സ്വാമി ചമഞ്ഞ് വ്യാജ സഹകരണ സംഘത്തിൽ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ സംഭവം; ഒരാൾകൂടി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: വ്യാജ സഹകരണ സംഘത്തിൽ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കോട്ടയം സ്വദേശി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ (60) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂർ സ്വദേശിയുടെ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
വെള്ളറടയിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന ബയോ ടെക്‌നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലി നൽകാമെന്ന വ്യാജേനെ കടയ്ക്കാവൂർ സ്വദേശിയിൽ നിന്ന് 30 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതി വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തപസ്യാനന്ദ ഇടനിലക്കാരനായാണ് പണം വാങ്ങിയത്. സ്വാമി ചമഞ്ഞായിരുന്നു ഇയാൾ യുവാക്കളെ വലയിലാക്കിയിരുന്നത്. തിരുവനന്തപുരത്ത് സ്ഥിര താമസമാക്കിയ ഇയാൾ കേസുകൾ വന്നതോടെ ആദ്യം കർണാടകയിലേക്കും തുടർന്ന് വയനാട്ടിലേക്കും കടക്കുകയായിരുന്നു.
പണം തിരികെക്കിട്ടാതെയായപ്പോൾ ഇയാൾ ഇടപെട്ട് പണമോ ജോലിയോ നൽകാമെന്നു പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിലെ ഉദ്യോഗാർഥികളിൽനിന്ന് ഇത്തരത്തിൽ പണം തട്ടിയെടുത്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് സി.ഐ. രാജ്കുമാർ പറഞ്ഞു. മധുര, എറണാകുളം എന്നിവിടങ്ങളിലും ഇയാളുടെ പേരിൽ സമാന കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.