ടാപ്പിങ് തൊഴിലാളിക്ക് വെട്ടേറ്റ സംഭവത്തില്‍ 21 കാരന് അറസ്റ്റില്‍
text_fieldsഎടക്കര: മൂത്തേടം പനമ്പറ്റയില്‍ ടാപ്പിങ് തൊഴിലാളിയായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. പുല്ലാണിക്കാടന്‍ നൗഫല്‍ (32) നെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് കാരപ്പുറം ചോളമുണ്ട വറ്റിപ്പറമ്പത്ത് ഷാമില്‍ ബാബുവിനെ (21) എടക്കര പൊലീസ് ഇൻസ്പെക്ടർ എസ്. അനീഷ് അറസ്റ്റ് ചെയ്തത്.
ഇയാളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ആറിന് പുലര്‍ച്ചെ നാലിനാണ് നൗഫലിന് നേരെ മുഖംമൂടിധാരിയുടെ ആക്രമണമുണ്ടായത്. പാലാങ്കരയിലെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന നൗഫലിന്റെ ബൈക്കിന് നേരെ പ്രതി ചാടിവീഴുകയും ബൈക്കില്‍ നിന്നുവീണ ഇയാളെ മര്‍ദ്ദിക്കുകയും കത്തികൊണ്ട് വെട്ടുകയുമായിരുന്നു. നിലവിളി കേട്ട് സമീപവാസികള്‍ എത്തിയതോടെ അക്രമി ഓടിരക്ഷപെടുകയായിരുന്നു.
കൈക്കും കഴുത്തിനും പരിക്കേറ്റ നൗഫല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എടക്കര പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഉപയോഗിച്ച മാസ്ക്, കത്തി, ചുറ്റിക എന്നിവ സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിരുന്നു. പൊലീസ് അന്വേഷണം നടക്കുന്ന സമയത്ത് പരിസരവാസികളെല്ലാം സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതിയായ ഷാമില്‍ ബാബു മാത്രം ഇവിടെ എത്തിയിരുന്നില്ല. ഇതാണ് ഇയാളിലേക്ക് അന്വേഷണം എത്താന്‍ കാരണം.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. നൗഫല്‍ ഷാമിലിന്റെ കുടുംബത്തെക്കുറിച്ച് അപവാദപ്രചാരണങ്ങള്‍ നടത്തിയതും പരിഹസിക്കുകയും ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഇന്‍സ്പെക്ടര്‍ക്ക് പുറമെ എസ്.ഐമാരായ പി. ശിവകുമാര്‍, അജിത്ത് കുമാര്‍, എ.എസ്.ഐമാരായ അബ്ദുൽ മുജീബ്, സീനിയര്‍ സി.പി.ഒ സാബിര്‍ അലി, സി.പി.ഒമാരായ അനീഷ്, ഷൈനി, സുവർണ, ഷാഫി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.