4000 കിലോ ഹഷീഷ് 'മാങ്ങാ ചട്ണി' ആയി കടത്താൻ ശ്രമിച്ചു; 37വർഷത്തിനുശേഷം 20 വർഷം തടവ്
text_fieldsന്യൂഡൽഹി: ‘മാങ്ങാ ചട്ണി’ ആയി ലണ്ടനിലേക്ക് കയറ്റുമതി ചെയ്യാൻ ഡ്രമ്മുകളിൽ ഒളിപ്പിച്ച 4,000 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയ 37 വർഷം മുമ്പത്തെ കേസിൽ 65കാരന് 20 വർഷം തടവ്. മുംബൈയിലെ പ്രത്യേക കോടതി തിങ്കളാഴ്ചയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. മുംബൈ സാന്താക്രൂസ് സ്വദേശിയായ നിതിൻ ഖിംജി ഭാനുശാലി എന്നയാൾ ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിന്റെ മറവിൽ നിരോധിത വസ്തുവായ ഹഷീഷ് കടത്തുന്ന റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിച്ചതായി കോടതി പറഞ്ഞു. തടവിനു പുറമെ ഭാനുശാലി 10 ലക്ഷം രൂപ പിഴയടക്കാനും കോടതി നിർദേശിച്ചു.
1987ലെ ഈ കേസ്, എൻ.ഡി.പി.എസ് നിയമം നിലവിൽ വന്ന് രണ്ട് വർഷത്തിനു ശേഷം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ആണ് അന്വേഷിച്ചത്. ഉത്തർപ്രദേശിലെ രാംപൂർ ജില്ലാ ജയിലിൽ മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ഭാനുശാലിയെ ഈ കേസിൽ വിചാരണ നേരിടുന്നതിനായി 2018 ൽ മുംബൈയിലേക്ക് കൊണ്ടുവരികയുണ്ടായി.
ഇന്ത്യയിൽ നിന്ന് ഹഷീഷ് കയറ്റുമതി ചെയ്യാൻ ഗൂഢാലോചന നടത്തിയതായും നഗരത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ വിക്രോളിയിലെ ഗോഡൗണിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതായും വിവരം ലഭിച്ചതായി ഡി.ആർ.ഐ അവകാശപ്പെട്ടു.
1987 ജൂലൈ 1ന് ഏജൻസി വെയർഹൗസ് നിരീക്ഷിക്കാൻ തുടങ്ങി. വിവരം ചോർന്നതായി പ്രതികൾ കണ്ടെത്തുകയും നടപടി ഭയന്ന് ആരും വെയർഹൗസിലേക്ക് എത്തിയില്ലെന്നും പറയുന്നു. തുടർന്ന് ഡി.ആർ.ഐ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ 550 പ്ലാസ്റ്റിക് ഡ്രമ്മുകൾ സൂക്ഷിച്ച നിലയിൽ ഹഷീഷ് കണ്ടെത്തി. ഡ്രമ്മുകൾ 50 എണ്ണം കാലിയായിരുന്നു. ബാക്കിയുള്ളവയിൽ മാങ്ങാ ചട്ണി നിറച്ചിരുന്നു. അതിലെ 194 ഡ്രമ്മുകൾക്കകത്തായി മയക്കുമരുന്ന് പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ഈ പാക്കറ്റുകളിൽ ഇരുണ്ട തവിട്ടുനിറത്തിലുള്ള പദാർത്ഥം കണ്ടെത്തി. അത് പിന്നീട് ഹഷീഷ് ആണെന്നും തെളിഞ്ഞു.
ഇന്ത്യയിൽ 2.6 കോടിയും വിദേശത്ത് 40 കോടിയും വിലമതിക്കുന്ന 4,365 കിലോ ഹഷീഷ് അവിടെ നിന്ന് ഡി.ആർ.ഐ പിടിച്ചെടുത്തു. ഡ്രമ്മിനുമേൽ ‘സ്വീറ്റ് സ്ലൈസ്ഡ് മാമ്പഴ ചട്ണി’ എന്ന ഒരു സ്റ്റിക്കർ ഒട്ടിച്ചിരുന്നു. ‘ശിവം ഫുഡ് പ്രൊഡക്‌ട്‌സ്’ എന്ന കമ്പനിയുടെ പേരിനൊപ്പമായിരുന്നു അത്. എന്നാൽ, അങ്ങനെയൊരു കമ്പനി നിലവിലില്ലെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു. അറസ്‌റ്റിലായവരിൽ ഗോഡൗണിന്റെ ഉടമയും ഡ്രൈവർമാരും ‘ചട്‌ണി’ വിതരണം ചെയ്‌തവരും ഉൾപ്പെടുന്നു.
ഭാനുശാലിക്ക് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജേന്ദ്ര മിശ്ര പരമാവധി ശിക്ഷയായ വധശിക്ഷയാണ് ആവശ്യപ്പെട്ടത്. വീൽചെയറിലിരുന്ന് ശിക്ഷാവിധി കേട്ട ഭാനുശാലി നിരവധി അസുഖങ്ങളുണ്ടെന്നും തനിയെ നടക്കാനോ ജോലികൾ ചെയ്യാനോ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇളവ് ആവശ്യപ്പെട്ടു.
മയക്കുമരുന്നിനോടുള്ള ആസക്തി സമൂഹത്തിൽ വ്യാപകമായി പടരുന്നുണ്ടെന്നും യുവതലമുറ ഇതിന് ഇരയാകുന്നുവെന്നും പ്രത്യേക ജഡ്ജി എസ്.ഇ ബംഗാർ ശിക്ഷാവിധിക്കൊപ്പം നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.