അനധികൃതമായി പ്രവർത്തിച്ച 21 ക്വാറികൾ കണ്ടെത്തി
text_fieldsകൂറ്റനാട്: മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, അട്ടപ്പാടി താലൂക്കുകളിൽ റവന്യൂ വകുപ്പ് നടത്തിയ പരിശോധനകളിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന 21 ചെങ്കൽ ക്വാറികൾ കണ്ടെത്തി. ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമലശ്രീയുടെ നിദേശപ്രകാരം താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ മുതൽ ഡെപ്യൂട്ടി തഹസിൽദാർമാരുടെയും വില്ലേജ് ഓഫിസർമാരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിയമാനുസൃതം സർക്കാറിലേക്ക് റോയൽറ്റി അടക്കാതെയും ജിയോളജി വകുപ്പിന്‍റെ പെർമിറ്റ് ഇല്ലാതെയും അനധികൃതമായി ഖനന പ്രവൃത്തി നടക്കുന്നതായി കണ്ടെത്തിയത്.
മണ്ണാർക്കാട് താലൂക്കിൽ 11ഉം ഒറ്റപ്പാലം താലൂക്കിലും പട്ടാമ്പിയിലും അഞ്ച് ചെങ്കൽ ക്വാറികൾ വീതവുമാണ് അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ സ്ഥലം ഉടമകൾക്ക് സ്റ്റോപ് മെമോ നൽകുന്നതിനും പിഴ ഈടാക്കുന്നതിനും റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട തഹസിൽദാർമാർക്കും വില്ലേജ് ഓഫിസർമാർക്കും നിർദേശം നൽകിയതായി സബ് കലക്ടർ അറിയിച്ചു.
കൂടാതെ മണ്ണാർക്കാട് താലൂക്കിലെ കുമരംപുത്തൂർ വില്ലേജിൽ രണ്ടിടത്ത് അനധികൃതമായി നിലം നികത്തിയതായി കണ്ടെത്തി. ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും പ്രകൃതി ചൂഷണങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും സബ് കലക്ടർ അറിയിച്ചു.
പരിശോധനകൾക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ ഹഫ്‌സത്ത് കൊന്നാലത്ത്, ഒ. ജയകൃഷ്ണൻ, കെ. രാമൻകുട്ടി, കെ. ബാലകൃഷ്ണൻ, എം.എം. മഞ്ജു, എം. ഗിരീഷ് കുമാർ, വില്ലേജ് ഓഫിസർമാരായ എം.ആർ. രാജേഷ് കുമാർ, കെ.വി. സുമേഷ്, ഉദ്യോഗസ്ഥരായ മനോജ്, രാജീവ്, രാകേഷ്, അനൂപ്, ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.