ഇന്ത്യയിലേക്ക് ലൈംഗികത്തൊഴിലിനായി യുവതികളെ കടത്തുന്ന സംഘം പിടിയിൽ
text_fieldsഗുരുഗ്രാം: ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് ലൈംഗികത്തൊഴിലിനായി യുവതികളെ കടത്തുന്ന സംഘത്തിൽപ്പെട്ട മൂന്ന് പേർ അറസ്റ്റിൽ. വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന രുഹാൻ ബാബു ഹുസൈൻ(22), അമീൻ ഹുസൈൻ(23), അർകോ ഹുസൈൻ(25) എന്നീ ബംഗ്ലാദേശ് പൗരന്മാരാണ് പിടിയിലായത്.
ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് 3 മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ കഴിയുന്നവരെ പിടികൂടാനായി നടത്തിയ റെയ്ഡിനിടെയാണ് മനുഷ്യക്കടത്ത് സംഘത്തെപ്പറ്റി അധികൃതർക്ക് വിവരം ലഭിക്കുന്നത്. ഇവരിൽ നിന്ന് രണ്ട് മോട്ടോർ സൈക്കിൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, വ്യാജ ആധാർ കാർഡുകൾ, ലാപ്ടോപ്പ്, കാമറ, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പൊലീസ് കണ്ടെടുത്തു.
പ്രതികൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലൂടെ യുവതികളെ തെരഞ്ഞെടുക്കുന്ന കസ്റ്റമേഴ്സിന്റെ വൻ റാക്കറ്റ് പ്രവർത്തിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചിത്രങ്ങളിൽ കാണുന്ന യുവതികളെ പണം നൽകി ഇന്ത്യയിലേക്ക് വരുത്തുന്നതിന് പ്രതികൾ കമ്മീഷൻ കൈപ്പറ്റിയിരുന്നു.
വ്യാജ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അതിലൂടെയായിരുന്നു ഇവർ പണം കൈപ്പറ്റിയിരുന്നത്. ബംഗളൂരു, ഡൽഹി, കോൽക്കത്ത, മുംബൈ, അഹമ്മദാബാദ് അടക്കമുള്ള രാജ്യത്തിന്റെ വിവിധ നഗരങ്ങളിലേക്ക് ഇവർ യുവതികളെ കടത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്.
വ്യത്യസ്ത അപ്പാർട്ട്മെന്റുകളിൽ പരസ്പര പരിചയമില്ലാത്തവരെന്ന മട്ടിൽ താമസിച്ചുപോന്നിരുന്ന ഇവരുടെ കൈയിൽ വ്യാജ ആധാർ കാർഡും ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസും വരെ ഉണ്ടായിരുന്നു. 8,000 രൂപ കൈക്കൂലി നൽകി, വ്യാജ ആധാർ കാർഡ് കാണിച്ചാണ് ലൈസൻസ് സ്വന്തമാക്കിയതെന്ന് മൂവരും പൊലീസിന് മൊഴി നൽകിയിരിക്കുകയാണ്.
ഏജന്റുമാർ തിരഞ്ഞെടുത്ത ഓരോ സ്ത്രീക്കും പ്രതിദിന കമ്മീഷനായി 1.500 രൂപ വീതമാണ് ലഭിച്ചിരുന്നത്. കൊൽക്കത്ത, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളെയും ഇവർ ലൈഗികത്തൊഴിലിനായി ഉപയോഗിച്ചതായി പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.