റാന്നിയിലെ സി.ഐ.ടി.യു പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നുപേര്‍ കസ്റ്റഡിയില്‍, അഞ്ച് പേർ ഒളിവിൽ
text_fieldsറാന്നി: റാന്നി പെരുനാട്ടിലെ സി.ഐ.ടി.യു പ്രവര്‍ത്തകൻ ജിതിന്‍റെ കൊലപാതകത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഖില്‍, ശാരോണ്‍, ആരോമല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ആകെ എട്ടു പ്രതികളാണ് ഉള്ളത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍, എന്നിവരാണ് മറ്റു പ്രതികള്‍. ഇവർ ഒളിവിലാണ്. കൊല്ലപ്പെട്ട ജിതിനൊപ്പമുണ്ടായിരുന്ന അനന്തുവിനെ പ്രതികള്‍ ആക്രമിച്ച സമയത്ത് തടസം നില്‍ക്കാനെത്തിയപ്പോഴാണ് ജിതിനെ ആക്രമിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
കൊലക്ക് പിന്നില്‍ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ഞായറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് സി.ഐ.ടി.യു പ്രവര്‍ത്തകനായ ജിതിന്‍ (36) കുത്തേറ്റ് കൊല്ലപ്പെട്ടത്. ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഠത്തുംമൂഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ നേരത്തെ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ തര്‍ക്കം ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം ജിതിന്റെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ബൈക്കിന്റെ ലൈറ്റ് ഡിം ചെയ്യാത്തതുമായി ബന്ധപ്പെട്ട് ജിതിനും പ്രതികളും തമ്മില്‍ മുമ്പ് തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ കൊലപാതകത്തിലേക്ക് നയിക്കാനിടയായ സംഘര്‍ഷത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.