പ്രണയബന്ധത്തിന്‍റെ പേരിൽ 13കാരിയുടെ തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ പരേഡ്; 35 പേർക്കെതിരെ കേസ്
text_fieldsഅഹ്മദാബാദ്: പ്രണയബന്ധത്തിന്‍റെ പേരിൽ പതിമൂന്നുകാരിയെ പ്രാകൃത ശിക്ഷ വിധിക്ക് വിധേയമാക്കിയ കേസിൽ 22പേർ അറസ്റ്റിൽ. ഗുജറാത്തിലെ പഥാനിലാണ് സംഭവം.
ഗ്രാമത്തിലെ പുരുഷൻമാരുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ തല മുണ്ഡനം ചെയ്യുകയും മുഖത്ത് കരിതേക്കുകയും വഴിയിലൂടെ നടത്തിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പ്രണയബന്ധത്തെ ചൊല്ലിയായിരുന്നു പ്രാകൃത ശിക്ഷാരീതി.
നവംബർ 10നാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ തന്നെ സമുദായത്തിൽപ്പെട്ട 35 പുരുഷൻമാർ ചേർന്ന് വഴിയിൽ തടയുകയും കൈകൾ കൂടിക്കെട്ടിയ ശേഷം തല മൊട്ടയടിക്കുകയും ചൂടുള്ള പാത്രം തലയിൽ വെക്കുകയുമായിരുന്നു. കൂടാതെ മുഖത്ത് കരി തേക്കുകയും ചെയ്തു. തുടർന്ന് െപൺകുട്ടിയെ ഗ്രാമത്തിലൂടെ നടത്തിച്ചു. 13കാരിയുടെ പിതാവും കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പെൺകുട്ടി സഹായത്തിനായി കരയുന്നതും ഇതോടെ പുരുഷൻമാർ അവളുടെ ചുറ്റുംകൂടി പരിഹസിക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന്, വീട്ടിലെത്തിച്ച പെൺകുട്ടിയെ അന്നുതന്നെ പിതാവും ബന്ധുക്കളും ചേർന്ന് മറ്റൊരാൾക്ക് വിവാഹം കഴിച്ചു നൽകിയതായും പറയുന്നു.
ക്രൂരകൃത്യത്തിന്‍റെ വിഡിയോ വൈറലായതോടെ ജില്ല ശിശു സംരക്ഷണ ഓഫിസറും പൊലീസ് സൂപ്രണ്ടും ഗ്രാമത്തിലെത്തി. സ്ഥലത്ത് പ്രേത്യക പൊലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തു. 'കേസിൽ ഇതുവരെ 22 പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്' -പഥാൻ പൊലീസ് സൂപ്രണ്ട് അക്ഷയ് രാജ് മഖ്വാന പറഞ്ഞു.
പെൺകുട്ടിയെ പൊലീസെത്തി വീട്ടുകാരിൽനിന്ന് മോചിപ്പിച്ചു. 13കാരിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും ആരോഗ്യപരിശോധന നടത്തിയതായും ജില്ല ശിശു സംരക്ഷണ ഓഫിസർ പറഞ്ഞു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൗൺസലിങ്ങിന് വിധേയമാക്കുകയും ചെയ്തു.
ഗ്രാമത്തിലെ ഒരു യുവാവുമായി പെൺകുട്ടിക്ക് പ്രണയമുണ്ടായിരുന്നു. ദീപാവലിക്ക് രണ്ടുദിവസത്തിന് ശേഷം പെൺകുട്ടി യുവാവുമായി ഒളിച്ചോടിയിരുന്നു. തുടർന്ന് പെൺകുട്ടിയെയും യുവാവിനെയും ഗ്രാമവാസികൾ സമീപത്തെ ബസ് സ്റ്റാൻഡിൽനിന്ന് പിടികൂടി നിർബന്ധപൂർവം ഗ്രാമത്തിൽ തിരിച്ചെത്തിച്ചു. പെൺകുട്ടിയുടേതിന് സമാനമായി യുവാവിനെയും പ്രാകൃത ശിക്ഷക്ക് വിധേയമാക്കിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.