മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ചികിത്സ സഹായ ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; മൂന്ന് ഡോക്ടർമാർക്കെതിരെ കേസ്
text_fieldsതാനെ: വ്യാജ ചികിത്സ രേഖകളും രോഗികളുടെ വിവരങ്ങളും സമർപിച്ച് മുഖ്യമന്ത്രിയുടെ ചികിത്സ സഹായ ഫണ്ടിൽ നിന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്ത് മൂന്ന് ഡോക്ടർമാർക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായുള്ളതാണ് ഈ ഫണ്ടെന്ന് അധികൃതർ അറിയിച്ചു.
അന്വേഷണം എക്ക്ണോമിക് ഒഫൻസ് വിഭാഗത്തിന് കൈമാറി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 420 (വഞ്ചന), 406 (ക്രിമിനൽ വിശ്വാസ വഞ്ചന), 471 (വ്യാജ രേഖകൾ യഥാർഥമായി ഉപയോഗിക്കുന്നത്), മറ്റ് പ്രസക്തമായ വ്യവസ്ഥകൾ എന്നിവ പ്രകാരം ഏപ്രിൽ 17 ന് ഖഡക്പാഡ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 2023 മേയ് മുതൽ ജൂലൈ വരെയുള്ള സമയത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
13 രോഗികളുടെ ചികിത്സ രേഖകൾ വ്യാജമായി സമർപ്പിച്ചാണ് പ്രതികളായ ഡോ. അനുദുർഗ് ധോൺ (45), ഡോ. പ്രദീപ് ബാപ്പു പാട്ടീൽ (41), ഡോ. ഈശ്വർ പവാർ എന്നിവർ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇതിനായി ശസ്ത്രക്രിയകളുടെയും ചികിത്സയുടെയും രേഖകൾ ഉൾപ്പെടെയുള്ള മെഡിക്കൽ രേഖകൾ വ്യാജമായി നിർമിച്ചു.
2023 ജൂലൈ 11 ന് രണ്ട് പ്രധാന കേസുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് തട്ടിപ്പ് പുറത്ത് വന്നത്. അരവിന്ദ് സോൾഖി എന്നയാളുടെ മസ്തിഷ്ക രോഗത്തിനുള്ള ചികിത്സക്കായി 3.7 ലക്ഷം രൂപയും സമാനമായി ഭഗവാൻ ഭദാനെ എന്നയാളുടെ ചികിത്സക്കായി 3.1 ലക്ഷം രൂപയും അനുവദിച്ച രണ്ട് പ്രധാന കേസുകളിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തുവന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അപേക്ഷകളിൽ പരാമർശിച്ചിരിക്കുന്ന ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായ ആശുപത്രികളിലാണ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അന്വേഷണങ്ങൾ തെളിയിച്ചു.കുറ്റക്കാർക്കെതിരെ സാധ്യമായ ഏറ്റവും കർശനമായ നടപടി സ്വീകരിക്കുമെന്ന് രാമേശ്വർ നായിക് പറഞ്ഞു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.