മിനിലോറിയിൽ കടത്ത്, 30 ലക്ഷത്തിെൻറ പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsതിരുവല്ല: മിനിലോറിയിൽ കടത്തുകയായിരുന്ന 30 ലക്ഷം വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി മംഗലാപുരം സ്വദേശികളായ രണ്ടുപേർ പിടിയിൽ. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി അടങ്ങുന്ന ഡാൻസാഫ് സംഘവും പുളിക്കീഴ് പൊലീസും ചേർന്ന് ശനിയാഴ്ച പുലർച്ച നാലോടെ പൊടിയാടിയിൽനിന്നുമാണ് വൻ തോതിലുള്ള പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
ലോറി ഓടിച്ചിരുന്ന മംഗലാപുരം ബെഗ്രേ കസബയിൽ എം.ജെ.എം സ്ട്രീറ്റിൽ റഫീഖ് മുഹമ്മദ് ത്വാഹ, സഹായി സംഗബേട്ട് കൽക്കുരി വീട്ടിൽ സിറാജുദ്ദീൻ എന്നിവരാണ് പിടിയിലായത്. 65 ചാക്കിലായി നിറച്ച നിലയിലായിരുന്ന നാൽപത്തി ഒമ്പതിനായിരത്തോളം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. കെട്ടിട നിർമാണ സാമഗ്രികൾ എന്ന വ്യാജേനെ പലകകൾക്ക് അടിയിൽ കറുത്ത ടാർപാളിൽ ഉപയോഗിച്ച് മൂടിയ നിലയിലാണ് വാഹനത്തിൽ ഒളിപ്പിച്ചിരുന്നത്. കർണാടകയിൽനിന്ന് കടത്തിക്കൊണ്ടുവന്ന പുകയില ഉൽപന്നങ്ങൾ പത്തനംതിട്ടയിലെ ഇലവുംതിട്ടയിലേക്ക് കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ, ഡാൻസാഫ് എസ്.ഐ അജി വിൽസൺ, എ.എസ്.ഐ അജി കുമാർ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.