പശുവിന്‍റെ പേരിൽ വീണ്ടും അരുംകൊല; രണ്ട് ആദിവാസി യുവാക്കളെ മർദിച്ചു കൊന്നു
text_fieldsഭോപ്പാൽ: രാജ്യത്ത് പശുവിന്‍റെ പേരിൽ വീണ്ടും അരുംകൊല. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ പശുവിനെ അറുത്തെന്ന് ആരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ ഗോസംരക്ഷക ഗുണ്ടകൾ തല്ലിക്കൊലപ്പെടുത്തി. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. 20ഓളം പേരടങ്ങിയ ബജ്രംഗ്ദൾ, രാംസേന അക്രമിസംഘമാണ് കൊലക്ക് പിന്നിലെന്ന് സംസ്ഥാന കോൺഗ്രസ് മേധാവിയും മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥ് ആരോപിച്ചു.
അക്രമിസംഘം വീടുകളിലെത്തി വിളിച്ചിറക്കി മർദിക്കുകയായിരുന്നു. പശുവിനെ കൊന്നെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദനം. പിന്നീട് ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചിരുന്നു. 20 പേർക്കെതിരെ കേസെടുത്തതായും ആറ് പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും പൊലീസ് പറഞ്ഞു.
കൊലപാതകികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ അർജുൻ സിങ് കകോദിയ ജബൽപൂർ-നാഗ്പൂർ ഹൈവേയിൽ പ്രതിഷേധിച്ചു. കൊല്ലപ്പെട്ടവരുടെ വീടുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. ഏതാനും പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംശയമുള്ള മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നും കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്ന് 12 കിലോഗ്രാം ഇറച്ചി കണ്ടെടുത്തതായും പൊലീസ് സൂപ്രണ്ട് എസ്.കെ. മാരാവി പറഞ്ഞു.
സമ്പദ് ഭട്ടി, ധൻസ എന്നിവരാണ് ഗോസംരക്ഷണ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബ്രജേഷ് ഭട്ടി എന്നയാളാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. വടികളും മറ്റും ഉപയോഗിച്ച് അതിക്രൂരമായി ഇരുവരെയും മർദിക്കുകയായിരുന്നെന്ന് ബ്രജേഷ് ഭട്ടി പറഞ്ഞു. അക്രമം കണ്ട് എത്തിയപ്പോഴാണ് ഇയാൾക്കും മർദനമേറ്റത്. കൊലപാതകത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.