2.27കിലോ കഞ്ചാവ് പിടിച്ചെടുത്തു; രണ്ടുപേർ കസ്റ്റഡിയിൽ
text_fieldsഈരാറ്റുപേട്ട: അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ വൻകഞ്ചാവ് ശേഖരം പിടിച്ചെടുത്തു. രണ്ടു കിലോയിൽ അധികം കഞ്ചാവാണ് പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശികളായ വസീം മാലിക്, അലാം ഖിർ എന്നിവരെ കസ്റ്റഡിയിലെടുത്തു.
എം.ഇ.എസ് കവലയിലുള്ള കെട്ടിടത്തിലാണ് വസീം മാലിക് താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇവിടെ താമസം തുടങ്ങിയത്. രാവിലെ വസീമിന്റെ മുറിയിൽ എത്തിയ സുഹൃത്ത് അലാംഖിറുമായി സാമ്പത്തിക ഇടപാടുകളെച്ചൊല്ലി വാക്തർക്കം ഉണ്ടായി. ബഹളവും വാക്കേറ്റവും വർധിച്ചതോടെ സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മുറിക്കുള്ളിൽ നടത്തിയ പരിശോധനയിലാണ് രണ്ടു പാക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന 2.27 കിലോ കഞ്ചാവ് കണ്ടെടുത്തത്. മറ്റു ലഹരിപദാർഥങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനാണ് വസീം കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വസീമിനെ കെട്ടിട ഉടമക്ക് പരിചയപ്പെടുത്തിയ ആൾക്കുവേണ്ടിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികൾക്കിടയിലെ കഞ്ചാവ് വിൽപന സംബന്ധിച്ച് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് നേരത്തേ രഹസ്യവിവരം ലഭിച്ചിരുന്നു. നിരീക്ഷണം ശക്തമാക്കി വരവെയാണ് കഞ്ചാവ് പിടികൂടിയത്.ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി. വിഷ്ണു തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.