30 ലക്ഷത്തിന്‍റെ മയക്കുമരുന്ന് പിടികൂടി; നാലുപേർ അറസ്റ്റിൽ
text_fieldsവർക്കല: ബസിൽ കടത്തിക്കൊണ്ടുവന്ന 30 ലക്ഷത്തിലധികം രൂപയുടെ മയക്കുമരുന്നുമായി നാലു പേർ അറസ്റ്റിൽ. മടവൂർ ഞാറയിൽക്കോണം കരിമ്പുവിള അമ്പിളിമുക്ക് കുന്നിൽ വീട്ടിൽ റിയാദ് (28), നാവായിക്കുളം ഞാറായിൽക്കോണം കരിമ്പുവിള ചരുവിള പുത്തൻവീട്ടിൽ അർഷാദ് (26), പൂന്തുറ മാണിക്യവിളാകം പുതുവൽ ഹൗസിൽ മുഹമ്മദ് ഹനീഫ (38), പെരുമാതുറ കൊട്ടാരംതുരുത്ത് അംഗതിൽ പത്തുവീട്ടിൽ ഷാഹിൻ (25) എന്നിവരാണ് പിടിയിലായത്.
96.20ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ജില്ല അതിർത്തിയായ ഇടവയിലാണ് മാരക മയക്കുമരുന്ന് കടത്ത് സംഘം ഡിസ്ട്രിക്റ്റ് ആന്റിനാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിന്‍റെ പിടിയിലായത്.
ബംഗളൂരുവിൽനിന്ന് വോൾവോ ബസിൽ മയക്കുമരുന്നുമായി കൊല്ലത്തിറങ്ങിയ സംഘം ദേശീയപാതയിലെ വൻ പൊലീസ് സാന്നിധ്യം ഭയന്ന് യാത്ര തീരദേശ റോഡിലേക്ക് മാറ്റി. തുടർന്ന് സർവിസ് ബസിലാണ് സംഘം ഇടവ ഭാഗത്തെത്തിയത്. സൈബർ പൊലീസിന്‍റെ സഹായത്തോടെ ഇവരെ ഡാൻസാഫ് ടീം പിന്തുടരുകയായിരുന്നു.
ഇടവയിൽ നിർത്തിയ ബസിൽനിന്നും പുറത്തിറങ്ങിയ നാൽവർസംഘം തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ കയറിയിരുന്നു. ഇവിടെവെച്ചായിരുന്നു അറസ്റ്റ്. റൂറൽ എസ്.പി, അഡീഷനൽ എസ്.പി എം.കെ. സുൽഫിക്കർ,നാർകോട്ടിക് സെൽ ഡിവൈ.എസ്.പി രാസിത്ത്, വർക്കല ഡിവൈ.എസ്.പി പി. നിയാസ് എന്നിവരുടെ മേൽനോട്ടത്തിൽ ഡാൻസാഫ് ടീമിലെ എസ്.ഐമാരായ ഫിറോസ് ഖാൻ, ബിജു ഹഖ്,എ.എസ്.ഐമാരായ ബിജുകുമാർ, ദിലീബ്, ടീം അംഗങ്ങളായ അനൂപ്, സുനിൽ രാജ്, വിനീഷ്, ഷിജു എന്നിവർ ചേർന്നാണ് മയക്കുമരുന്നുൾപ്പെടെ സംഘത്തെ പിടികൂടിയത്.
അയിരൂർ പൊലീസ് ഇൻസ്പെക്ടർ ജയസനിൽ, എസ്.ഐ സജിത്ത് എന്നിവരും സംഘവും ചേർന്ന് തുടർനടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.