കല്ലൂരാവിയില്‍ വന്‍ മോഷണം; 37 പവനും കാൽ ലക്ഷവും കവർന്നു
text_fieldsകാഞ്ഞങ്ങാട്: കല്ലൂരാവിയിലെ വീട്ടിൽ വന്‍ മോഷണം. 37 പവനും കാൽ ലക്ഷം രൂപയും നഷ്ടപ്പെട്ടു. കല്ലൂരാവിയിലെ കെ.എച്ച്. മുഹമ്മദ് അലിയുടെ വീട്ടിലാണ് മോഷണം നടന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷ്ടിച്ചത്. രാവിലെ പത്ത് മണിയോടെയാണ് വീട്ടുകാര്‍ മോഷണം നടന്ന വിവരമറിയുന്നത്. അയൽവാസിക്ക് പണത്തിെൻറ ആവശ്യത്തിനായി അലമാര തുറന്നപ്പോഴാണ് മോഷണ വിവരം മനസ്സിലായത്. വീട്ടിെൻറ പിന്‍വശത്തുള്ള വാതില്‍ തുറന്നിട്ട നിലയില്‍ കാണപ്പെട്ടു. വീട്ടിലെ താഴത്തെ നിലയിൽ, അലിയുടെ മകൾ കിടന്ന റൂമിലാണ് മോഷണം നടന്നത്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സി.ഐ കെ.പി. ഷൈൻ, എസ്.ഐമാരായ ശ്രീശൻ, കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ വീട് പരിശോധിച്ചു. ഞായറാഴ്ച രാത്രി 10.30നും തിങ്കളാഴ്ച പുലർച്ച മൂന്നിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. ഫോറൻസിക്-ഡോഗ് സ്ക്വാഡ് പരിശോധനയും നടന്നു.
ഞെട്ടലിൽ വീട്ടുകാർ
കാഞ്ഞങ്ങാട്: വലിയൊരു മോഷണം നടന്നതിെൻറ ഞെട്ടലിലാണ് അലിയുടെ വീട്ടുകാരും പരിസരവാസികളും. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് വീട്ടുകാർ മോഷണ വിവരമറിയുന്നത്. അയൽവാസി രാവിലെ പണം വായ്പക്ക് ചോദിച്ചുവന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. അലമാര തുറന്നുനോക്കിയപ്പോൾ പണവും സ്വർണവും കാണാതായതോടെ വീട്ടുകാർക്ക് പരിഭ്രാന്തിയായി.
സാധാരണ മോഷണം നടക്കുന്ന സ്ഥലത്തെ, വീട് കുത്തിപ്പൊളിക്കുന്ന രീതിയോ അലമാര കുത്തിപ്പൊളിക്കുന്ന മോഷണ രീതിയോ അലിയുടെ വീട്ടിലെ മോഷണത്തിൽ കാണാൻ കഴിയില്ല. വീടിെൻറ വാതിലിലോ ചുമരിലോ അലമാരയിലോ മോഷണ ശ്രമത്തിെൻറ കേടുപാടുകൾ ഒന്നും തന്നെയില്ല. വീട്ടുകാരെയും കുടുംബക്കാരെയും നന്നായി അറിയുന്ന ആൾ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് അലിയുടെ ബന്ധുക്കൾ പറയുന്നു.
2018ൽ 130 പവൻ; എങ്ങുമെത്താതെ അന്വേഷണം
കാഞ്ഞങ്ങാട്: തീരപ്രദേശമായ കുശാൽ നഗറിലെ ഒരു വീട്ടിൽനിന്ന് 130 പവനും 35,000 രൂപയും കവർന്നത് 2018 ആഗസ്റ്റിലായിരുന്നു. കുശാൽ നഗർ പോളിടെക്നിക്കിന് പടിഞ്ഞാറുവശത്തെ എം.പി. സലീമിൻെറ വീട്ടിലാണ് മോഷണം നടന്നത്. ഹോസ്ദുർഗ് പൊലീസിൽ വീട്ടുകാർ അന്നുതന്നെ പരാതി നൽകിയെങ്കിലും മൂന്നര വർഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വീട്ടുടമയായ സലീം ശനിയാഴ്ച രാത്രി 11നുശേഷം ഭാര്യവീട്ടിൽ പോയിരുന്നു. വീട്ടിലുണ്ടായിരുന്ന മാതാവ് തൈക്കടപ്പുറത്തെ മകളുടെ വീട്ടിലും പോയിരുന്നു. ഈ സമയത്ത് കവർച്ച നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. വീടിെൻറ വാതിൽ തുറക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് പിറകുവശത്തുകൂടി നോക്കിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. അടുക്കള വാതിൽ കുത്തിത്തുറന്നശേഷം കമ്പിപ്പാര കൊണ്ട് കിടപ്പുമുറിയിലെ ലോക്കർ കുത്തിത്തുറന്നാണ് സ്വർണവും പണവും മോഷ്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.