100 അല്ല; കരുവന്നൂർ ബാങ്കിൽ നടന്നത് 226 കോടിയുടെ തട്ടിപ്പ്
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് 226 കോടിയിലധികം രൂപയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ബാങ്കിലെ വ്യാപാര ഇടപാടുകളിലും തട്ടിപ്പ് നടന്നു. വായ്പ തട്ടിപ്പ് നടത്താൻ ചില ജീവനക്കാരും ഭരണസമിതി അംഗങ്ങളും സംഘമായി പ്രവർത്തിച്ചു. നിക്ഷേപകർക്ക് തുക തിരികെ നൽകാൻ കഴിയാത്തത്ര ഗുരുതര സാമ്പത്തിക പ്രതിസന്ധി ബാങ്കിൽ നിലനിൽക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വ്യാജ രേഖകൾ ഉണ്ടാക്കി വായ്പ നൽകി തട്ടിപ്പ്, പ്രതിമാസ ചിട്ടി നടത്തിപ്പിൽ തട്ടിപ്പ്, സഹകരണ വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് എന്നിങ്ങനെ മൂന്ന് രീതിയിലാണ് തട്ടിപ്പ് നടന്നത്. ഇതിലൂടെ 226 കോടി രൂപ ബാങ്കിന് നഷ്ടമായി. വ്യാജ വായ്പയിലൂടെ നഷ്ടമായത് 215 കോടിയാണ് (215,71,45,253). പ്രതിമാസ ചിട്ടി നടത്തിപ്പിൽ ഒമ്പത് കോടിയുടെ (9,22,97,000) തട്ടിപ്പ് നടത്തി. സഹകരണ സൂപ്പർ മാർക്കറ്റുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ 1.8 കോടിയുടെ (1,83,36,511) ക്രമക്കേടും കണ്ടെത്തി.
ആകെ 226,77,78,764 രൂപയുടെ നഷ്ടം ബാങ്കിനുണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്രമക്കേടിൽ സഹകരണ വകുപ്പിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് കണ്ടെത്തൽ.
തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കും പുറമെ സഹകരണ വകുപ്പിലെ ജോ. രജിസ്ട്രാർ തുടങ്ങി വിവിധ മേഖലയിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അസി. രജിസ്ട്രാറുടെ മേൽനോട്ടത്തിൽ സാങ്കേതിക വിഭാഗം വിദഗ്ധൻ കെ. ആദിത്യകൃഷ്ണ, അസി. രജിസ്ട്രാർമാർ എസ്. ജയചന്ദ്രൻ, വി. ജെർണയിൽ സിങ്, സ്പെഷൽ ഗ്രേഡ് ഇൻസ്പെക്ടർ എ.പി. അജിത്കുമാർ, ജൂനിയർ ഇൻസ്പെക്ടർ ആർ. രാജാറാം എന്നിവരാണ് അന്വേഷണം നടത്തിയത്.
തട്ടിപ്പ് നടത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണമെന്നും ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കിട്ടാനുള്ള തുക പിരിച്ചെടുക്കാനും മറ്റും കർമപദ്ധതി തയാറാക്കണമെന്നും സഹകരണ സംഘങ്ങളുടെയും വകുപ്പിന്റെയും പ്രവർത്തനങ്ങളിൽ കാലോചിത പരിഷ്കരണങ്ങൾക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
കഴിഞ്ഞ ആഗസ്റ്റിലാണ് ക്രമക്കേട് വിവരങ്ങൾ പുറത്തുവന്നത്. ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളുമടക്കം 19 പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എല്ലാവരും അറസ്റ്റിലാവുകയും ചെയ്തു.
പ്രധാന കണ്ടെത്തലുകൾ
- ജാമ്യവസ്തുക്കളിൽ കൃത്രിമം കാണിച്ചും വിപണി മൂല്യം തെറ്റായി രേഖപ്പെടുത്തിയും നഷ്ടം വരുത്തി.
- ബാങ്കിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലും ഹാർഡ് വെയറിലും അടിസ്ഥാനപരമായി പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല.
- ക്രമക്കേട് യഥാസമയം കണ്ടുപിടിക്കുന്നതിനും സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിലും സഹകരണ വകുപ്പിന്റെ വിവിധ ഓഫിസുകൾക്കും ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചു.
- ബാങ്ക് സെക്രട്ടറി, മാനേജർ, സീനിയർ അക്കൗണ്ടന്റ് തുടങ്ങി അഞ്ച് ജീവനക്കാരും ഭരണസമിതിയും മറ്റ് ചിലരും സംഘടിതമായാണ് ക്രമക്കേട് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.