വീട്ടുകാർ വിനോദയാത്ര പോയ സമയത്ത് 33 പവൻ സ്വർണവും പണവും കവർന്നു
text_fieldsപെരിന്തൽമണ്ണ: വീട്ടുകാർ ഊട്ടിയിലേക്ക് വിനോദയാത്ര പോയി തിരിച്ചെത്തിയപ്പോഴേക്കും വീട് കുത്തിത്തുറന്ന് 33 പവൻ സ്വർണവും 5000 രൂപയും വാച്ചുകളും മോഷ്ടിച്ചു. പെരിന്തൽമണ്ണ അമ്മിനിക്കാട് അങ്ങാടിക്ക് സമീപം ആലങ്ങാടൻ അഷ്റഫിന്‍റെ വീട്ടിലാണ് മോഷണം. കിടപ്പുമുറിയിൽ ചുമരിലെ അലമാരയിൽ പഴയ വസ്ത്രങ്ങളും മറ്റും വെച്ചിരുന്നതിനടിയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കളവ് പോയത്. ഞായറാഴ്ച ഉച്ചക്ക് 12ഓടെയാണ് അഷ്റഫും ഭാര്യയും രണ്ട് മക്കളും ഊട്ടിയിലേക്ക് പോയത്.
തിങ്കളാഴ്ച രാത്രി 11നാണ് തിരിച്ചെത്തിയത്. വീടിന് മുൻവശത്തെ ഇരട്ടപ്പൊളി വാതിലിന്‍റെ ലോക്ക് കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. 35 പവനാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഓരോ പവൻ വീതമുള്ള രണ്ട് സ്വർണനാണയങ്ങൾ അലമാരക്ക് ഇടയിൽ നിന്ന് പിന്നീട് പൊലീസ് കണ്ടെടുത്തു. നഷ്ടപ്പെട്ടതിൽ 15 പവൻ മൂന്നാഴ്ച മുമ്പ് വാങ്ങിയതാണെന്ന് വീട്ടുകാർ പറഞ്ഞു. അബൂദബിയിൽ ജോലി ചെയ്യുന്ന അഷ്റഫും മകനും മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
വീടിന് സമീപത്ത് രാത്രി വൈകിയും പ്രവർത്തിക്കുന്ന കോഫി ഹൗസും അൽപം മാറി വീടുകളുമുണ്ട്. പെരിന്തൽമണ്ണ പൊലീസ് വീടും പരിസരവും പരിശോധിച്ചു. ഡിവൈ.എസ്.പി പി.എം. സന്തോഷ് കുമാർ, സി.ഐ സുനിൽ പുളിക്കൽ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ മണംപിടിച്ച് വീടിന് അൽപം മാറി നിർമാണം നടക്കുന്ന കെട്ടിടത്തിൽ പോയി നിന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ച് വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.