പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച 20,000 രൂപയും 20 പവനും രേഖകളും കവർന്നു
text_fieldsപയ്യന്നൂർ: പയ്യന്നൂരിൽ പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 20 പവന്റെ ആഭരണങ്ങളും 20,000 രൂപയും ബാങ്കിന്റെ ബ്ലാങ്ക് ചെക്ക് ബുക്കും പാസ്പോർട്ടും രേഖകളും കവർന്നു. ആരാധനാ മഹോത്സവം നടക്കുന്ന പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ചേരിക്കൽമുക്കിലെ വിദേശത്ത് എൻജിനീയറായ വിഗ്നേഷ് ഹൗസിൽ സുനിൽകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ ഇരുപത്തിയേഴിന് സുനിൽകുമാറിന്റെ ഭാര്യ പൂർണിമയും കുടുംബവും വീട് പൂട്ടി തലശ്ശേരിയിലെ സ്വന്തം വീട്ടിൽ പോയിരുന്നു.
ബുധനാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകർത്താണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ലോക്കറ്റോടുകൂടിയ 12 പവന്റെ മാലയും മോതിരങ്ങളും മറ്റും ഉൾപ്പെടെ 20 പവന്റെ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും കൊണ്ടുപോയത്.
ഇതിനു പുറമെ എസ്.ബി.ഐ ബാങ്കിന്റെ ബ്ലാങ്ക് ചെക്ക് ബുക്കും പാസ്പോർട്ടും രേഖകളും കള്ളന്മാർ കൊണ്ടുപോയി. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ എസ്.ഐ എം.വി. ഷീജുവും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. വിദേശത്തുള്ള സുനിൽകുമാറിന്റെ ഭാര്യ പൂർണിമയുടെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. പയ്യന്നൂർ ടൗണിൽ അടുത്തിടെ നിരവധി കടകളിലും കവർച്ച നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.