ഡൽഹിയിൽ അന്യമതക്കാരിയായ പെൺകുട്ടിയെ പ്രണയിച്ച ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്
text_fieldsന്യൂഡൽഹി: മറ്റൊരു മതത്തിൽ പെട്ട പെൺകുട്ടിയെ പ്രണയിച്ചതിന് ഡൽഹിയിൽ ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ഡൽഹി കോടതി. തടവിനൊപ്പം മൂന്നു പ്രതികളും 50,000 രൂപ പിഴയടക്കുകയും വേണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായ വിശാൽ ഗോസെയ്ൻ, റെബേക്ക മാമ്മൻ ജോൺ എന്നിവരാണ് ഹാജരായത്. 2018ലായിരുന്നു സംഭവം. മുസ്‍ലിമായ പെൺകുട്ടിയെ പ്രണയിച്ചതിനെ തുടർന്നാണ് 23കാരനായ അങ്കിത് സക്സേനക്ക് ജീവൻ നഷ്ടപ്പെട്ടത്.
കഴിഞ്ഞ ഡിസംബറിൽ അങ്കിതിന്റെ പെൺസുഹൃത്തായ ഷെഹ്സാദിയുടെ മാതാപിതാക്കളായ അക്ബർ അലി, ഷഹ്നാസ് ബീഗം എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മാവൻ മുഹമ്മസ് സലീം ആണ് മറ്റൊരു പ്രതി. അങ്കിതുമായുള്ള മകളുടെ ബന്ധത്തിന് എതിരായിരുന്നു കുടുംബം. പ്രണയത്തിൽ നിന്ന് പിൻമാറാൻ അങ്കിതിൽ പെൺകുട്ടിയുടെ കുടുംബം പലതവണ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ പിൻമാറാൻ ഇരുവരും ഒരുക്കമായിരുന്നില്ല. ഇതുസംബന്ധമായുള്ള വാഗ്തർക്കത്തിനൊടുവിൽ
കത്തിക്കുത്തേറ്റാണ് അങ്കിത് മരിച്ചത്. ഡൽഹിയെ നടുക്കിയ കൊലപാതകമായിരുന്നു ഇത്. അങ്കിതിന്റെ കുടുംബത്തിന് നീതിയുറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു.
പ്രതികളുടെ പ്രായവും കുറ്റകൃത്യമില്ലാത്ത പശ്ചാത്തലവും പരിഗണിച്ചാണ് കോടതി ശിക്ഷ ജീവപര്യന്തമായി മാറ്റിയത്. പിഴത്തുക അങ്കിതിന്റെ കുടുംബത്തിന് കൈമാറും. മറ്റൊരു മതക്കാരിയുമായുള്ള പ്രണയം കാരണമാണ് കൊലപാതകം നടന്നതെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കൃത്യമായി കഴിഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.