ്രൊവൈഡർമാരുടെ സിം കാർഡ് ഒരാളുടെ പേരിൽത്തന്നെ ആക്ടീവായതായും കണ്ടെത്തി. ഉപഭോക്താക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബ്ദുല്‍ ഷമീറിനെ അറസ്റ്റ് ചെയ്തത്.
ഇങ്ങനെ ജനറേറ്റ് ചെയ്ത സിം കാർഡുകൾ മറ്റേതെങ്കിലും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നത് അന്വേഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. ഉപഭോക്താവിന്റെ ചിത്രവും രേഖകളും അവരറിയാതെ ഉപയോഗിച്ചതിന് ഐ.ടി ആക്ട് 66 സി പ്രകാരവും വഞ്ചനക്കുറ്റത്തിനും പ്രതിക്കെതിരെ കേസെടുത്തു.
പ്രതിയെ മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയ സംഘത്തിൽ ജില്ല സ്പെഷൽ സൈബർ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, വിമല, പൊലീസുകാരായ ഇ.ജി. പ്രദീപ്, മൻസൂർ അയ്യോളി, റാഷിദ്, കൊണ്ടോട്ടി ഡാൻസാഫ് അംഗങ്ങളായ സീനിയർ സി.പി.ഒ സഞ്ജീവ്, രതീഷ്, സബീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.